കൊച്ചുകുട്ടികൾക്ക് കൊടുക്കാൻ പറ്റിയ രണ്ട് വിഭവങ്ങൾ : ലക്ഷ്മി നായർ
Mail This Article
റൈസും ചിക്കനും മിക്സഡ് വെജിറ്റബിൾസും ചേർത്ത രുചികരമായ പാറ്റീസ്. ചിക്കൻ, പച്ചക്കറികൾ, ചോറ് എല്ലാം ചേർത്തൊരു ചെറിയ കട്‍ലറ്റ് രുചിയിലാണ് തയാറാക്കുന്നത്. അതുപോലെ തന്നെ കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ബനാന പാൻ കേക്കിന്റെ രുചിക്കൂട്ടും ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നു.
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ – ¾ കപ്പ്
- മിക്സഡ് വെജിറ്റബിൾസ് (വേവിച്ചത്)– ചെറിയ കഷണങ്ങൾ
- റിഫൈൻഡ് ഓയിൽ – ½ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വേവിച്ച അരി – 2 ടേബിൾസ്പൂൺ
- പഞ്ചസാര – 1 നുള്ള്
- റൊട്ടി പൊടിച്ചത് – ½ കപ്പ്
- മുട്ട ഉടച്ചത് – 1 എണ്ണം
- റിഫൈൻഡ് ഓയിൽ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ഒരു ഫ്രൈ പാനിൽ അരിഞ്ഞു വച്ച പച്ചക്കറികളും (വേവിച്ച കാരറ്റ്, ഗ്രീൻപീസ് ) ചെറുതായി നുറുക്കിയ ചിക്കൻ കഷണങ്ങളും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക ഇതിലെ വെള്ളം നന്നായി വറ്റിയശേഷം അര ടീസ്പൂൺ എണ്ണ ഒഴിച്ചു നന്നായി ഇളക്കി വഴറ്റുക. ഒരല്പം ഉപ്പും കൂടി ചേർത്തി ളക്കുക. അതിനുശേഷം വേവിച്ച രണ്ടു ടേബിൾ സ്പൂൺ റൈസും (ഏത് റൈസും ഉപയോഗിക്കാം, ഇവിടെ ബസ്മതി റൈസാണ് ഉപയോഗിച്ചിരിക്കുന്നത്) കൂടി ഇട്ട് ഇളക്കുക. ഇതിൽ വേണമെങ്കിൽ കുരുമുളകു പൊടി ചേർക്കാം. ഇവിടെ ഒരു നുള്ള് പഞ്ചസാരകൂടി ചേർത്തിളക്കി തീ ഓഫാക്കി ഇതൊന്നു തണുപ്പിക്കുക. ഈ സമയം ഒരു ബ്രെഡ് കഷണം മിക്സിയിൽ പൊടിച്ചെടുക്കുക. ഇനി വഴറ്റി വച്ചിരിക്കുന്ന മിക്സ്(വെജിറ്റബിളും റൈസും) തണുത്തശേഷം ഒരു മിക്സിയുടെ ജാറിൽ രണ്ട് പ്രാവശ്യം ഒന്നു അടിച്ചെടുക്കുക. ഇതിൽ നിന്നും ചെറിയ ഉരുളകളുണ്ടാക്കി കൈവെള്ളയിൽ ചെറുതായി പരത്തി (കട്‍ലറ്റ് ഉണ്ടാക്കുന്നതുപോലെ) റൊട്ടി പൊടിയിൽ മുക്കി ഫ്രൈ പാനിൽ എണ്ണയൊഴിച്ച് രണ്ടു വശവും മൊരിച്ചെടുക്കാം. വേണമെങ്കിൽ ഒരു മുട്ട അടിച്ചതിൽ മുക്കിയിട്ട് റൊട്ടി പൊടിയിൽ മുക്കിയും ഇതുണ്ടാക്കാം.
ബനാനാ പാൻകേക്ക്
ചേരുവകൾ
- നന്നായി പഴുത്ത പഴം – 1 എണ്ണം
- മുട്ട – 1 എണ്ണം
- തേൻ – 1 ടീസ്പൂൺ
- മൈദ – 1 കപ്പ്
- ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
- പാൽ – ½ കപ്പ്
- ഉപ്പ് – 1 നുള്ള്
തയാറാക്കുന്ന വിധം
ആദ്യം നല്ല പഴുത്ത പഴം (റോബസ്റ്റ) ഒരു മുട്ട (വേണമെങ്കിൽ ഒരു ടീസ്പൂൺ പഞ്ചസാരയോ ഒരു ടീസ്പൂൺ തേനോ ചേർക്കാം) എന്നിവ ഒരു മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് നന്നായി അടിച്ചു പതപ്പിച്ചെടുക്കുക. ഇത് ഒരു കപ്പ് മൈദ മാവിൽ ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അരക്കപ്പ് പാലിന്റെ പകുതി ആദ്യം ഒഴിച്ച് ഇളക്കുക. വീണ്ടും കുറേശ്ശേ പാലൊഴിച്ച് മിക്സ് ചെയ്യുക. മാവ് തവിയിൽ നിന്ന് ഊർന്നു വീഴുന്നതാണ് പാകം. ഒരുപാട് അയഞ്ഞു പോകരുത്. ഒരു നുള്ള് ഉപ്പ് വേണ മെങ്കിൽ ചേർക്കാം. ഇത് ഇങ്ങനെ ഒരു അഞ്ച് മിനിറ്റ് വയ്ക്കു ക. അതിനുശേഷം ഒരു ഫ്രൈ പാനിൽ ബട്ടർ പുരട്ടി അര തവി മാവ് ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. പാൻ കേക്കിന്റെ ഒരു വശം നല്ലവണ്ണം പൊങ്ങി ചെറിയ ചെറിയ കുമിളകൾ വരും അപ്പോൾ തിരിച്ചിട്ട് അടുത്ത വശം വേവിക്കുക അപ്പോൾ അടച്ചു വയ്ക്കേണ്ട. ആ വശം നല്ല ഗോൾഡൻ കളറാകു മ്പോൾ വാങ്ങാം.
English Summary: Home Made Baby Food ,18 Months Baby, Recipe by Lekshmi Nair