ADVERTISEMENT

ഭക്ഷണം രുചിയറിഞ്ഞു കഴിക്കുന്നത് ഒരു കലയാണ്,  ഇഷ്ടത്തോടെ, ഇഷ്ടപ്പെട്ട കാര്യം ചെയ്തു കൊണ്ടിരിക്കുന്നതാണ് എബിൻ‍ ജോസ് എന്ന ഫുഡ് വ്ലോഗറുടെ ഊർജ്ജം. പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമേ എബിൻ‍ ജോസ് വിഡിയോകൾ ചെയ്യാറുള്ളൂ. ഫുഡ് ആൻഡ് ട്രാവൽ ബൈ എബിൻ ജോസ്– ഉള്ളടക്കത്തിലും അവതരണത്തിലും ഒരാളെപ്പോലും ഉപദ്രവിക്കുന്ന ഒന്നും ഇല്ലെന്ന് ഉറപ്പ്. കഴിഞ്ഞ രണ്ടര വർഷമായി നാടൻ രുചിയും നാട്ടിൻപുറത്തെ കാഴ്ചകളും പങ്കുവയ്ക്കുന്ന എബിൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു:

യൂട്യൂബിലേക്ക് എത്തിയപ്പോൾ ട്രാവൽ ചെയ്യുന്നൊരു വിഡിയോ വ്ലോഗാണ് തുടക്കത്തിൽ പ്ലാൻ ചെയ്തിരുന്നത്, പക്ഷേ പുതിയ സ്ഥലത്തെക്കുറിച്ച് അറിയാൻ അവിടുത്തെ രുചികളും ആസ്വദിക്കണം എന്ന ചിന്തയിലൂടെയാണ് ഫുഡ് വ്ലോഗിലേക്ക് വന്നത്. ഡിജിറ്റൽ മാർക്കറ്റിങ് ജോലിയോടൊപ്പമാണ് വ്ലോഗിങ് ചെയ്യുന്നത്.

Beijing-Street-Food
എബിൻ ജോസ്

പഠിത്തം കഴിഞ്ഞ ശേഷം ബെംഗളൂരുവിൽ കുറച്ചു നാൾ ജോലി ചെയ്തു. അതിനു ശേഷം നേപ്പാളിലും. അത് കഴിഞ്ഞാണ് ആഫ്രിക്കയിലേക്ക് പോയത്. ആഫ്രിക്കയിൽ 17 വർഷം ജോലി ചെയ്തു. 2016 ആയപ്പോഴേക്കും നാട്ടിലേക്ക് തിരിച്ചു വന്നു. കുട്ടികൾക്കു വേണ്ടി എക്സ്പിരിമെന്റ് ബോക്സിന്റെ ബിസിനസ്സ് തുടങ്ങി. അതത്ര വിജയിച്ചില്ല. അതൊരുപക്ഷേ ഞാൻ തുടങ്ങിയ സമയം ശരിയായിരുന്നില്ല. അന്ന് ആളുകൾക്ക് അതിനെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നില്ല. ഇപ്പോഴായിരുന്നെങ്കിൽ വിജയിച്ചേനെ. ഇപ്പോൾ ഫുഡ് ആൻഡ് ട്രാവൽ ചാനലുമായി സന്തോഷമായി പോകുന്നു. എക്സ്പിരിമെന്റ് ബോക്സ് ബിസിനസ്സിലേക്ക് ഞാനായിട്ട് തിരിച്ചു പോകുന്നില്ല പക്ഷെ ആർക്കെങ്കിലും അത് തുടങ്ങാൻ താൽപര്യമുണ്ടെങ്കിൽ എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും. ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. സ്വന്തം നാട് ചങ്ങനാശേരി വാകത്താനത്താണ്.

