നിയമവാഴ്ച ഉറപ്പുനൽകി, ആഡംബരം ഒഴിവാക്കി അനുര പാർലമെന്റിൽ
Mail This Article
കൊളംബോ ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാഷനൽ പീപ്പിൾസ് പവർ സഖ്യം (എൻപിപി) നേടിയ ഉജ്വലവിജയത്തിലും മതിമറക്കാതെ, ആഡംബരങ്ങൾ ഒഴിവാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിനെ അഭിസംബോധന ചെയ്യാനെത്തി. വൻ വിജയത്തിനു ശേഷം ആദ്യ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയതു വാഹനവ്യൂഹത്തിന്റെയും ആഘോഷങ്ങളുടെയും അകമ്പടിയില്ലാതെയാണ്. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ആവർത്തിച്ച അദ്ദേഹം, നിയമവാഴ്ച ഉറപ്പുവരുത്തുമെന്നും പ്രഖ്യാപിച്ചു. സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്ന ദുഷ്കരാവസ്ഥ സൂചിപ്പിച്ചുകൊണ്ട്, രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പദ്ധതി തുടരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. കൂടുതൽ സഹായം ഉടനെ ലഭ്യമാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. അശോക രൺവാലയെ സ്പീക്കറായും റിസ്‌വി സാലിഹിനെ ഡപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുത്തു.