പ്രതികരിക്കാനാവാതെ
Mail This Article
‘എന്തിനും ഏതിനും പ്രതികരിക്കുന്ന മലയാളി’ എന്ന് ഗംഗ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ഞാൻ സംശയിച്ചു – മലയാളിക്ക് പ്രതികരണ ശേഷി കൂടുതലാണോ ? അങ്ങനെയാണെങ്കിൽ തീരെ പ്രതികരണശേഷി ഇല്ലാത്ത മലയാളികളുണ്ടെന്നും അതിലൊന്ന് ഞാനാണെന്നും പറയേണ്ടി വരും. (അതോ ഇനി ഞാൻ മലയാളി അല്ലേ ?) പ്രതികരിക്കേണ്ട പല സന്ദർഭങ്ങളിലും ഞാൻ നിസ്സഹായയായി നിന്നു പോകാറുണ്ട്.
നമ്മുടേതല്ലാത്ത തെറ്റുകൾക്ക് കുറ്റപ്പെടുത്തലുകളും ശകാരവർഷങ്ങളും നേരിടേണ്ടി വരുമ്പോൾ നമുക്ക് വല്ലാതെ ദേഷ്യം വരും. ചില സാഹചര്യങ്ങളിൽ അതു പ്രകടിപ്പിക്കാൻ കഴിയാതെ വരും. അത് സപ്രസ് ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെപോലും ബാധിക്കും. -ഇത് ചന്ദ്രലേഖയുടെ വാക്കുകളാണ്.
‘അപ്പോൾ ഞാൻ എന്താ ചെയ്യുക എന്നറിയാമോ ദേവിച്ചേച്ചി?’ അവൾ പറഞ്ഞു.
അവളുടെ മേലുദ്യോഗസ്ഥൻ ഒരു ‘മൂശേട്ടയാണ്’. നേരത്തേ ജോലിയിൽ കയറിയതുകൊണ്ടും പ്രായക്കൂടുതൽ കൊണ്ടും അയാൾ സീനിയർ ആയി എന്നേയുള്ളു. അവളുടെ അറിവോ പഠിപ്പോ കഴിവുകളോ അയാൾക്കില്ല. എന്നാലും അവൾ എഴുതുന്ന ഫയലുകളിൽ വെട്ടിത്തിരുത്തുക അയാളുടെ പതിവാണ്. ഒരു തരം കോംപ്ലക്സ്. അവളുടെ തെറ്റില്ലാത്ത ഭംഗിയുള്ള ഇംഗ്ലിഷിന് പകരം വ്യാകരണത്തെറ്റും അർഥവ്യത്യാസവുമുള്ള ഒരു മോശം ഭാഷയിലാവും അയാളുടെ നോട്ട്സ്.
‘എങ്ങനെ കലി വരാതിരിക്കും ? മേലധികാരിയല്ലേ, ഓഫിസറല്ലേ, എന്തെങ്കിലും പറയാനൊക്കുമോ ?’ അവൾ തുടരുന്നു.
‘എനിക്കാണെങ്കിൽ പ്രതികരിക്കാതെ വയ്യ.’
കേട്ടിരുന്ന എന്റെ മുഖം അദ്‌ഭുതം കൊണ്ട് വികസിച്ചു എന്നു പറയേണ്ടതില്ലല്ലോ. കാരണം ഔദ്യോഗിക ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങൾ പലപ്പോഴും നേരിടുന്നയാളാണ് അന്ന് ഞാനും.
‘തിരികെ സീറ്റിൽ വന്നിരുന്ന് ഒരു പേപ്പറെടുത്ത്, ‘ഐ വിൽ കിൽ യു’ എന്ന് ദേഷ്യം തീരുന്നതു വരെ എഴുതി, ചുരുട്ടിക്കൂട്ടി വേസ്റ്റ് കൂടയിലിടും.’
അവൾ പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചുപോയി.
