ADVERTISEMENT

അടുക്കളയിലെ അവശ്യ സാധനങ്ങളിൽ ഒന്നാണ് എണ്ണ. പ്ലാസ്റ്റിക് കവറുകളിൽ സീൽ ചെയ്താണ് എണ്ണ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. ഇത് പൊട്ടിച്ചു കുപ്പികളിലേക്ക് ഒഴിക്കുമ്പോൾ ഒട്ടും പരിചയമില്ലാത്തവരാണെങ്കിൽ പകുതിയും താഴെ പോകാനും കുപ്പിയുടെ പുറം ഭാഗത്തു കൂടി ഒലിച്ചിറങ്ങാനുമൊക്കെ സാധ്യതയുണ്ട്. എണ്ണ ഇങ്ങനെ പുറത്തുപോയാൽ പോയാൽ വൃത്തിയാക്കിയെടുക്കുക എന്നതും കുറച്ചു സമയമെടുക്കുന്ന പണി തന്നെയാണ്. അങ്ങനെയുള്ളവർക്ക് ഇനി പറയുന്ന പൊടികൈകൾ പ്രയോഗിച്ചു നോക്കാം. 

 

പ്ലാസ്റ്റിക് പാക്കറ്റിനു ചെറുദ്വാരമിടാം 

 

എണ്ണ പ്ലാസ്റ്റിക് പാക്കറ്റിൽ നിന്നും കുപ്പിയിലേക്ക് പകർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പാക്കറ്റിനു ചെറിയ ദ്വാരമിടുക എന്നതാണ്. കവറിന്റെ ഏതെങ്കിലും മൂലയോടു ചേർന്ന് കത്രിക ഉപയോഗിച്ച്  ചെറുതായി കട്ട് ചെയ്യാം. ചെറിയ ദ്വാരമിടുന്നത് കവിഞ്ഞൊഴുകാതെയിരിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, എണ്ണ ഒഴിക്കുന്ന പാക്കറ്റിനുമേൽ കൂടുതൽ നിയന്ത്രണവും ലഭിക്കും. 

 

ശരിയായ കണ്ടെയ്നർ തിരഞ്ഞെടുക്കാം 

 

എണ്ണ ഒഴിച്ച് വെയ്ക്കുന്ന കുപ്പിയോ ജാറോ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. കുപ്പിയുടെ വായ്ഭാഗത്ത് വലിയ ദ്വാരമാണെങ്കിൽ കറിവെയ്ക്കുമ്പോഴൊക്കെയും ആവശ്യമുള്ളതിൽ കൂടുതൽ എണ്ണ പാത്രത്തിലേയ്ക്ക് വീഴാനുള്ള സാധ്യതയുണ്ട്. രണ്ടു തരത്തിൽ തുറക്കാവുന്ന കുപ്പികൾ തെരഞ്ഞെടുക്കണം. പാക്കറ്റിൽ നിന്നും എണ്ണ പകർത്തിയൊഴിക്കുമ്പോൾ വായ്‌വട്ടം കൂടുതലുള്ള കുപ്പിയായിരിക്കും സൗകര്യപ്രദം. എന്നാൽ കറികൾക്ക് എണ്ണ ഒഴിക്കുമ്പോൾ ചെറിയ ദ്വാരമായിരിക്കും ഉപകാരപ്പെടുക. 

 

ധൃതി വേണ്ട, സാവധാനം ചെയ്യാം

 

കണ്ടെയ്നറിലേയ്ക്ക് എണ്ണ പകർത്തിയൊഴിക്കുമ്പോൾ സാവധാനത്തിൽ സമയമെടുത്ത് തന്നെ ഒഴിക്കാൻ ശ്രദ്ധിക്കണം. എണ്ണ പാക്കറ്റ് മെല്ലെ ചെരിച്ചു പിടിച്ചു വേണം ഒഴിക്കാൻ, വേഗത്തിൽ ചെയ്താൽ എണ്ണ തുളുമ്പി താഴെ വീഴാനുള്ള സാധ്യതകളുണ്ട്. മാത്രമല്ല, കണ്ടെയ്നറിനോട് ചേർത്ത് പിടിച്ചു തന്നെ ഒഴിക്കണം. അകലം കൂടുമ്പോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ എണ്ണ പുറത്തേയ്ക്കു ഒഴുകി പോകുകയും ചെയ്യും.

 

ചോർപ്പ് ഉപയോഗിക്കാം 

 

എണ്ണ കുപ്പിയിലേയ്‌ക്കോ കണ്ടെയ്നറിലേയ്‌ക്കോ ഒഴിക്കുമ്പോൾ ഒരു ചോർപ്പ് ഉപയോഗിക്കുന്നത് ഏറ്റവും സുരക്ഷിതമായ മാർഗമാണ്. മിക്ക കടകളിലും ഇവ ലഭ്യമായിരിക്കും. കുപ്പിയുടെ വാഭാഗത്ത് ചോർപ്പ് വെച്ചതിനുശേഷം എണ്ണ ഒഴിക്കാം. ശ്രദ്ധിക്കേണ്ട ഒരു കാര്യം. ചോർപ്പ് എപ്പോഴും വൃത്തിയുള്ളതും ജലാംശം തീരെയില്ലാത്തതുമായിരിക്കണം.

 

കണ്ടെയ്നർ ഒരു ബൗളിനുള്ളിൽ വയ്ക്കാം 

 

പാക്കറ്റിൽ നിന്നും എണ്ണ കുപ്പിയിലേക്ക് ഒഴിക്കുമ്പോൾ അടിഭാഗത്തു ഒരു ബൗൾ വെക്കുന്നത് നല്ലതായിരിക്കും. കുപ്പിയിൽ നിന്നും പുറത്തുപോകുന്ന എണ്ണ അവിടം മുഴുവൻ പടർന്നു വൃത്തിഹീനമാകാതെ ബൗളിൽ തന്നെ വീഴും. വൃത്തിയുള്ള ബൗൾ ആണെങ്കിൽ ആ എണ്ണ അടുത്ത തവണത്തെ കറി ഉണ്ടാക്കുമ്പോൾ ചേർക്കാവുന്നതാണ്. 

 

എണ്ണ കുപ്പികളിലേയ്ക്ക് പകർത്തിയൊഴിച്ചതിനുശേഷം പുറംഭാഗം നല്ലതുപോലെ തുടച്ചു വൃത്തിയാക്കാൻ മറക്കരുത്. അല്ലാത്ത പക്ഷം അവിടം തീർത്തും വൃത്തിയില്ലാത്തതു പോലെ കാണപ്പെടും. കണ്ടെയ്നറിന്റെ വായ്ഭാഗം ഒരു പേപ്പർ ടവൽ ഉപയോഗിച്ച് നല്ലതുപോലെ പൊതിഞ്ഞു റബ്ബർ ബാൻഡ് കൂടി ഇട്ടുവെച്ചാൽ പുറംഭാഗങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന എണ്ണ ആ പേപ്പർ ടവൽ വലിച്ചെടുത്തുകൊള്ളും. കുപ്പി വളരെ വൃത്തിയോടെയിരിക്കുകയും ചെയ്യും. 

English Summary: How to Pour Oil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com