ADVERTISEMENT

ലോകപ്രശസ്ത കായിക താരങ്ങളുടെയും  അഭിനേതാക്കളുടെയും പ്രിയപ്പെട്ട ഷെഫാണ് സാൾട്ട് ബേ എന്ന പേരിൽ അറിയപ്പെടുന്ന നുസ്രത് ഗുക്ചെ. പ്രത്യേകതരത്തിൽ മാംസ വിഭവങ്ങൾ അണിയിച്ചൊരുക്കുന്ന സാൾട്ട് ബേയുടെ പാചക രീതികൾ ഇന്റർനെറ്റിൽ തരംഗമാണ്. ഇന്ന് ലോകത്തിലെ തന്നെ മുൻനിര നഗരങ്ങളിൽ എല്ലാം അദ്ദേഹത്തിന് സ്വന്തമായി റസ്റ്റോറന്റുകൾ ഉണ്ട്.  സാൾട്ട് ബേ – സ്റ്റൈൽ രുചിതേടി  അവിടെ എത്തുന്നവരുടെ നീണ്ട ക്യൂവിൽ ലോകപ്രശസ്ത കായിക താരങ്ങളും സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഒക്കെ ഉൾപ്പെടുന്നു.

നുസ്രത് റസ്റ്ററന്റ്സ് എന്ന അദ്ദേഹത്തിന്റെ ഭക്ഷ്യശൃംഖല  വിഭവങ്ങളുടെ രുചികൊണ്ടു മാത്രമല്ല അതിന്റെ വിലകൊണ്ടും ഏറെ പ്രശസ്തമാണ്. കഴിഞ്ഞദിവസം സോൾട്ട് ബേ  തന്റെ ഇൻസ്റ്റാഗ്രാം  ഹാൻഡിലിൽ ഷെയർ ചെയ്ത ഒരു ബില്ല് വളരെ വേഗം തന്നെ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്

"ഗുണമേന്മയ്ക്ക് അല്പം പണം ചെലവ് വരുന്നത് തെറ്റല്ല" എന്ന മട്ടിലുള്ള  ക്യാപ്‌ഷനുമായി  സോൾട്ട് ബേ ഷെയർ ചെയ്ത ബില്ലിൽ,  നൽകേണ്ട തുകയായി രേഖപ്പെടുത്തിയിരിക്കുന്നത്  615,065 ദിർഹമാണ്! അതായത് 1.36  കോടി ഇന്ത്യൻ രൂപ! 14 പേരുൾപ്പെട്ട സംഘം ആളൊന്നിന് പത്തുലക്ഷം രൂപ വില വരുന്ന ഭക്ഷണമാണ് അവിടെ നിന്നും കഴിച്ചത്. പാനീയങ്ങൾ ഒഴിച്ചാൽ  ബില്ലിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഫ്രഞ്ച് ഫ്രൈസിനാണ്. അതുതന്നെ നാല് പേർക്ക് 4000 ഡോളറോളം വരും! അബുദാബിയിലുള്ള ഈ റസ്റ്ററന്റിൽ സ്റ്റാർട്ടർ വിഭവങ്ങൾ തന്നെ 19000 ദിർഹം ചിലവ് വരുന്നതാണ്. എന്നാൽ ഇതാദ്യമായല്ല സോൾട്ട് ബേയുടെ റസ്റ്റോറന്റുകളിൽ ഇത്ര വിലയുള്ള ബിൽ വരുന്നത്.

കഴിഞ്ഞവർഷം ലണ്ടനിലെ ഔട്ട്ലെറ്റിൽ നിന്നും ഷെയർ ചെയ്ത ബില്ലിൽ  ഒരു നേരത്തെ ഭക്ഷണത്തിന് ഈടാക്കിയത് 1800 പൗണ്ട് ആണ്. അതായത് ഏതാണ്ട്  1.80 ലക്ഷം രൂപ! ബിൽ ഷെയർ ചെയ്തുള്ള പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ അവിടുത്തെ വിഭവങ്ങളുടെ വിലയെ കുറ്റപ്പെടുത്തുമ്പോൾ മറ്റുചിലരാകട്ടെ ഈ പണം ഉപയോഗിച്ച് ആയിരക്കണക്കിനു കുട്ടികൾക്ക് ആഹാരം വാങ്ങിക്കൊടുക്കാമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സാൾട്ട് ബേ ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ ഷെഫ്

ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ ഷെഫ്. മാംസക്കഷണങ്ങൾ മൂർച്ചയേറിയ ആയുധങ്ങൾക്കൊണ്ടു തലങ്ങും വിലങ്ങും വെട്ടി കഷണങ്ങളാക്കി അതിനു മീതെ പ്രത്യേക രീതിയിൽ ഉപ്പും വിതറുന്ന ഇദ്ദേഹത്തിന്റെ വി‍ഡിയോയ്ക്ക് ആരാധകർ ഏറെയാണ്. റെയ്ബാൻ റൗണ്ട് കൂളിങ് ഗ്ലാസ് വച്ച്, ഒരു ആയോധനമുറയുടെ സൂക്ഷ്മതയോടെ വിദഗ്ധമായാണ് ഇറച്ചിക്കഷണങ്ങൾ മുറിക്കുന്നത്. ശ്വാസം അടക്കി കണ്ടിരുന്നു പോകും. നുസ്രത് ഗുക്ചെ എന്നാണ് ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേര്. കോബ്രാ സ്റ്റൈലിലുള്ള ആ ഉപ്പ് വിതറലാണ് ആൾക്ക് സാൾട്ട് ബേ എന്ന ഇരട്ടപ്പേരു നൽകിയത്.

ആരാധന മാത്രമല്ല വിഡിയോയ്ക്ക്, സ്വർണ്ണ തരികൾ വിതറി തയാറാക്കിയ സ്റ്റീക്ക് വിഭവത്തിന് നിരവധി വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. ഇറച്ചി മുറിക്കുന്നതിൽ മാത്രമല്ല, പാചകത്തിലും ആളൊരു പുലിയാണ്. പാചകം വെറുമൊരു കലയല്ല ആയോധന കലയാണോ എന്നു വരെ സംശയം തോന്നും. ലയണൽ മെസി, കിലിയൻ എംബപെ, പോൾ പോഗ്ബ തുടങ്ങിയ ഫുട്ബോൾ താരങ്ങളും ഇദ്ദേഹത്തിന്റെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ട്. Nusr-Et സ്റ്റീക്ക് ഹൗസ് എന്നു പേരുള്ള റസ്റ്ററന്റ് ശൃംഖല അബുദാബി, ദോഹ, ന്യൂയോർക്ക്, മിയാമി, ദുബായ്, ഇസ്താംബുൾ എന്നീ നഗരങ്ങളിലുണ്ട്.


Content Summary : Group Spends Rupees 1.36 Crore At Salt Bae's Restaurant.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com