ADVERTISEMENT

ഒരു കേക്ക് മുറിക്കുന്നതിന് ഇത്ര മാത്രം ആലോചിക്കാൻ എന്താണ്? പക്ഷേ കേക്ക് മുറിക്കാതെ പക്വതയുള്ള ഒരു തീരുമാനം എടുത്തതിന് അഭിനന്ദനം ഏറ്റുവാങ്ങുകയാണ് അജിൻക്യ രഹാനെ. ബോര്‍ഡർ‌ ഗവാസ്കർ ട്രോഫിയിലെ കിരീട നേട്ടത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ നാട്ടിലേക്കു മടങ്ങിയെത്തിയത്. രഹാനെയുടെ മുംബൈയിലെ വീട്ടിലേക്കു താരമെത്തുമ്പോഴേക്കും ഗംഭീര സ്വീകരണമാണ് അയൽക്കാർ ഒരുക്കിയിരുന്നത്. എന്നാൽ അയൽക്കാർ കൊണ്ടുവന്ന കേക്ക് മുറിക്കാൻ താരം തയാറായില്ല. കേക്കിന് മുകളിൽ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായിരുന്നു, അതുകൊണ്ടാണ് രഹാനെ കേക്ക് കട്ട് ചെയ്യാൻ വിസമ്മതിച്ചത്. 

കത്തിയെടുത്ത് കേക്കിന്റെ മുകളിൽവച്ച ശേഷമായിരുന്നു കംഗാരുവിന്റെ രൂപം രഹാനെയുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ താരം പിൻവാങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മഹാരാഷ്ട്രയിലെ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് ഉയർത്തിയത്. ഓസീസ് ക്രിക്കറ്റ് ടീമിനെ കംഗാരുക്കൾ എന്നു വിളിക്കാറുണ്ട്. ഓസ്ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇക്കാരണംകൊണ്ടാണ് കേക്ക് കട്ട് ചെയ്യാൻ രഹാനെ വിസമ്മതിച്ചതെന്നാണു വിവരം. എന്തായാലും ഓസ്ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു മുന്നിൽനിന്നു നയിച്ചത്. പരമ്പര പിടിച്ചെടുത്ത് അജിൻക്യ രഹാനെ ക്യാപ്റ്റൻസി മികവ് തെളിയിച്ചു. മത്സര ശേഷം ആഘോഷങ്ങളിൽ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടി. നൂറാം മത്സരം കളിച്ച ഓസീസ് താരം നേഥൻ ലയണ് ഇന്ത്യൻ താരങ്ങൾ എല്ലാവരും ഒപ്പിട്ട ജഴ്സി സമ്മാനിച്ചാണ് രഹാനെയും സംഘവും ഓസ്ട്രേലിയ വിട്ടത്. ഭാര്യയും മകളും അടക്കം താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. പൂച്ചെണ്ടുകൾ നൽകി ആരാധകരും അയൽക്കാരും ക്യാപ്റ്റൻ രഹാനെയെ വരവേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com