പെട്ടെന്നൊരു മുട്ടക്കറി തയാറാക്കണോ, വിഡിയോ കാണാം
Mail This Article
പ്രഭാത ഭക്ഷണത്തിനൊപ്പം രുചികരമായ മുട്ടക്കറി വളരെ എളുപ്പം തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.
ചേരുവകൾ
- എണ്ണ – 2 ടീസ്പൂൺ
- സവാള ചെറുതായി അരിഞ്ഞത് – 3 എണ്ണം
- പച്ചമുളക് – 1 എണ്ണം
- മുട്ട പുഴുങ്ങിയത് – 5–6 എണ്ണം
- കട്ടി തേങ്ങാപ്പാൽ– ½ – 1 കപ്പ്
- തക്കാളി – 3 എണ്ണം
- ജീരകം – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
മസാലാ പേസ്റ്റ്
- ഇഞ്ചി– 1 വലിയ കഷണം
- വെളുത്തുള്ളി – 2 വലിയ അല്ലി
- കശ്മീരി മുളകുപൊടി – 1 ½ - 2 ടീസ്പൂൺ
- മല്ലിപ്പൊടി – 3 ടീസ്പൂൺ
- മഞ്ഞൾപ്പൊടി– ½ ടീസ്പൂൺ
- ഗരംമസാല പൊടി – ¾ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങി വയ്ക്കുക. അതിനു ശേഷം മസാല പേസ്റ്റ് അരച്ച് തയാറാക്കി വയ്ക്കുക. അതിനായി ഇഞ്ചിയും, വെളുത്തുള്ളിയും ഒന്നര ടീ സ്പൂൺ മുളകുപൊടിയും മൂന്ന് ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ ഗരംമസാല പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അല്പം വെള്ളവും ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ അരച്ചെടുത്തു വയ്ക്കുക. മൂന്ന് തക്കാളി വലിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക.
ഇനി ഒരു പാനിൽ രണ്ട് േടബിൾ സ്പൂൺ എണ്ണ ഒഴിച്ച് (നെയ്യിൽ താളിച്ചാൽ കുറച്ചു കൂടി നല്ല സ്വാദ് കിട്ടും) ചൂടാക്കി അര ടീസ്പൂൺ നല്ല ജീരകം ഇട്ട് മൂത്ത് പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഒരു പച്ചമുളക് രണ്ടായി മുറിച്ച് ഇട്ടതും അല്പം ഉപ്പും ചേർത്ത് വഴറ്റുക. സവാളയുടെ നിറം മാറി വരുന്ന സമയത്ത് അരച്ചു വച്ചിരിക്കുന്ന മസാല പേസ്റ്റ് ചേർത്തിളക്കുക. ഈ മസാല പേസ്റ്റിന്റെ പച്ച ചുവ മാറുന്നതു വരെ വഴറ്റുക. മസാല വഴന്ന് എണ്ണതെളിഞ്ഞുവരുമ്പോൾ അരച്ചു വച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ഇട്ട് തക്കാളിയുടെയും പച്ച ചുവ മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. നല്ല തിള വന്നശേഷം പുഴുങ്ങിയ മുട്ടകൾ രണ്ടായി മുറിച്ച് ഇടുക. ഇത് ഇടത്തരം തീയിൽ തിളപ്പിക്കുക. ഇടയ്ക്ക് തവി ഉപയോഗിച്ച് ഇളക്കാതെ പാത്രം ഒന്നു ചുറ്റിച്ചു കൊടുക്കുക. 15 മിനിറ്റ് കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ (½ –1 കപ്പ്) ഒഴിച്ച് മല്ലിയിലയും ചേർത്ത് രണ്ട് മിനിറ്റുകൂടി ചൂടാക്കിയ ശേഷം വാങ്ങാം.
English Summary: How to make Egg Curry, Lekshmi Nair Vlog