ADVERTISEMENT

ഭക്ഷണം ഓർഡർ ചെയ്യുക എന്നത് ഇപ്പോൾ സർവസാധാരണമായ കാര്യമാണ്. അതിനായി സ്വിഗ്ഗി, സോമാറ്റോ പോലുള്ള വമ്പൻ ആപ്ലിക്കേഷനുകൾ നഗരങ്ങളിലും തദ്ദേശീയമായുള്ള ആപ്പുകൾ ചെറുപട്ടണങ്ങളിലുമുണ്ട്. ഓർഡർ ചെയ്യുന്ന ഭക്ഷണം കൃത്യസമയത്തു ഉപഭോക്താവിനടുത്തു എത്തിക്കുക എന്നതു മാത്രമാണ് ഈ ആപ്പുകളുടെ പ്രധാന ചുമതല. എന്നാൽ ചിലപ്പോൾ ഓർഡർ ചെയ്തു കയ്യിൽ കിട്ടുന്ന ഭക്ഷണത്തിനെതിരെ പരാതികൾ ഉയരുന്ന സാഹചര്യവും ഉണ്ടാകാനിടയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്തു ചർച്ചയായത് അത്തരത്തിലൊരു കാര്യമായിരുന്നു. ഓർഡർ ചെയ്ത മാതള നാരങ്ങ കഴിക്കാനായി വായിലെടുത്തു വച്ചപ്പോൾ അതിനു നെയിൽ പോളിഷിന്റെ മണം. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചോദിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

 

സംദീഷ് ഭാട്ടിയ എന്ന വ്യക്തിയാണ് തനിക്കുണ്ടായ ദുരനുഭവം കുറിച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.  സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്നും ഈ ഒരു പാക്കറ്റ് മാതളനാരങ്ങ ഓർഡർ ചെയ്തു. ഞാൻ ഇനി പറയുന്ന കാര്യം നിസാരമല്ലെന്നും ഒരു സ്പൂൺ മാതളനാരങ്ങ വായിലെടുത്തു വച്ചപ്പോൾ ആ രുചിയും മണവും പരിചിതമായി തോന്നി. നെയിൽ പോളിഷ്, എന്നർത്ഥമാക്കുന്ന വരികൾ കുറിച്ചു കൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തിയത്. കാര്യം വൈറലായതോടെ ധാരാളം പേർ  അഭിപ്രായങ്ങളുമായി രംഗത്തെത്തി. മാതള നാരങ്ങ പഴകിയതു കൊണ്ടാകാം ചീത്ത ഗന്ധമെന്നും അതുപയോഗിക്കരുതെന്നും ഒരാൾ എഴുതിയപ്പോൾ ചീഞ്ഞു പോകാതിരിക്കാൻ പ്രിസെർവേറ്റീവ്സ് ചേർക്കുന്നതിനാലാകാം ഈ ഗന്ധം എന്നാണ് മറ്റൊരാൾ വിശദീകരിച്ചിരിക്കുന്നത്. 

 

മാതള നാരങ്ങയ്ക്കു കൂടുതൽ നിറം ലഭിക്കാനായി നെയിൽ പോളിഷ് ചേർത്തതാണോ എന്ന സംശയവും പോസ്റ്റ് പങ്കുവച്ച വ്യക്തിക്കുണ്ട്. അല്ലാതെ ഈ മണവും രുചിയുമുണ്ടാകാൻ സാധ്യതയില്ലെന്നു അയാൾ വിശദീകരിക്കുന്നു. എന്നാൽ അങ്ങനെ ഒന്നും തന്നെയും തങ്ങളുടെ ഉൽപ്പന്നത്തിൽ ചേർത്തിട്ടില്ലെന്നും മാതള നാരങ്ങയുടെ പ്രകൃതിദത്ത മണം മാത്രമേ അതിനുള്ളുവെന്നും ഗുണനിലവാരം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കമ്പനി ഒരു സ്വകാര്യ മാധ്യമത്തിന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിട്ടുണ്ട്. ഇതറിഞ്ഞയുടനെ തന്നെ പരാതിക്കാരനുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും തിരിച്ചു പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ലെന്നുമാണ് കമ്പനി പറയുന്നത്. 

English Summary: Man claims packet of pomegranate from online order tastes like nail paint Internet reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com