Tamil-Nadu-Food-Tour
എബിൻ ജോസ്

വ്ലോഗിങ്ങിൽ തുടക്കം മുതലേ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം വിഡിയോ ചെയ്യാൻ പരമാവധി ശ്രമിക്കാറുണ്ട്. കാരണം, ഒരു സംരംഭം തുടങ്ങാനുള്ള കഷ്ടപ്പാട് എനിക്ക് നന്നായി അറിയാം. കുറെയേറെ ബുദ്ധിമുട്ടുകളിലൂടെ ആയിരിക്കും ഒരാൾ ഒരു സംരംഭം തുടങ്ങുക. അതൊരു ചെറിയ ചായക്കടയോ ഫൈവ് സ്റ്റാർ  റസ്റ്ററന്റോ ആയിക്കോട്ടെ. എനിക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ അയാളോടു നേരിട്ടു പറയുന്നതാണ് ഏറ്റവും നല്ലത്. അയാൾ മെച്ചപ്പെടുത്തുകയാണെങ്കിൽ അതല്ലേ നല്ലത്. പക്ഷേ  അവിടെ എന്തെങ്കിലും നന്മ കണ്ടാൽ അത് ആയിരം പേരോട് പറയാൻ സന്തോഷമേ ഉള്ളൂ. എനിക്കിഷ്ടപ്പെടാത്ത ഒരു ഫുഡ് ഞാൻ പബ്ലിഷ് ചെയ്യില്ല. എനിക്ക് ഇഷ്ടപ്പെട്ട ഫുഡ് മാത്രമേ ഞാൻ പബ്ലിഷ് ചെയ്യൂ. പല വ്ലോഗേഴ്സും പല രീതിയിൽ ചെയ്യുന്നുണ്ട്. ഇത് എന്റെ രീതിയാണ്. എനിക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടു മാത്രം പന്ത്രണ്ടോളം സ്ഥലത്തുനിന്നു വിഡിയോ എടുക്കാതെ പോന്നിട്ടുണ്ട്. അത് ഞാൻ അവരോട് പറയും. എനിക്ക് ഇന്ന കാരണം കൊണ്ടാണ് ഇഷ്ടപ്പെടാഞ്ഞത്, ഞാൻ പിന്നീട് ഒരിക്കൽ വരാം എന്നു പറയും. എനിക്കിഷ്ടപ്പെടുന്നത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. വളരെ പോസിറ്റീവ് ആയ ഒരു ഗൂഗിൾ റിവ്യൂ വായിച്ചിട്ട് അവിടെ എനിക്ക് ഫുഡ് ഇഷ്ടപ്പെടാതെ വന്നു എന്നു പറഞ്ഞതു കൊണ്ട് ഗൂഗിൾ  റിവ്യൂസിൽ എഴുതിയ എല്ലാവരും മണ്ടന്മാരാണെന്നു പറയുന്നത് ശരിയല്ലല്ലോ. ആരുടെയെങ്കിലും കുറ്റം കണ്ടാൽ അത് അവരോടു പറയുക. നന്മ കണ്ടാൽ ലോകത്തോട് പറയുക.

ഫുഡ് ആൻഡ് ട്രാവൽ‌ ചെറിയ കുട്ടികൾ പോലും കാണാറുണ്ട്. നമ്മുടെ ഓരോ നീക്കവും അവരും ശ്രദ്ധിക്കുന്നുണ്ട്. കുട്ടികൾ കാഴ്ചക്കാരായി ഉള്ളതു കൊണ്ട് പരമാവധി സഭ്യമായ ഭാഷയേ ഉപയോഗിക്കാറുള്ളൂ. എന്റെ ഭാഗത്തുനിന്ന് കുട്ടികൾക്ക് തെറ്റായ രീതിയിലുള്ള കാര്യങ്ങൾ കിട്ടാതിരിക്കാൻ ശ്രമിക്കും. ഫുഡ് ആൻഡ് ട്രാവലിന്റെ പ്രേക്ഷകർ കുടുംബങ്ങളാണ്. ഞാൻ ഫുഡ് റിവ്യൂസ് ചെയ്യാറില്ല. ഫുഡ് റിവ്യൂസ് ചെയ്യാനുള്ള കഴിവ് എനിക്കില്ല. രുചി ആസ്വദിക്കുന്നു... അത് മറ്റുള്ളവരോട് പറയുന്നു. 

