ADVERTISEMENT

ജപ്പാന്റെ തനതു രുചി കൊച്ചിയിലെത്തിച്ചു തമിഴ്നാട്ടിൽ‌ വേരുകളുള്ള ഷെഫ് ബൃഹദീഷ് കുമാറും പുണെ സ്വദേശിനി സിദ്ധി ഗോഖലെയും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ തായ് സോ‍ൾ റസ്റ്ററന്റിലാണ് 21 വരെ ഇവരുടെ നേതൃത്വത്തിൽ ജാപ്പനീസ് ഭക്ഷ്യമേള. പുണെയിൽ ജിങ്‌കോ എന്ന ജാപ്പനീസ് റസ്റ്ററന്റ് സംരംഭകരാണു ബൃഹദീഷും സിദ്ധിയും. സിദ്ധിയാണു ജിങ്‌കോ റസ്റ്ററന്റ് മാനേജർ. വൻകിട ഹോട്ടൽ ഗ്രൂപ്പുകളിലെയും റസ്റ്റന്റുകളിലെയും പ്രവർത്തന പരിചയവുമായാണ് ഇരുവരും സ്വന്തം സംരംഭവുമായി, രണ്ടര വർഷം മുൻപ് ഇറങ്ങിയത്. ഇവരുൾപ്പെടെ നാലംഗ സംഘമാണു ജപ്പാൻ ഭക്ഷണരുചികളുമായി കൊച്ചിയിൽ എത്തിയത്. ജപ്പാനെയും ജപ്പാൻ ഭക്ഷണ വിഭവങ്ങളെയും അവിടത്തെ ഭാഷയെയും ഏറെ ഇഷ്ടപ്പെടുന്ന ബൃഹദീഷ്, ജപ്പാൻ സംസ്കാരവും നെഞ്ചിൽ‌ ചേർക്കുന്നു. ജപ്പാൻ സർക്കാരിന്റെ സ്കോളർഷിപ് നേടി അവിടെ പോയി പഠിച്ചശേഷമാണു ജപ്പാൻ ഭക്ഷണവൈവിധ്യം നാട്ടിലെത്തി പരിചയപ്പെടുത്തുന്നത്. ഹയാത്തിലെ എക്സിക്യൂട്ടീവ് ഷെഫ് യോഗേന്ദർ പാലാണ് ഇവരെ കൊച്ചിയിലെത്തിക്കാൻ മുൻകയ്യെടുത്തത്. കൊച്ചിയിലേക്ക് ഏതാനും ദിവസത്തേക്കു ജപ്പാൻ രുചികൾ പറിച്ചുനടുന്ന ബൃഹദീഷും സിദ്ധിയും വിശേഷങ്ങൾ പങ്കിടുന്നു

Read Also : ഉള്ളിയും തക്കാളിയും മുളകിട്ടത്, നാടൻ രുചി...
 

കൊച്ചിയിൽ പരിചയപ്പെടുത്തുന്ന ജപ്പാൻ വിഭവങ്ങൾ ഏതെല്ലാം ?

