മിണ്ടുന്ന അമ്മു, മിണ്ടാത്ത അമ്മു!
Mail This Article
ഒറ്റക്കുട്ടിയെ ആറു പേരുള്ള ഒരു വീട്ടിലേക്ക് കല്യാണം കഴിച്ചയച്ചു. ആ വീട്ടിൽ ചെന്നപ്പോൾ അവിടെ അതേ പേരിൽ ഒരു ജോലിക്കാരി! ഒറ്റക്കുട്ടിയുടെ ചെല്ലപ്പേര് അമ്മു. ആ വീട്ടിലെ ജോലിക്കാരിയുടെ പേരും അമ്മു!
കല്യാണത്തിന്റെ തലേദിവസം അമ്മുവിനോട് അമ്മ പ്രഫ. മായക്കുട്ടി വിശ്വനാഥൻ പറഞ്ഞു: വലതുകാൽ വച്ച് കയറാൻ അവർ പറയുമ്പോൾ മോൾ റൈറ്റ് എന്ന് ഓർമിക്കണം.
മകൾ ചിരിച്ചു: എന്നെ ഡ്രൈവിങ് പഠിപ്പിക്കുമ്പോൾ അച്ഛൻ പറഞ്ഞു പഠിപ്പിച്ച വാചകമല്ലേ അത്! റൈറ്റ് ഈസ് റൈറ്റ്, ലെഫ്റ്റ് ഈസ് റോങ് ! ഞാൻ എപ്പോഴും അതോർക്കും.
എന്നിട്ട് നീ ഇടതു വശത്തൂടെ ഓവർടേക് ചെയ്യുന്നത് ഒരിക്കലും നിർത്തിയില്ലല്ലോ. അമ്മ എത്ര പറഞ്ഞിട്ടും അച്ഛൻ പാതിരാത്രിയിൽ വാട്സാപ്പ് നോക്കുന്നത് നിർത്തിയില്ലല്ലോ. പറയുക എന്നതാണ് പ്രധാനം. കേൾക്കുക എന്നത് ഒരു പ്രതീക്ഷ മാത്രമാണ്.
വിവാഹം കഴിഞ്ഞ് അമ്മു ഭർത്താവിന്റെ വീട്ടിലേക്കു ചെന്നിറങ്ങിയ നിമിഷം. നാലു പടികൾ കയറിയായിരുന്നു ആ വീടിന്റെ പൂമുഖത്തെത്തുക. പൂമുത്തോളെയും വരനെയും മുറ്റത്തു നിർത്തിയിട്ട് നിലവിളക്കുമായി നടയിറങ്ങി വന്ന ഭർത്താവിന്റെ അമ്മ സരസ്വതിക്കുഞ്ഞമ്മ നിലവിളിച്ചു: അമ്മു എവിടെ?
വധു പറഞ്ഞു: ഞാനിവിടെയുണ്ടമ്മേ !
വരൻ വധുവിന്റെ കാതിൽ അടക്കം പറഞ്ഞു: അത് വേറെ അമ്മു !
അടുക്കള ഭാഗത്തു നിന്ന് വെള്ളിക്കിണ്ടിയിൽ വെള്ളവുമായി ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു. വെള്ളം ഒരു തുള്ളി പോലും തുളുമ്പാതെ ശ്രദ്ധയോടെ കിണ്ടി സരസ്വതിക്കുഞ്ഞമ്മയ്ക്കു കൈമാറുന്നതും പിന്നെ സ്വീകരണമുറിയിൽ കൊണ്ടുവച്ച ചൂൽ പോലെ അവൾ ഒതുങ്ങി നിൽക്കുന്നതും വധു ശ്രദ്ധിച്ചു.
സിന്ദൂരച്ചെപ്പ് മറക്കരുതമ്മൂ, ബെഡ് റൂമിൽ പാലും പഴവും എടുത്തുവച്ചോളൂ അമ്മൂ... ഭർത്താവിന്റെ അമ്മ വീണ്ടും പലതും പറയുന്നു; അവൾ മറയുന്നു.
അന്നേരമാണ് ഭർത്താവിന്റെ വീട്ടിൽ വേറൊരു അമ്മു ഉണ്ടെന്ന് നമ്മുടെ അമ്മു ആദ്യമായി ശ്രദ്ധിച്ചത്. മറ്റൊരു കാര്യം കൂടി അവൾ ശ്രദ്ധിച്ചു. ആ അമ്മു ഒരു ചോദ്യത്തിനും ഉത്തരം പറയുന്നില്ല. ചെയ്യുന്നതേയുള്ളൂ.
