ഇനി പാവയ്ക്ക കയ്ക്കുന്നുവെന്ന് പറയില്ല, ഈ ട്രിക്ക് ചെയ്യൂ
Mail This Article
പാവയ്ക്ക ആരോഗ്യത്തിന് ഏറെ ഗുണമുള്ള പച്ചക്കറിയാണ്. പക്ഷേ എല്ലാവർക്കും പാവയ്ക്കയുടെ കയ്പ്പ് ഇഷ്ടപ്പെടണമെന്നില്ല, കയ്പ്പ് കാരണം പാവയ്ക്ക കഴിക്കാന്‍ പലർക്കും മടിയാണ്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. പാവയ്ക്ക തോരനായും തീയലായും വറുത്തുമൊക്കെ കഴിക്കാറുണ്ട്. ഇനി കയ്പ്പില്ലാതെ പാവയ്ക്ക പാകം ചെയ്യാം. ഈ സൂത്രവിദ്യ പ്രയോഗിച്ചാൽ മതി. എങ്ങനെയെന്ന് നോക്കാം.
പാവയ്ക്ക ചെറുതായി അരിഞ്ഞടുക്കണം. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി തിരുമ്മിയെടുക്കാം. ചുവടുരുണ്ട പാത്രത്തിൽ വേണം പാവയ്ക്ക അരിഞ്ഞ് ഇങ്ങനെ ചെയ്യേണ്ടത്. ഒട്ടും വെള്ളം ഒഴിക്കേണ്ടതില്ല. ഉപ്പുമായി തിരുമ്മുമ്പോൾ ജലാംശം വരും. നന്നായി യോജിപ്പിച്ചതിനു ശേഷം പാത്രത്തിൽ നിന്നും വെള്ളം ഉൗർന്നു വരുന്നപോലെ വയ്ക്കാം. അഞ്ച് മിനിറ്റ് വയ്ക്കുമ്പോള്‍ തന്നെ പച്ചനിറത്തിൽ പാവയ്ക്കയിൽ നിന്ന് നീരു വരും. ഇങ്ങനെ രണ്ടുമൂന്നു തവണ ചെയ്യാം. ശേഷം പാവയ്ക്ക തോരനായോ മെഴുക്കുപെരട്ടിയായോ വയ്ക്കാം. ഒട്ടും തന്നെ കയ്പ്പ് ഉണ്ടാകില്ല. ഇനി പാവയ്ക്ക വയ്ക്കുമ്പോൾ ഇതൊന്നു പരീക്ഷിക്കാം.
English Summary: Tips to Remove Bitterness From Bitter Gourd