ebbin-mark
എബിൻ ജോസ് ലോകപ്രസിദ്ധ ഫുഡ് വ്ളോഗർ മാർക്ക് വിൻസിനും സുഹൃത്തുക്കൾക്കുമൊപ്പം

പതിനേഴു വയസ്സു മുതൽ യാത്രയും രുചികളും ആസ്വദിക്കാറുണ്ടായിരുന്നു. അന്നൊക്കെ ടെലിവിഷൻ പരിപാടികളിലും യാത്രയും ഭക്ഷണവും വിഷയമാകുന്നവയാണ് കാണാൻ ഇഷ്ടപ്പെട്ടിരുന്നത്. എത്യോപ്യയിൽ വച്ചാണ് മാർക്ക് വിൻസിന്റെ പരിപാടികൾ കാണാൻ തുടങ്ങിയത്. ആ ലോകപ്രസിദ്ധ ഫുഡ് വ്ലോഗറെ കേരളത്തിലെ രുചിലോകത്തേക്കു കൊണ്ടുവരാനും പിന്നീട് സാധിച്ചു.

മാർക്ക് വിൻസിലേക്ക് എത്തിയത് വളരെ രസകരമായൊരു കഥയാണ്

എത്യോപ്യയിൽ ജോലി ചെയ്തിരുന്ന സമയത്ത് (2012–2014 ൽ) മാർക്ക് വിൻസ് ഒരു വ്ലോഗിലൂടെ പറഞ്ഞിരുന്നു കേരളം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന്. അന്ന് മാർക്കിന്റെ പരിപാടികൾ സ്ഥിരമായി കാണാറുണ്ടായിരുന്നു. അപ്പോൾത്തന്നെ അദ്ദേഹത്തിന് മെയിൽ അയച്ചു, കേരളത്തിലേക്കു വരൂ, കാഴ്ചകൾ കാണാൻ കൊണ്ടു പോകാമെന്നു പറഞ്ഞ്. പക്ഷേ മറുപടി വന്നില്ല, അന്ന് ഞാൻ വിഡിയോ വ്ലോഗൊന്നും തുടങ്ങിയിരുന്നില്ല. ഇഷ്ടപ്പെട്ടൊരു വ്ലോഗർ നമ്മുടെ നാട് കാണണമെന്ന് ഇഷ്ടം പ്രകടിപ്പിച്ചപ്പോൾ തോന്നിയൊരു കൗതുകം. ആ സമയത്ത് അദ്ദേഹവും വന്നില്ല.