വധു മനസ്സിൽ പറഞ്ഞു: ഞാൻ മിണ്ടുന്ന അമ്മു, അതു മിണ്ടാത്ത അമ്മു !
വിവാഹത്തിനു രണ്ടാഴ്ച മുമ്പ് കല്യാണച്ചെറുക്കൻ കാശിനാഥും അവന്റെ അച്ഛൻ സായിനാഥും അമ്മ സരസ്വതിക്കുഞ്ഞമ്മയും അനിയൻ ബോലോനാഥും അനിയത്തി താരാ നാഥും മുത്തശ്ശി ചെമ്പകക്കുഞ്ഞമ്മയും അമ്മുവിനെ പരിചയപ്പെടാൻ അവളുടെ വീട്ടിൽ വന്നപ്പോൾ വീട്ടുജോലിക്കാരിയുടെ പേരൊഴികെ ബാക്കിയൊക്കെ ചർച്ചയായിരുന്നു.
അന്ന് സരസ്വതിക്കുഞ്ഞമ്മ അമ്മുവിന്റെ അമ്മ മായക്കുട്ടിയോടു പറഞ്ഞത് ഇങ്ങനെയാണ്. ഞങ്ങളുടെ വീട്ടിൽ ഒരു ജോലിക്കാരിയുണ്ട്. ഒരു പൊട്ടിപ്പെണ്ണ്. പീരീഡ്സ് വരുന്നതിനു മുമ്പേ വീട്ടിൽ വന്നതാണ്. എല്ലാ ജോലിയും ചെയ്യും. ഇടി വന്നാൽ പേടിക്കും. മഴ വന്നാൽ അവൾ എന്റെ അമ്മയുടെ കട്ടിലിന്റെ അടിയിലാണ് കിടപ്പ്.
ചെമ്പകക്കുഞ്ഞമ്മ കഴുത്തിലെ മണിമാല കിലുക്കിച്ചിരിച്ചു: രാത്രിയിൽ ഞാൻ എഴുന്നേൽക്കുമ്പോൾ അവളെ ചവിട്ടും. അവൾ മോങ്ങും.
എല്ലാവരും ചിരിച്ചു. കാശിനാഥ് അമ്മുവിനെ നോക്കി മറ്റാരും കാണാതെ ചുണ്ടുകൊണ്ട് അക്ഷരശ്ളോകം ചൊല്ലി – ഉമ്മ !
ആ അക്ഷരശ്ളോകം അവൾ ആദ്യ രാത്രിയിൽ ഒരു കവിതയാക്കി കാശിനാഥിന് തിരിച്ചു കൊടുത്തു.
ആദ്യരാത്രി കഴിഞ്ഞ് നമ്മുടെ അമ്മു രാവിലെ ഉണർന്ന് പല്ലു തേക്കാതെ, മുഖം കഴുകാതെ അടുക്കളയിൽ വരുമ്പോൾ ജോലിക്കാരി അമ്മു അവിടെയുണ്ട്. ഇഡ്ഡലിയുടെ വേവും ചമ്മന്തിയുടെ നോവും അവൾ നോക്കുന്നതു കണ്ടപ്പോൾ നമ്മുടെ അമ്മുവിന് തോന്നി: ഇവളുടെ പല്ല് എന്തു നല്ലതാണ്. ഒരു കേടു പോലുമില്ല. ചെറുപ്പത്തിൽ സ്വിസ് ചോക്കലേറ്റ് തിന്നിട്ടേയുണ്ടാവില്ല.
നമ്മുടെ അമ്മു ഒരു ദന്തഡോക്ടർ കൂടിയാണ്.
അന്നു രാത്രി കാശിനാഥ് കണ്ണടച്ചുകൊണ്ട് നമ്മുടെ അമ്മുവിന്റെ മുഖത്തു കൂടി വിരലോടിക്കുകയായിരുന്നു. അവൻ ചോദിച്ചു: അമ്മൂ, അമ്മൂ, നിന്റെ മുഖം എങ്ങനെയാണ് ഇത്ര സോഫ്റ്റായി ഇരിക്കുന്നത് ?!
