നല്ല ഓംലെറ്റ് ഉണ്ടാക്കാൻ അറിയാമെങ്കിൽ നല്ല കുക്ക് ആകാം: മോഹൻലാൽ
Mail This Article
‘‘ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു പിടിവാശിയുമില്ല, എല്ലാ ഭക്ഷണവും കഴിക്കും. രാവിലെ എണീറ്റു ചായ കുടിക്കണം, ജൂസ് വേണം... അങ്ങനെ ശീലങ്ങൾ ഒന്നുമില്ല. കഴിക്കുന്ന ഭക്ഷണം നല്ലതായിരിക്കണം. കൂടുതലും ഷൂട്ടിങ് സെറ്റിലെ പ്രൊഡക്‌ഷൻ ഫുഡാണ് കഴിക്കുന്നത്.’’ കൊച്ചി പനമ്പിള്ളി നഗറിലെ പുതിയ ട്രെൻഡിങ് റസ്റ്ററന്റായ സ്ട്രീറ്റ്സ് ബൈ പൾപ് ഫാക്ടറിയിലെത്തി കൊച്ചിയിലെ ഭക്ഷണപ്രേമികളുടെ സമൂഹമാധ്യമ കൂട്ടായ്മയായ ‘ഈറ്റ് കൊച്ചി ഈറ്റി’ൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. മിതമായ നിരക്കിലുള്ള ഭക്ഷണം മാത്രമല്ല, ലയണൽ മെസ്സിക്കൊപ്പമുള്ള ഫോട്ടോ പോയിന്റുമാണ് ഈ റസ്റ്ററന്റിലെ ആകർഷണം. റസ്റ്ററന്റിലെത്തിയ മോഹൻലാൽ ചായ കുടിക്കുകയും പാചക വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്നേഹത്തോടെ ഭക്ഷണം തയാറാക്കിയാൽ മാത്രമേ സ്നേഹത്തോടെ വിളമ്പാനും സാധിക്കൂ എന്നും അദ്ദേഹം പറയുന്നു.
മോഹൻലാൽ തന്റെ ഇഷ്ട ഭക്ഷണ രീതികളെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് ‘‘ഇന്ന ഭക്ഷണം ഉണ്ടെങ്കിലേ കഴിക്കൂ എന്ന നിർബന്ധം ഇല്ല. എല്ലാ ഫുഡും കഴിക്കും. പുറത്തു പോയാൽ കുടുതലും സ്ട്രീറ്റ് ഫുഡ് ആണ് താൽപര്യം. മൊറോക്കോയിൽ 45 ദിവസം ഷൂട്ടിനു പോയപ്പോൾ അവിടുത്തെ സ്പെഷൽ വിഭവങ്ങൾ ആയിരുന്നു കഴിച്ചിരുന്നത്. അധികം മസാല ഇല്ലാത്തതാണ് ജാപ്പനീസ് ഭക്ഷണങ്ങളോട് ഇഷ്ടം കൂടാൻ കാരണം. ഒരു നല്ല ഓംലെറ്റ് ഉണ്ടാക്കാൻ അറിയുമെങ്കിൽ നിങ്ങൾക്ക് ഒരു നല്ല കുക്ക് ആകാൻ കഴിയുമെന്നാണ് പറയുന്നത്.’’