ബ്രിട്ടിഷ് മുൻ ഉപപ്രധാനമന്ത്രി ജോൺ പ്രെസ്കോട്ട് അന്തരിച്ചു
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് മുൻ ഉപപ്രധാനമന്ത്രി ജോൺ പ്രെസ്കോട്ട് (86) അന്തരിച്ചു. ലേബർ പാർട്ടി നേതാവ് ടോണി ബ്ലെയർ പ്രധാനമന്ത്രിയായിരിക്കെ (1997–2007) ഉപപ്രധാനമന്ത്രിയായിരുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ പ്രെസ്കോട്ട് തന്റെ തൊഴിലാളി വർഗ പശ്ചാത്തലത്തിൽ അഭിമാനിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച 1997 ലെ ക്യോട്ടോ ഉടമ്പടി തയാറാക്കുന്നതിൽ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് അൽ ഗോറിനൊപ്പം പ്രശംസനീയമായ പങ്കുവഹിച്ചു.
2 ജാഗ്വർ വണ്ടികൾ സ്വന്തമായുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് ‘ടു ജാഗ്സ്’ എന്ന വിളിപ്പേരുണ്ടായിരുന്നു. ചെറുപ്പത്തിൽ ബോക്സർ ആയിരുന്ന പ്രെസ്കോട്ട് 2001 ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തനിക്കു നേരെ മുട്ടയെറിഞ്ഞയാളെ ഇടിച്ച സംഭവമുണ്ടായി. ഇതോടെ ‘ടു ജാബ്സ്’ എന്ന വിളിപ്പേരും കിട്ടി. യുഎസിനൊപ്പം ചേർന്ന് 2003 ൽ നടത്തിയ ഇറാഖ് അധിനിവേശം തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ പ്രെസ്കോട്ട് അത്തരമൊരു ‘ദാരുണ തീരുമാനം’ എടുക്കേണ്ടിവന്നതിന്റെ പാപഭാരത്തോടെയായിരിക്കും തന്റെ ശിഷ്ടകാല ജീവിതമെന്നും പറഞ്ഞതു ശ്രദ്ധേയമായിരുന്നു. ഇറാഖ് അധിനിവേശത്തിന് കാരണക്കാരൻ ടോണി ബ്ലെയർ ആയിരുന്നുവെന്നാണ് സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ ജോൺ ചിൽക്കോട്ട് കമ്മിഷൻ കണ്ടെത്തിയത്.