അവൾക്ക് എന്തുകൊണ്ടോ അന്നേരം ജോലിക്കാരി അമ്മുവിന്റെ മുഖം പോയി പരിശോധിക്കാനാണ് തോന്നിയത്. അതൊരു അനാവശ്യ തോന്നലാണെന്ന് സ്വയം തോന്നിയെങ്കിലും അവൾ നേരെ ജോലിക്കാരി അമ്മു കിടക്കുന്ന മുറിയിൽപ്പോയി പുതപ്പ് ഉയർത്തി നോക്കി. അവിടെ അവളുടെ കാലായിരുന്നു. മുഖം വേറെ എവിടെയോ ആയിരുന്നു. കാലിൽ നിറയെ ചെളി കണ്ട് അവൾ തിരിച്ചു പോന്നു.
തിരിച്ചു വന്ന് അവൾ കാശിനാഥിന്റെ വായ തുറന്നു പരിശോധിച്ചിട്ടു പറഞ്ഞു: രാവിലെ പല്ലു തേക്കുന്നത് മറ്റുള്ളവർക്കു വേണ്ടി, രാത്രിയിൽ പല്ലു തേക്കുന്നത് നമ്മൾക്കു വേണ്ടി, ഉമ്മ !
അവർ രണ്ടാളും കെട്ടിപ്പിടിച്ചുറങ്ങി.
മൂന്നാം ദിവസമായപ്പോൾ ജോലിക്കാരി അമ്മുവിനെ അവഗണിക്കാൻ നമ്മുടെ അമ്മു തീരുമാനിച്ചു. അന്നു രാവിലെ നല്ല മഴയും തണുപ്പുമായിരുന്നു. വീട്ടിലാണെങ്കിൽ രാത്രി മുതൽ കറന്റുമില്ല. കാശിനാഥിന്റെ അച്ഛനും അമ്മയ്ക്കും കുളിക്കാൻ വെള്ളം ചൂടാക്കുന്നതിനിടെ ജോലിക്കാരി അമ്മു നമ്മുടെ അമ്മുവിനോടും ചോദിച്ചു: ചൂടുവെള്ളം വേണോ കുളിക്കാൻ.
വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും മറുപടി പറയുന്നില്ലെന്ന് അവൾ തീരുമാനിച്ചു. ആ സമയം അവൾ ഇൻസ്റ്റയിൽ ഒരു റീൽസ് നോക്കിയിരുന്ന് ജോലിക്കാരി അമ്മുവിനെ അവഗണിച്ചു. അവഗണന എന്താണെന്ന് അവൾ മനസ്സിലാക്കട്ടെ.
അവൾക്കതു മനസ്സിലായില്ലെന്നു മാത്രമല്ല, അവൾ ചൂടുവെള്ളം കുളിമുറിയിൽ കൊണ്ടുവയ്ക്കുകയും ചെയ്തു.
എല്ലാ ചോദ്യങ്ങൾക്കും മറുപടി കിട്ടിയിട്ടുള്ളവർക്കും എല്ലാ ആഗ്രഹങ്ങളും സാധിച്ചവർക്കുമേ അവഗണന എന്താണെന്നു മനസ്സിലാകൂ എന്ന് നമ്മുടെ അമ്മുവിന് അന്നു തോന്നി.
കാശിനാഥ് ചോദിച്ചു: അമ്മുവിന് ഈ വീട്ടിൽ വന്നിട്ട് എന്തൊക്കെ മനസ്സിലായി?
നമ്മുടെ അമ്മു പറഞ്ഞു: വിവാഹം എന്നാൽ ഷെയറിങ് ആണെന്നു മനസ്സിലായി. അതിനുവേണ്ടി ആദ്യം എന്റെ പേര് ആദ്യം ഷെയർ ചെയ്തു.
ഇവിടെ വേറൊരു അമ്മുവുണ്ടെന്ന് അറിഞ്ഞപ്പോളോ?
എന്റെ പേര് ഇംഗ്ളീഷിലെഴുതി തലകുത്തിപ്പിടിക്കാൻ തോന്നി.
അവനത് ആദ്യം മനസ്സിലായില്ല. എന്തൊരു ബുദ്ദൂസ് എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് നമ്മുടെ അമ്മു ഒരു കടലാസെടുത്ത് അതിൽ അമ്മു എന്ന് ഇംഗ്ളീഷിൽ എഴുതിയിട്ട് കണ്ണാടിക്കു നേരെ പിടിച്ചു കാണിച്ചു. അവൻ ഉറക്കെ വായിച്ചു; ഉമ്മ ! പിന്നെ കുറെ നേരം അവർ രണ്ടാളും ചുണ്ടുകൾ കൊണ്ട് ഉമ്മ, മ്മഉ, ഉമ്മ, മ്മഉ എന്നൊക്കെ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു.