സിദ്ധി ഗോഖലെ: പ്രധാനമായും വ്യത്യസ്ത തരം സുഷിയും രാമെൻ പോലുള്ള ന്യൂഡിൽസ് വിഭവങ്ങളും സൂപ്പുകളും ചിക്കൻ വിഭവങ്ങളുമാണ്. മീൻ–ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവർക്കു മാത്രമല്ല, വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്കും സുഷി ഉൾപ്പെടെ ഒരുക്കും. അവക്കാഡോയിലും ക്രീം ചീസിലുമാണു വെജിറ്റേറിയൻ സുഷി. ചെമ്മീൻ, സാൽമൺ, ട്യൂണ എന്നിവയിലും തയാറാക്കുന്നുണ്ട്. രാമെൻ ന്യൂഡിൽസ് മറ്റു ന്യൂഡിൽസ് പോലെയല്ല. ആൽക്കലൈൻ ലായനിയിലാണ് അതു തയാറാക്കുന്നത്. സുഷിക്കു വേണ്ടിയുള്ള സാമൺ, ബ്ലൂഫിൻ ട്യൂണ മത്സ്യങ്ങൾ നോർവേ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. സാൽമൺ മുട്ടയും പ്രത്യേകം എത്തിക്കും. പച്ചക്കറികൾ പ്രാദേശികമായി ശേഖരിക്കുകയാണ്. ജപ്പാൻ ഭക്ഷണം പൊതുവേ അത്ര സ്പൈസിയല്ല. ഇവിടത്തെ രുചികൾക്ക് അനുസരിച്ചു ചേർക്കാൻ അൽപം സ്പൈസി ആയിട്ടുള്ള ടോപ്പിങ്ങുകൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 2–3 ദിവസമായി അതിന്റെ ഉൾപ്പെടെ ഒരുക്കങ്ങളിലായിരുന്നു.

 

ബൃഹദീഷ്: ജപ്പാൻ ഭക്ഷണവിഭവങ്ങളുടെ തനിമ ഒട്ടും വിടാതെയാണ് ഇവിടെയും ഒരുക്കുന്നത്. എല്ലാത്തരം ഭക്ഷണങ്ങളും ഒരുക്കുന്നില്ലെങ്കിലും തയാറാക്കുന്നതു കൃത്യമായ ചിട്ടവട്ടങ്ങളോടെയാണ്. അതിൽ ഫ്യൂഷൻ ഭക്ഷണരീതിപോലും ചെയ്യാൻ ഒരുക്കമല്ല. എന്റെ വേരുകൾ തമിഴ്നാട്ടിലാണ്. വളർന്നതും പഠിച്ചതും മുംബൈയിലും ജപ്പാനിലും. ഇപ്പോൾ പുണെയിലാണു താമസം. എല്ലാത്തരം ഭക്ഷണവും ഇഷ്ടപ്പെടുമ്പോഴും അതിൽ കലർപ്പ് വരുത്താൻ താൽപര്യമില്ല. 

 

കേരളത്തിലെ ഇഷ്ടഭക്ഷണവും ജപ്പാൻ പ്രേമവും 

 

ബൃഹദീഷ്: ഇവിടെ സദ്യയാണ് ഏറെയിഷ്ടം; അതിൽത്തന്നെ പുളിശേരി. പിന്നെ, കേരളത്തിലെ വിവിധ കിഴങ്ങു വർഗങ്ങൾ കൊണ്ടുള്ള വിഭവങ്ങളും. ജപ്പാനോടുള്ള ഇഷ്ടം ചെറുപ്പത്തിലേ കയറിക്കൂടിയതാണ്. അതാണു ജപ്പാൻ സംസ്കാരവും ഭാഷയും ഭക്ഷണവുമെല്ലാമായി വളർന്നത്. 26 വയസ്സായി. ഇപ്പോഴും  അതു വളർന്നുകൊണ്ടിരിക്കുന്നു. 

കുറഞ്ഞ ചെലവിൽ ജപ്പാൻ ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കണമെന്നതാണു ലക്ഷ്യം. അതിനായി ശ്രമിക്കുന്നുണ്ട്. വലിയ ഹോട്ടലും റസ്റ്ററന്റ് ചെയിനുമൊന്നും താൽപര്യമില്ല. ഇപ്പോൾ നടത്തുന്ന ഒരു ചെറിയ റസ്റ്ററന്റാണ്. ഭക്ഷണം കഴിക്കാൻ വരുന്നവരോടു നേരിൽ സംസാരിച്ച്, അതിന്റെ രുചിയെക്കുറിച്ചു പറഞ്ഞും അറിഞ്ഞും ഭക്ഷണം ഒരുക്കണം. അതാണു താൽപര്യം.

 

Content Summary : Japanese food festival at Thai Soul Restaurant, Bolgatti Grand Hyatt, Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com