ebbin-mark-shoot
മാർക്ക് വിൻസ് കേരളത്തിലെത്തിയപ്പോൾ

ആഫ്രിക്കയിൽനിന്നു ഞാൻ നാട്ടിലെത്തി സെറ്റിലായി, വിഡിയോ വ്ലോഗ് തുടങ്ങി.  2019 നവംബറിൽ സുഹൃത്തുക്കളോടൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ഫോണിൽ ഒരു മെയിൽ കിട്ടി, മാർക്ക് വിൻസ് അയച്ചിരിക്കുന്നു, ‘കേരളത്തിൽ 7 ദിവസത്തേക്ക് വരാൻ താത്പര്യമുണ്ട്, എന്റെയൊപ്പം ഒരു ഫുഡ് ടൂറിന് താത്പര്യം ഉണ്ടോ. കേരളത്തെ ഫുഡ് വ്ലോഗുകൾ സേർച്ച് ചെയ്തപ്പോൾ എബിന്റെ വിഡിയോകൾ കണ്ട് ഇഷ്ടപ്പെട്ടാണ് ഈ മെയിൽ അയക്കുന്നത്.’ ആദ്യം വിചാരിച്ചും ആരെങ്കിലും പറ്റിക്കാൻ മെയിൽ അയച്ചതാണോയെന്ന്. ഇൻസ്റ്റഗ്രാമിലും അതേ മെസേജ് കണ്ടപ്പോൾ പറ്റിക്കാനല്ല എന്നുറപ്പിച്ചു. ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ച് വീട്ടിലേക്ക് പെട്ടെന്ന് മടങ്ങി, എത്ര ദിവസം ഉണ്ടാകും എന്ന് ചോദിച്ച് മെയിൽ അയച്ചു. രണ്ട് ദിവസത്തേക്ക് മറുപടിയൊന്നും വന്നില്ല. ചെറിയൊരു സങ്കടം തോന്നി. ഒരു വിഡിയോ എങ്കിലും അദ്ദേഹത്തിന്റെ കൂടെ ചെയ്യാൻ പറ്റുമെന്നാണ് ഞാൻ വിചാരിച്ചത്. മൂന്നാം ദിവസം മറുപടിവന്നു, അദ്ദേഹം ഒരു യാത്രയിലായിരുന്നു അതുകൊണ്ടാണ് മറുപടി താമസിച്ചതെന്ന ആമുഖത്തോടെ. 

മാർക്കും ഭാര്യയും സുഹൃത്തും 7 ദിവസത്തേയ്ക്കാണ് വരാൻ തീരുമാനിച്ചിരിക്കുന്നത്. ഏഴ് ദിവസത്തേക്കു വേണ്ട പരിപാടികൾ പ്ളാൻ ചെയ്യാമോ?. യാത്രച്ചെലവ് അദ്ദേഹം വഹിക്കും, യാതൊരു സ്പോൺസർഷിപ്പും വേണ്ട. യാത്രയ്ക്ക് ഒരു ട്രാവലർ മതി. ആഡംബരങ്ങൾ ഒന്നും വേണ്ട. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കണ്ണൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലൂടെയുള്ള രുചിയാത്ര വ്യത്യസ്തമായൊരു അനുഭവമായിരുന്നു. മലബാർരുചി, നാടൻ ഷാപ്പ് വിഭവങ്ങൾ, പൊൻമുടിയിലെ ട്രൈബൽ  രുചികൾ എല്ലാം ചുരുങ്ങിയ സമയത്ത് കൃത്യമായ പ്ലാനിങ്ങോടെ നടത്തി. വരുന്നതിനു രണ്ടു ദിവസം മുൻപാണ് എബിൻ ചെയ്ത കല്യാണത്തിന്റെ വിഡിയോ പോലൊരു വിഡിയോ വേണമെന്നു പറയുന്നത്, ബാക്കി എല്ലാം ഒപ്പിക്കാം, ആരെ പിടിച്ചു കെട്ടിക്കും! കണ്ണൂരിൽ സീ ഷെല്ലിലാണ് താമസം പ്ലാൻ ചെയ്തത്, അവിടുത്തെ ഹാരിസ് ഇക്കയെ ഇക്കാര്യം അറിയിച്ചു. കല്യാണം കിട്ടിയില്ല, പക്ഷേ ഒരു വീടിന്റെ കേറിക്കൂടൽ കിട്ടി. ആ വീട്ടുകാർ വഴി കല്ല്യാണവും കിട്ടി. കോഴിക്കോട് അമ്മാഹോട്ടൽ, തൃശ്ശൂർ ഭാരത് ഹോട്ടൽ, മലബാറിൽനിന്നു നേരെ ആലപ്പുഴ രുചിയിലേക്ക്... അവിടെ നിന്ന് നേരേ തിരുവന്തപുരത്തേക്ക്. വീണ്ടും കോട്ടയത്തെ കപ്പ ബിരിയാണി, നാടൻ മീൻ രുചി...