നല്ല ഐഡിയ ! അയാളുമായി വഴക്കിട്ടതുമില്ല, എന്നാൽ പത്തു ചീത്ത പറഞ്ഞതിന്റെ സംതൃപ്തി അവൾക്കു കിട്ടുകയും ചെയ്തു.
വളരെ സൗമ്യശീലനായിരുന്നു, എന്റെ അച്ഛൻ. ആര് മോശമായി പെരുമാറിയാലും ദേഷ്യപ്പെടുകയോ ശണ്ഠ കൂടുകയോ ഇല്ല. പക്ഷേ സ്വയം വിശദീകരിച്ചുകൊണ്ട് എതിർകക്ഷിക്കൊരു കത്തെഴുതും. ഈ കത്ത് മിക്കപ്പോഴും ഉദ്ദേശിച്ച ഫലമല്ല ഉണ്ടാക്കുന്നത്. പലർക്കും വിദ്വേഷമുണ്ടാകാനും അകൽച്ച വരാനും ഈ കത്തെഴുതിയുള്ള പ്രതികരണം ഇടയാക്കിയിട്ടുണ്ട്. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് കേട്ടിട്ടില്ലേ ? ഇഷ്ടംപോലെ ചീത്ത പറഞ്ഞ് കത്തെഴുതിക്കൊള്ളൂ. അങ്ങനെ പ്രതികരണം സാധ്യമായി. പക്ഷേ പോസ്റ്റ് ചെയ്യരുത്.. അപ്പോൾ ആർക്കും വിരോധം ഉണ്ടാവുകയുമില്ല. അച്ഛനോട് അത് പറഞ്ഞു കൊടുക്കാനുള്ള അറിവ് അന്നെനിക്കുണ്ടായിരുന്നില്ലല്ലോ.
ചെറുപ്പത്തിലേ വിവാഹമോചനം നേടിയ സുരഭി ഒരു പ്രണയബന്ധത്തിൽ പെട്ടു. അവളെ കുറ്റം പറയാനാവില്ല. മനുഷ്യനല്ലേ, മനസ്സല്ലേ? പക്ഷേ ആ ബന്ധം ഒരിക്കലും ശരിയാവില്ലന്ന് അവളുടെ വീട്ടുകാർക്കും ഞാനുൾപ്പെടെയുള്ള കൂട്ടുകാർക്കും ഉത്തമ ബോധ്യമുണ്ടായിരുന്നു. ക്രമേണ അവൾക്കും അത് തോന്നിത്തുടങ്ങി. അതിൽനിന്ന് പിന്മാറാൻ പക്ഷേ അവളുടെ മനസ്സ് സമ്മതിക്കുന്നില്ല. അപ്പോൾ ഞങ്ങളുടെ കൂട്ടുകാരിയായ സൈക്കോളജിസ്റ്റ് ഡോക്ടർ പൗർണമി അവളെ ഉപദേശിച്ചു. ഇനി തമ്മിൽ കാണരുത്. ഫോണിൽ വിളിക്കരുത്. കത്തെഴുത്തരുത്. ആദ്യം അൽപം ബുദ്ധിമുട്ട് തോന്നും. ‘ഔട്ട് ഓഫ് സൈറ്റ് ഔട്ട് ഓഫ് മൈൻഡ് എന്നല്ലേ ?’ സാധിക്കില്ല എന്ന് നിസ്സഹായയായി തലയാട്ടിയ സുരഭിയോട് പൗർണമി വീണ്ടും പറഞ്ഞു. ‘നിന്റെ മനസ്സിലുള്ളത് മുഴുവൻ എഴുതൂ. നിന്റെ പ്രണയം, സ്വപ്‌നങ്ങൾ, ആശ, നിരാശ, സങ്കടം, സന്തോഷം. പക്ഷേ അതാരെയും കാണിക്കരുത്. ക്രമേണ നിന്റെ മനസ്സ് തെളിയും.’
