പാലും തേനും ഒരുമിച്ചു കഴിക്കാമോ? ഇതറിയാതെ പോകരുത്!
Mail This Article
പാലും തേനും ഇണപിരിയാത്ത കൂട്ടുകാരെ പോലെയാണ്. രണ്ടും കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരവുമാണ്. പഞ്ചസാരയ്ക്ക് പകരമായി പലപ്പോഴും തേൻ ഉപയോഗിക്കുന്ന പതിവ് ചിലർക്കെങ്കിലുമുണ്ട്. പല മധുര പലഹാരങ്ങളിലും പാലും തേനും ഒരുമിച്ചു ചേർക്കാറുമുണ്ട്. എന്നാൽ ചിന്തിച്ചിട്ടുണ്ടോ ഈ രണ്ടു ഭക്ഷ്യ വസ്തുക്കളും ഒരുമിച്ചു കഴിക്കാമോ എന്ന്? ഒരുമിച്ചു ചേർത്താൽ ഗുണവും ദോഷവും ഒരുപോലെയുണ്ട് പാലിനും തേനിനും. എന്തൊക്കെയാണെന്ന് നോക്കാം.
പോഷക സമ്പന്നമാണ് പാലും തേനും. പാലിൽ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, കൂടാതെ മറ്റു പല പോഷകങ്ങളുമുണ്ട്. തേനിലാണെങ്കിലോ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. തേനിന്റെ മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. പഞ്ചസാരയ്ക്ക് പകരമായി തേൻ ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. ആരോഗ്യത്തിനു ഉത്തമമായ വഴിയും അത് തന്നെയാണ്.
പാലും തേനും ഒരുമിച്ചു ചേർത്താൽ ഗുണങ്ങൾ ഉണ്ടെന്നു തന്നെയാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ആരോഗ്യകരമാണെന്നു മാത്രമല്ല, ദഹന പ്രക്രിയയെ സുഗമമാക്കാനും ഉറക്കം ലഭിക്കാനും പാലും തേനും ഒരുമിച്ചു ചേർത്ത് കഴിച്ചാൽ മതിയാകും. മാത്രമല്ല, തേനിൽ ധാരാളം ആന്റിമൈക്രോബയൽ ഘടകങ്ങളുമുണ്ട്. ചെറുചൂടുള്ള പാലിൽ തേനൊഴിച്ചു രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുന്നത് ശരീരത്തിനു ചെറു റിലാക്‌സേഷൻ നൽകുകയും ചെയ്യും. പരമ്പരാഗതമായി പല ഔഷധങ്ങളിലും തേനും പാലും പ്രധാന കൂട്ട് തന്നെയാണ്. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്‌ക്കെല്ലാം ആശ്വാസം പകരാൻ മറ്റ് ഔഷധക്കൂട്ടുകൾ കൂടി ചേർത്ത് ഇവ ഉപയോഗിക്കാറുണ്ട്.
ഏറെ രുചികരമാണെന്നിരിക്കിലും ഇവ ഒരുമിച്ചു ചേർത്ത് കഴിക്കുന്നത് കൂടുതൽ കലോറി ശരീരത്തിലെത്താനും ശരീര ഭാരം വർധിക്കാനും സാധ്യതയുണ്ട്. തേനിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും അളവിൽ കൂടുതൽ ശരീരത്തിലെത്തിയാൽ ഗുണകരമല്ല. ദന്തക്ഷയം, പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർധനവ് എന്നിവയ്ക്കും സാധ്യതയുണ്ട്.
പാലും തേനും ഒരുമിച്ചു ചേർത്ത് കഴിക്കുന്നത് ചിലരിൽ അലർജിയുണ്ടാക്കാനിടയുണ്ട്. അതുകൊണ്ടു തന്നെ ഒരുമിച്ചു കഴിക്കുമ്പോൾ മുൻകരുതൽ കൂടിയേ തീരൂ. മാത്രമല്ല, ദഹനക്കുറവ്, ഉദരസംബന്ധമായ അസ്വസ്ഥതകൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ടു വീഗൻ പാലും തേനും ഒരുമിച്ചു കഴിക്കാവുന്നതാണ്. വിപണിയിൽ നിന്നും വാങ്ങിക്കുന്ന തേനിന്റെ ഗുണനിലവാരത്തിൽ വ്യത്യാസം വരാനിടയുണ്ട്. ശുചിത്വം പാലിക്കാതെയുള്ളതാണെങ്കിൽ ശരീരത്തിന് ദോഷകരമാകാനിടയുണ്ട്.