കറികളിൽ മഞ്ഞൾ കൂടിപോയോ? നിറവും അരുചിയും മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്യാം
Mail This Article
എണ്ണമറ്റ ഗുണങ്ങളുടെ കലവറയാണ് മഞ്ഞൾ. ഔഷധങ്ങളിൽ മാത്രമല്ല, കറികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണിത്. എന്നാൽ കറിയിൽ ചേർക്കുമ്പോൾ ഒരല്പം കൂടിപ്പോയാൽ ചിലപ്പോൾ കാര്യങ്ങൾ ആകെ അവതാളത്തിലാകും. കടുത്ത മഞ്ഞ നിറം മാത്രമല്ല, ചെറിയ കയ്പും കറികൾ രുചിക്കുമ്പോൾ അനുഭവപ്പെടും. ഇനി അങ്ങനെ സംഭവിക്കുമ്പോൾ ഈ കാര്യങ്ങളൊന്നു പരീക്ഷിച്ചു നോക്കിയാൽ മതി. അരുചിയും നിറവും മാറ്റിയെടുക്കാം.
തേങ്ങാപ്പാൽ ഒരുത്തമ പ്രതിവിധി
മഞ്ഞൾ കൂടിപ്പോയ കറികളിൽ കുറച്ചു തേങ്ങാപ്പാൽ ചേർത്താൽ കറിയ്ക്കു ഒരു ക്രീമി ഘടന കൈവരും എന്നതു മാത്രമല്ല, രുചിയും വർധിക്കും. തേങ്ങാപ്പാലിന്റെ ഒരു ചെറു മധുരം കൂടി ചേരുമ്പോൾ മഞ്ഞളിന്റെ ആ ചെറുകയ്‌പിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും. കറികളിലോ, സ്റ്റൂവിലോ മഞ്ഞൾ കൂടിയാൽ ഈ വഴി നോക്കുന്നതാണ് ഉത്തമം.
ഉരുളക്കിഴങ്ങിനും ചിലത് ചെയ്യാൻ കഴിയും
വേവിക്കാത്ത, പച്ച ഉരുളക്കിഴങ്ങിന് കടുത്ത മഞ്ഞ നിറത്തെ കറികളിൽ നിന്നും വലിച്ചെടുക്കാനുള്ള കഴിവുണ്ട്. ഉരുളക്കിഴങ്ങിനെ വലിയ കഷ്ണങ്ങളായി മുറിച്ചു പാകം ചെയ്തുകൊണ്ടിരിക്കുന്ന കറിയിലിടാം. മറ്റുള്ള ചേരുവകൾക്കൊപ്പം കിടന്നു വേവുന്ന ഉരുളക്കിഴങ്ങിനെ പിന്നീട് കറിയിൽ നിന്നും എടുത്തു മാറ്റാം. മഞ്ഞ നിറത്തെ കുറയ്ക്കാൻ മാത്രമല്ല, കറിയിൽ മുന്നിട്ടു നിൽക്കുന്ന മഞ്ഞളിന്റെ അരുചിയെ മാറ്റാനും ഇതുവഴി സാധിക്കും.
പഞ്ചസാരയോ ഫ്രഷ് ക്രീമോ ചേർക്കാം
കറികളിൽ അല്പം മധുരം ചേരുമ്പോൾ അമിതമായി പോയ മഞ്ഞളിന്റെ ചെറുകയ്പ് ഇല്ലാതെയാകും. അതിനു വേണ്ടി കുറച്ചു പഞ്ചസാരയോ അല്ലെങ്കിൽ അല്പം ഫ്രഷ് ക്രീമോ ചേർക്കാം. എന്നാൽ ഇവ ചേർക്കുമ്പോൾ അല്പമൊന്നു ശ്രദ്ധിക്കണം, കറികൾക്ക് മധുരം കൂടിപ്പോകാൻ സാധ്യതയുണ്ട്.
നാരങ്ങനീര്, വിനാഗിരി, തൈര് ഇവയിലേതെങ്കിലുമൊന്നു പരീക്ഷിക്കാം
മുന്നിട്ടു നിൽക്കുന്ന മഞ്ഞളിന്റെ രുചിയെ ലഘൂകരിക്കാൻ ചെറുനാരങ്ങയുടെ നീരോ തൈരോ വിനാഗിരിയോ കറിയിൽ ചേർക്കാം. എന്നാൽ ചേർക്കുന്നതിന് മുൻപ് ഇവയിൽ അടങ്ങിയിരിക്കുന്ന അസിഡിക് ചേരുവകൾ കറിയുടെ രുചിയെ ബാധിക്കുമോ എന്നത് കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
തൈരിൽ മസാലകൾ മിക്സ് ചെയ്യാം
ഗരം മസാലയോ ജീരകമോ മല്ലിയോ എന്തെങ്കിലും ചേർന്നാൽ കറിയുടെ ഘടനയിൽ വ്യത്യാസം വരുകയില്ലെന്നുണ്ടെങ്കിൽ ഇവയിൽ ഏതെങ്കിലുമൊന്ന് തൈരുമായി മിക്സ് ചെയ്ത് കറിയിൽ ചേർക്കാം. മഞ്ഞളിന്റെ അരുചി മാറുമെന്ന് മാത്രമല്ല, തൈര് കൂടി ചേരുമ്പോൾ കറിയ്ക്ക് രുചി വർധിക്കുകയും ചെയ്യും.
English Summary: Excess Turmeric In Your Food? 5 Tips To Salvage The Dish