വളരെ പ്രായോഗികമായിരുന്നു നാശകരമായേക്കുമായിരുന്ന സ്വന്തം പ്രണയത്തോട് നെഗറ്റീവ് ആയി പ്രതികരിക്കുക എന്ന ആശയം. മനസ്സിൽ നിന്ന് വിട്ടു പോകാൻ കൂട്ടാക്കാത്ത അനുരാഗം അക്ഷരങ്ങളിലൂടെ പുറത്തേയ്ക്കൊഴുകിപ്പോയി.
പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കഴിയാത്തപ്പോൾ ബാത്ത് റൂമിൽ കയറി കതകടച്ചുനിന്ന് കരയുക എന്നത് ചിലരുടെ രീതിയാണ്. നിശബ്ദമായ പ്രതികരണം. ഒന്നിനും ആവാത്തപ്പോൾ ഇത് നല്ലതാണ്. കാർമേഘം പോലെ മനസ്സിൽ നിറയുന്ന ദേഷ്യവും സങ്കടവുമൊക്കെ കണ്ണീർ മഴയായി പെയ്തൊഴിയട്ടെ.
എന്റെയൊരു ചേച്ചി പൂജാമുറിയിൽ മണിക്കൂറുകൾ ചെലവഴിക്കും. എതിർക്കേണ്ട കാര്യങ്ങൾ ജീവിതത്തിലുണ്ടാവുന്നതിനോടുള്ള പ്രതികരണമാണ് അവരുടെ ഭക്തി എന്നെനിക്കു തോന്നിയിട്ടുണ്ട്. ഒന്നിനോടും പ്രതികരിക്കാനാവാതെ ഭക്തിയിൽ അഭയം തേടുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. ശ്രേഷ്ഠമായ ഒരു രീതി.
സ്കൂളിൽ പഠിക്കുന്ന ഒരു കുസൃതിയുടെ പ്രതികരണത്തെപ്പറ്റി അവൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ക്ലാസ്സിൽ ടീച്ചർ ശകാരിക്കുമ്പോൾ അവൻ മിണ്ടാതെ തല കുനിച്ചുനിൽക്കും. പിന്നെ ഇന്റെർവെല്ലിനോ ലഞ്ച് ബ്രേക്കിനോ പ്ലേ ഗ്രൗണ്ടിലേക്കോടും. അവിടെ ചാടുകയും ഓടുകയും ചെയ്യും. അപ്പോൾ. അവിടെ മറ്റാരെങ്കിലും ഫുട്‍ബോൾ കളിക്കുന്നുണ്ടെങ്കിൽ കൂടെ കൂടി ബോൾ ശക്തിയിൽ ഒന്നുരണ്ടു തവണ ആഞ്ഞടിക്കുകയും ചെയ്യും. പിന്നെ തിരികെ ക്ലാസ്സിൽ എത്തുമ്പോൾ ‘കംപ്ലീറ്റ്ലി റിലാക്സ്ഡ്.’ - അവൻ ചിരിക്കുന്നു. എത്ര ഹെൽത്തിയായ ഒരു പ്രതികരണം!
ജീവിതവും കാലവും സമൂഹവും പോരിന് വരുമ്പോൾ തോൽപിക്കുന്നത് അതി മനോഹരമായ ഒരു പ്രതികാരം കൊണ്ടാവണം. ‘എ ഗ്രേസ് ഫുൾ റിവഞ്ച്.’ ജീവിതം നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം. അങ്ങനെയാണ് ഞാൻ പ്രതികരിച്ചത്. കഥകളും ലേഖനങ്ങളും ധാരാളം എഴുതി. അവയിലൂടെ ഞാൻ പ്രതികരിച്ചു. എന്നെ ചതിക്കുകയും അധിക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്തവർക്കൊന്നും അതേ നാണയത്തിൽ ഞാൻ തിരിച്ചു കൊടുത്തിട്ടില്ല. ക്ഷമ അതായിരുന്നു എന്നും എന്റെ പ്രതികാരണോപാധി. അപ്പോൾ ജയിക്കുന്നത് ഞാൻ തന്നെയാണ്.
Content Summary: Web Column Kadhaillayimakal- Emotional reactions in certain situations