തലവേദന വന്ന ദിവസം സരസ്വതിക്കുഞ്ഞമ്മ നേരത്തെ കിടക്കാൻ പോയി. രാത്രിയിൽ സ്വീകരണ മുറിയിൽ നമ്മുടെ അമ്മുവും ജോലിക്കാരി അമ്മുവും മാത്രം.
കപ്പ്, കോപ്പ, കൃഷ്ണൻ, ക്ളോക്ക്, പുതപ്പ്, വോലെറ്റ്, ഗണപതി ഇങ്ങനെ കാശിനാഥിന്റെയും അമ്മുവിന്റെയും കല്യാണത്തിനു കിട്ടിയ സമ്മാനങ്ങൾ അടുക്കി വയ്ക്കുകയായിരുന്നു ജോലിക്കാരി അമ്മു. അവയിൽ നിന്ന് വൃത്തത്തിൽ തിളങ്ങുന്ന ഒരു വലിയ തളിക എടുത്ത് തുടച്ചിട്ട് ജോലിക്കാരി അമ്മു മുഖം നോക്കി. അവൾ കണ്ടത് തൊട്ടുപിന്നിൽ നിൽക്കുന്ന നമ്മുടെ അമ്മുവിന്റെ മുഖം ! നമ്മുടെ അമ്മു നോക്കിയപ്പോൾ കണ്ടതാകട്ടെ, ജോലിക്കാരി അമ്മുവിന്റെ മുഖവും ! ജോലിക്കാരിയുടെ തൊട്ടുപിന്നിൽ നിൽക്കുകയായിരുന്നു നമ്മുടെ അമ്മു.
നമ്മുടെ അമ്മു ചോദിച്ചു: ഈ വീട്ടിലേക്ക് ഞാൻ വരുന്നു എന്നറിഞ്ഞപ്പോൾ നിനക്കെന്തു തോന്നി?
ഭയങ്കര സന്തോഷം തോന്നി. അവളതിന്റെ കാരണം വിശദീകരിക്കാൻ തുടങ്ങി: കീറാത്ത പാവാടയും ചേരുന്ന ബ്ളൗസും കിട്ടും. പുതിയ ചെരിപ്പുകൾ കിട്ടും. അതൊക്കെ സന്തോഷം. ഇതുവരെ എനിക്കു കിട്ടുന്ന ചെരിപ്പ് ഇവിടത്തെ അമ്മ ഉപയോഗിച്ചതിനു ശേഷം കളയുന്നതാ. അതൊക്കെ നല്ലതു തന്നെയാ, പക്ഷേ കാലുവേദനയും വാതവും വരുന്നവർക്കുള്ള മുള്ളു വച്ചതാണ്.
നിനക്ക് എത്ര വയസ്സുണ്ട് ?
അവൾ പറഞ്ഞു... 20.
നമ്മുടെ അമ്മു പറഞ്ഞു... എനിക്ക് 26. നിന്നെ ആരൊക്കെ സ്നേഹിച്ചിട്ടുണ്ട്?
എല്ലാവരും സ്നേഹിച്ചിട്ടുണ്ട്.
അതോടെ നമ്മുടെ അമ്മുവിന് വീണ്ടും സംശയമായി: ആരൊക്കെ കടിച്ചിട്ടുണ്ട്?
പട്ടി, പൂച്ച, എറുമ്പ്, പിന്നെ ഒരിക്കൽ നീലക്കണ്ണുള്ള ഒരു എട്ടുകാലി.
ആരൊക്കെ ഉമ്മ വച്ചിട്ടുണ്ട് ?
തലയണ മാത്രം. ചിലപ്പോൾ കണ്ണീരിൽ കുതിർന്ന തലയണ, ചിലപ്പോൾ വിയർപ്പിൽ കുതിർന്ന തലയണ.
നമ്മുടെ അമ്മുവിന് സമാധാനം തോന്നി. അവൾ പിന്നെയും ചോദിച്ചു: വിയർപ്പോ?
അതെ, ഞാൻ കിടക്കുന്നിടത്തു മാത്രം ബാറ്ററി ബാക്കപ്പ് ഇല്ല. കറന്റ് പോയാലും മറ്റു മുറിയിലെല്ലാം ഫാനും ലൈറ്റുമുണ്ട്. എന്റെ മുറിയിൽ ഇല്ല. അപ്പോൾ വിയർക്കും.
അപ്പോൾ നീ എന്തു ചെയ്യും?
