ADVERTISEMENT

‘‘ പഞ്ചാരപ്പാലുമിട്ടായി..
പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി..
ആർക്കുവേണം ആർക്കുവേണം
പഞ്ചാരപ്പാലുമിട്ടായി’’

മലയാളികളുടെ നാവിൻതുമ്പിൽ മധുരം വിടർത്തിയ പാട്ട്. ഭാര്യ എന്ന സിനിമയ്ക്കുവേണ്ടി വയലാറെഴുതിയ ഈ പാട്ടിലാണ് ആദ്യമായി ജി.ദേവരാജനും യേശുദാസും ഒന്നിച്ചത്. അതവിടെ നിൽക്കട്ടെ. ആരെങ്കിലും പഞ്ചാരപ്പാലുമിട്ടായി നുണഞ്ഞിട്ടുണ്ടോ? എന്താണു സംഗതിയെന്ന് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നേരെ തെക്കേപ്പുറത്തേക്ക് പോന്നോളു. വൈകുന്നേരങ്ങളിൽ സൗത്ത് ബീച്ച് മുതൽ മുഖദാർ വരെയുള്ള കടപ്പുറത്തെവിടെയെങ്കിലും പഞ്ചാരപ്പാലുമിട്ടായി വിൽക്കുന്നൊരാളെക്കാണാം. അദ്ദേഹത്തിന്റെ പേരാണ് ‘മിട്ടായി ബഷീർ’.

E-1
മിട്ടായി ബഷീർ...ചിത്രം : എം.ടി.വിധുരാജ്

കുറ്റിച്ചിറ തെക്കേപ്പുറം നിവാസികൾ കുട്ടിക്കാലം തൊട്ട് പഞ്ചാരപ്പാലുമിട്ടായി വാങ്ങിക്കഴിച്ചുവരുന്നത് ബഷീറിന്റെ കയ്യിൽനിന്നാണ്. ഇടത്തേതോളിലെ പച്ചപ്പെട്ടിക്കുപുറത്ത് പാലുമിട്ടായി എന്ന് എഴുതിവച്ചിട്ടുണ്ട്. അതിനകത്തുനിന്ന് മിഠായിയെടുത്ത് പൂമ്പാറ്റയുടെയും  മയിലിന്റെയും കണ്ണടയുടെയും രൂപത്തിലാക്കിയാണ് കയ്യിലേക്ക് തരിക. അൽപ്പംകട്ടിയുള്ള, കടുത്ത മധുരമുള്ള മിട്ടായി വായിൽ പതിയെപ്പതിയെ  അലിഞ്ഞുതീരും. പുതുതലമുറ മിഠായികളുടെ രുചിയിൽനിന്ന് ഒരു തിരിച്ചുപോക്കാണ് ഈ രുചി.

കണ്ണംപറമ്പ് പള്ളിക്കു കിഴക്കുവശത്ത് കുത്തുകല്ല് സുഹറാസിൽ ബഷീർ കഴിഞ്ഞ 48 വർഷമായി മിഠായി വിൽക്കുകയാണ്. 1968ലാണ് ബഷീറും കുടുംബവും താനൂരിൽനിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയത്. 

ബഷീറിന്റെ പിതാവ് അബൂബക്കർ തമിഴ്നാട്ടിലെ നാഗൂരിൽ താമസിക്കുമ്പോഴാണ് പാലുമിഠായിയുണ്ടാക്കാൻ പഠിച്ചത്. 60 കൊല്ലം പാലുമിഠായി വിറ്റയാളാണ് അബൂബക്കർ. ഉപ്പ പഞ്ചാരപ്പാലുമിട്ടായി പാട്ടൊക്കെ പാടിയാണ് വിറ്റത്. എന്നാൽ താൻ പാട്ടൊന്നും പാടാറില്ലെന്നും ബഷീർ ചെറുചിരിയോടെ പറയുന്നു. ബഷീറിന്റെ അനിയൻ മുഹമ്മദും തിരുന്നാവായയിൽ പാലുമിട്ടായി വിൽപ്പനക്കാരനാണ്.

pancharapaal-mittai
മിട്ടായി ബഷീർ...ചിത്രം : എം.ടി.വിധുരാജ്

ബഷീറും ഭാര്യ സുഹ്റയും നാലു മക്കളുമടങ്ങുന്നതാണ് കുടുംബം. സുഹ്റയുടെ സഹായത്തോടെയാണ് മിഠായി നിർമാണം. വീടിന്റെ മുറ്റത്ത് കല്ലുകൂട്ടിയാണ് അടുപ്പുണ്ടാക്കുന്നത്. പഞ്ചസാരയും ചെറുനാരങ്ങയും വെളിച്ചെണ്ണയുമൊക്കെ ചേർത്തുള്ള പരമ്പരാഗത രുചിക്കൂട്ടാണ് മിഠായിയുടെ രഹസ്യം. രാവിലെ ഒൻപതുമണിയോടെ പാചകം തുടങ്ങിയാൽ ഉച്ചയ്ക്ക് ഒരുമണിയോടെ പണി പൂർത്തിയാവും. മിഠായിപ്പെട്ടി നിർമിച്ചതും പെയിന്റടിച്ചതുമൊക്കെ ബഷീർ തന്നെയാണ്. വെയിലു താഴുന്നതോടെ മിഠായിയുമായി കടപ്പുറത്തേക്കിറങ്ങും. തെക്കേപ്പുറം ബീച്ചിലാണ് വിൽപന. വല്ലപ്പോഴും പ്രധാനബീച്ചിലേക്ക് വരും.  കുട്ടിക്കാലത്ത് ബഷീറിന്റെ  കയ്യിൽനിന്ന് മിഠായി വാങ്ങിത്തിന്ന പലരും ഇപ്പോൾ വലിയ ആളുകളാണ്. അവർ ബഷീറിനെ കാണുമ്പോൾ ഓടിവരും. മിഠായി വാങ്ങിക്കഴിക്കും. തങ്ങളുടെ കുട്ടികൾക്ക് വാങ്ങിക്കൊടുക്കും. എന്നിട്ടുപറയും: ‘‘ ഉപ്പ പണ്ട് സ്കൂളിൽപ്പോവുമ്പോ വാങ്ങിക്കഴിച്ചിരുന്നത് ഈ മുട്ടായിയാണ് ട്ടോ...’’

English Summary : Mittayi Basheer Sweet vendor from Kozhikode.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com