ആ കപ്പബിരിയാണി എന്നെ കൊന്നേനെ : വിനോയ് തോമസ്
Mail This Article
കുറച്ചു ദിവസം മുൻപ് ഒരു വാർത്ത കണ്ടു: കടയിൽ നിന്നു വാങ്ങിയ കപ്പബിരിയാണിയിൽ ഇറച്ചിയില്ലാത്തതിനുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു എന്ന്. സംഭവം കോഴിക്കോട് ടൗണിലാണ് നടന്നത്. കോഴിക്കോടുകാർ കപ്പബിരിയാണിയിൽ ഇറച്ചിയില്ലെന്നോർത്ത് ഇത്ര കുഴപ്പം ഉണ്ടാക്കില്ലല്ലോ. വാർത്ത വിശദമായി വായിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായി. ഞങ്ങളുടെ നാട്ടിൽ നിന്നും പോയവരാണ് കക്ഷികൾ.
ഭക്ഷണത്തോടുള്ള ആർത്തി എനിക്കും പൂർവികരിൽ നിന്നും കിട്ടിയതായിരിക്കും. തിന്നാൻ പാകത്തിന് എന്തു കിട്ടിയാലും ഞാനത് തിന്നും. അതുകൊണ്ട് ഞാൻ കണ്ടിട്ടുള്ള എല്ലാ ഭക്ഷണത്തിന്റെയും രുചി അറിഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്നു കഴിച്ചിട്ടുള്ള ഭക്ഷണത്തിന്റെ രുചി തന്നെയാണ് നാവിൽ മുൻപിൽ നിൽക്കുന്നത്. അതെല്ലാം അമ്മ, എപ്പോഴുമുള്ള പരക്കംപാച്ചിലിനിടയിൽ ഇടിപിടീന്ന് ഉണ്ടാക്കിയതായിരിക്കും. അധികം ചേരുവകളൊന്നുമില്ലാതെ പെട്ടെന്നങ്ങോട്ടുണ്ടാകുന്ന ആ കറികൾക്കും പലഹാരങ്ങൾക്കും നമ്മൾ എത്ര കഷ്ടപ്പെട്ടുണ്ടാക്കിയാലും കിട്ടാത്തത്ര രുചിയുണ്ടാകും.
ഇറച്ചിയും മീനുമില്ലാതെ എനിക്കു ഒരു ദിവസം പോലും കഴിയാൻ പറ്റില്ലെന്നുള്ള ധാരണ പൊളിയുന്നത് പേര്യ സ്കൂളിലെ കുട്ടികളുടെ കൂടെ ഒരു അവാർഡ് വാങ്ങിക്കാൻ ഗുജറാത്തിൽ പോയപ്പോഴാണ്. അഹമ്മദാബാദിൽ താമസിച്ച രണ്ടു മൂന്നു ദിവസങ്ങൾ പച്ചക്കറികളുടെയും പാലിന്റെയും പല പല ഇനങ്ങൾ ഞാൻ ഒന്നും നോക്കാതെ തിന്നു. തിരിച്ച് നാട്ടിൽ വന്നിട്ടും കുറേ നാളത്തേയ്ക്ക് ആ ഐറ്റങ്ങളൊക്കെ സ്വന്തമായുണ്ടാക്കി പരീക്ഷിക്കുമായിരുന്നു. പക്ഷേ അതൊന്നും വിജയിക്കാത്തതു കൊണ്ട് ഞാൻ വീണ്ടും പഴയ മലയോരക്കാരനായി.
അന്നും ഇന്നും എന്തും അങ്ങ് തിന്നുക എന്നതു തന്നെയാണ് എന്റെ നയം. അതുകൊണ്ട് ഒരിക്കൽ മരണത്തെ മുന്നിൽ കണ്ടിട്ടുണ്ട്. പെരുമ്പാവൂരിലെ ഒരു തട്ടുകടയിൽ നിന്നു കപ്പബിരിയാണി എന്ന പേരിലുള്ള എന്തോ ഒന്ന് ഞാൻ വാങ്ങിക്കഴിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിൽ ജോലി ചെയ്യുന്ന കാലമാണ്. കപ്പബിരിയാണി അത്താഴത്തിനു ശേഷം വെള്ളത്തൂവലിലെ കെഎസ്ഇബി ക്വാർട്ടേഴ്‌സിൽ പോയി കിടന്നു. ഉറക്കം വരുന്നതിനു മുൻപേ ശർദ്ദിയും ഒഴിച്ചിലും വന്നു. ചെറിയ മട്ടത്തിലല്ല. ഇനിയും ക്വാർട്ടേഴ്‌സിൽ നിന്നാൽ ആരുമറിയാതെ ഞാൻ മരിച്ചു പോകുമെന്ന് തോന്നിയപ്പോൾ കുറച്ചകലെയുള്ള ഭാസി സാറിന്റെ ക്വാർട്ടേഴ്സിലേക്ക് ഇഴഞ്ഞു. അവിടെ എത്തിയപ്പോഴേക്കും ബോധം പോയിരുന്നു. അദ്ദേഹം രാത്രിയിൽ ഏതോ വണ്ടി വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയതു കൊണ്ട് രക്ഷപ്പെട്ടു.
ഹോട്ടൽ ഭക്ഷണത്തിന്റെ രുചിയാണെങ്കിൽ മനസ്സിൽ വരുന്നത് ഇരിട്ടി പാലത്തിന്റെ അടിയിൽ എന്നതുപോലെ ചേർന്നു നിന്നിരുന്ന കുഞ്ഞമ്പുവേട്ടന്റെ ഹോട്ടലിലെ ആട്ടിൻ തലയായിരുന്നു. ഇന്ന് ആ ഹോട്ടലില്ല. മറ്റ് പലയിടത്തു നിന്നും ആട്ടിൻ തല കഴിച്ചിട്ടുണ്ട്. കുഞ്ഞമ്പുവേട്ടനുണ്ടാക്കുന്നതിന്റെ രുചി അതിന്നൊന്നുമുണ്ടായിട്ടില്ല.
തയാറാക്കിയത് : പി.എസ്.പ്രവീൺദാസ്