ജനൽ തുറന്നിടും. അപ്പോൾ വീടും പറമ്പും ഒന്നാകും. നല്ല രസമാണ് അന്നേരം കാണാൻ.
നമ്മുടെ അമ്മു ചോദിച്ചു: നാളെ രാത്രി ജനൽ തുറന്നിടുമ്പോൾ എന്നെയും വിളിക്കാമോ?
നാളെ രാത്രിയിൽ കറന്റ് പോയില്ലെങ്കിലോ?
പോയില്ലെങ്കിൽ ഞാൻ ഫ്യൂസ് ഊരാം. ആരും അറിയില്ല.
നമ്മുടെ അമ്മു അന്നു പാതിരാത്രിയായപ്പോൾ ഫ്യൂസ് ഊരി. ജോലിക്കാരി അമ്മു അവളെ മുറിയിലേക്കു വിളിച്ചു.
പാതിരാത്രിയിൽ തുറന്നിട്ട ജനാലയോടു ചേർന്നു നിന്ന് അവർ രണ്ടാളും ചന്ദ്രനിൽ മുഖം നോക്കി. അന്നു വലിയ വട്ടത്തിൽ വെള്ളിത്തളിക പോലെയായിരുന്നു ചന്ദ്രൻ !
തെങ്ങിൻമുകളിലെ തീപ്പൊരി കണ്ട് നമ്മുടെ അമ്മു ചോദിച്ചു... അതെന്താ ആ വെളിച്ചം?
അത് ചെത്തുകാരൻ രാഘവൻ തെങ്ങിന്റെ മുകളിലിരുന്ന് ബീഡി കത്തിക്കുന്നതാ.
എന്തിനാ ബീഡി കത്തിക്കുന്നത്?
വാര്യൻപറമ്പിലെ മാധവി കാണാനാ. ആകർഷിക്കുന്നതാ!
പിന്നെയും ആരൊക്കെയോ ബീഡി കത്തിക്കുന്നുണ്ടല്ലോ. അതാരാ?
അതാണ് മിന്നാമിന്നി. കത്തിക്കുന്നു കെടുത്തുന്നു. കത്തിക്കുന്നു കെടുത്തുന്നു.
പിറ്റേന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൾ കാശിനാഥിനോടു ചോദിച്ചു: നമ്മൾക്കും ജനൽ തുറന്നിട്ടാലോ?
അയാൾ ചോദിച്ചു... ജോലിക്കാരി അമ്മുവിനെ നീ ഇത്രയ്ക്കു ശ്രദ്ധിക്കുന്നതെന്തിനാ? അടുക്കളയിൽ മാത്രം ഉപയോഗിക്കുന്ന പാത്രം പോലെയാണ് ഞങ്ങളൊക്കെ അവളെ കരുതുന്നത്. ആവശ്യം കഴിഞ്ഞാൽ കഴുകി കമിഴ്‍ത്തി വയ്ക്കും.
നമ്മുടെ അമ്മു ഒന്നും മിണ്ടിയില്ല. അതോടെ കാശിനാഥ് വീണ്ടും ചോദിച്ചു: നമ്മൾക്ക് അവളുടെ പേരു മാറ്റിയാലോ? പേരിടാൻ എന്റെ അമ്മ എക്സ്പേർട്ടാണ്. ഇവിടത്തെ വെച്ചൂർ പശുവിന് പറ്റിയ പേര് അമ്മയാണ് കണ്ടുപിടിച്ചത്; കാവേരി. വൈറ്റ് ലഗോൺ കോഴിക്ക് ലസിത, പൂച്ചക്കുട്ടിക്ക് മിയാവാക്കി.
നമ്മുടെ അമ്മു ചോദിച്ചു: പേരു മാറ്റിയാലും അതിന്റെ വേരു മാറ്റാൻ പറ്റുമോ?
ഏതിന്റെ എന്ന് കാശിനാഥ് സംശയിക്കവേ അവൾ ചൂണ്ടുവിരൽകൊണ്ട് അയാളുടെ ചുണ്ടുകൾ അടച്ചിട്ട് പറഞ്ഞു: മാറ്റിയാലും പിന്നീട് ആ പേര് വിളിക്കുമ്പോഴൊക്കെ രണ്ടുപേരും പഴയ വേരുകളെപ്പറ്റി ഓർമിക്കും. ഒരിക്കൽപ്പതിഞ്ഞ പേരും പാട്രിയാർക്കിയുടെ വേരും ഒരിക്കൽ മുളച്ച പ്രണയവും പൂർണമായും പറിച്ചു കളയാൻ പറ്റില്ല!