യാത്രയയ്ക്കാൻ കൊച്ചി വിമാനത്താവളത്തിൽ നിന്നപ്പോൾ മാർക്കും ഭാര്യയും ഹൃദയം നിറഞ്ഞു പറഞ്ഞു, അവർ വിചാരിച്ചതിലും എത്രയോ അധികം നന്നായി, ബിസി ഷെഡ്യൂളിൽ ഇത്രയധികം കാഴ്ചകൾ കാണിക്കാൻ എങ്ങനെ സാധിച്ചുവെന്ന്. ഞാനൊരു മലയാളിയാണ് എന്ന ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴും ഇവിടുത്തെ കുടംപുളിയിട്ട മീൻകറിയൊക്കെ ബാങ്കോക്കിൽ പരീക്ഷിച്ചു നോക്കി ചിത്രങ്ങൾ അയക്കാറുണ്ട് മാർക്ക്. ആ ഒരു വിഡിയോ കണ്ട് നിരവധി പേർ വിദേശത്തുനിന്നു വിളിക്കാറുണ്ടായിരുന്നു. കേരളാ ടൂറിസത്തിനു തന്നെ മികച്ചൊരു അംഗികാരമാണ് ഇതിലൂടെ കിട്ടിയത്.

യൂട്യൂബ് വരുമാനത്തിനുള്ള പുതിയ സാധ്യതകൾ

ഫുഡ് വ്ലോഗിലേക്ക് ധാരാളം ആൾക്കാർ വരുന്നുണ്ട്. അവിടെ മത്സരം കൂടുകയാണ്. അതുകൊണ്ടുതന്നെ ഒരാളുടെ ബിസിനസിനോട് ചേർന്നു നിൽക്കുന്ന രീതിയിൽ യൂട്യൂബ് വിഡിയോകൾ ചെയ്താൽ ഇക്കാലത്ത് കൂടുതൽ നന്നാകും. ഉദാഹരണത്തിന് ബൂട്ടിക്ക് ഉള്ള ആൾക്ക് അതുമായി ബന്ധപ്പെട്ടൊരു ചാനൽ തുടങ്ങിയാൽ കൂടുതൽ നല്ലതാകും. യുട്യൂബിൽ നിന്നുള്ള വരുമാനം ഒരു സപ്ളിമെന്ററിയായി മാത്രമേ കരുതാവൂ. ഇതിനെ മാത്രം ആശ്രയിച്ച് ജീവിക്കാൻ ശ്രമിക്കരുത്. ഇത് മറ്റൊരാളുടെ പ്ളാറ്റ് ഫോമാണ് എന്നറിയാതെ സ്വന്തമെന്നു കരുതി ചെയ്യുന്നതിൽ കാര്യമില്ല. 

With-Family
എബിൻ ജോസ് ഭാര്യ കല്പിത മക്കൾ കേയ, കേയാറ എന്നിവർക്കൊപ്പം.

യാത്രാരുചി വിവരണ പുസ്തകം

ആഫ്രിക്കൻ ജീവിതാനുഭവങ്ങളും ഫിക്‌ഷനും ചേർത്തൊരു പുസ്തകത്തിന്റെ പണികളും ഇതിനൊപ്പം നടക്കുന്നുണ്ട്. 2021 ൽ എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന് വിചാരിക്കുന്നു. ആസ്വദിച്ച് ചെയ്യുന്ന വിഡിയോകളും ശ്രദ്ധിക്കണം, വിദേശ യാത്രകളും പ്ലാനിലുണ്ട്.

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ എബിൻ ജോസും

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ഫുഡ് ആൻഡ് ട്രാവൽ വ്ളോഗർ എബിൻ ജോസും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്.

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്.

articlemain-image

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

English Summary: Food Talk With Food N Travel by Ebbin Jose– Techspectations - 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com