ADVERTISEMENT

സ്കൂളിലേക്ക് കൊടുത്തു വിടുന്ന ഭക്ഷണം ഒട്ടും തന്നെയും കഴിക്കാതെ മടക്കി കൊണ്ട് വരുന്നുണ്ടോ മക്കൾ? ദിവസവും എന്താണ് സ്കൂളിലേക്ക് കൊടുത്തു വിടുക എന്നത് വലിയൊരു തലവേദനയായി മാറുന്നുണ്ടോ? കാലത്തെയുള്ള  കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണം തയാറാക്കി നൽകണം എന്നത് ചിലർക്ക് വലിയ വെല്ലുവിളി തന്നെയാണ്. ജോലിക്കു കൂടി പോകുന്ന മാതാപിതാക്കൾ ആണെങ്കിൽ പറയുകയും വേണ്ട, അപ്പോൾ തയാറാക്കുന്ന പ്രഭാത ഭക്ഷണം തന്നെ ടിഫിൻ ബോക്സിലാക്കി കൊടുത്തു വിടും. കുട്ടികൾ അത് കഴിച്ചെന്നു വരികയില്ല. ഇടിയപ്പം പോലുള്ളവയാണ് ഉണ്ടാക്കുന്നതെങ്കിൽ വളരെ കുറച്ചു ചേരുവകൾ കൊണ്ട് അതിനു ഒരു മേയ്ക്ക് ഓവർ നൽകാം.  കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കിയെടുക്കാം എന്നത് മാത്രമല്ല, വളരെ കുറച്ചു ചേരുവകൾ മതിയാകും. ഏറെ രുചികരവുമാണ് ഈ വിഭവം. ഇടിയപ്പം ബിരിയാണി എന്നാണിതിന് പേര്. മൈ വേ ബൈ കല്യാണി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് രുചികരമായ ഈ വിഭവം തയാറാക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ചെറിയുള്ളി, കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ഇടിയപ്പം,വെളിച്ചെണ്ണ, ആവശ്യമെങ്കിൽ മാത്രം കുറച്ച് മസാല പൊടി  എന്നിവ മതിയാകും ഇടിയപ്പം ബിരിയാണി തയാറാക്കാൻ. ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ചെറിയുള്ളി ഇട്ടു കൊടുക്കാം. ഉള്ളി പെട്ടെന്ന് വഴന്നു വരുന്നതിനു വേണ്ടി കുറച്ച് ഉപ്പ് കൂടിയിട്ടു കൊടുക്കാം. ഇടിയപ്പം ഉപ്പ് ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ടുതന്നെ ഉപ്പ് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയുള്ളി നന്നായി വഴന്നതിലേയ്ക്ക് കുറച്ച് മുളക് പൊടി, കുറച്ച് മഞ്ഞൾ പൊടി എന്നിവ കൂടി ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കണം. തീ കുറച്ച് വെച്ച് വേണം ഇതെല്ലാം ചെയ്യാൻ. കുട്ടികൾക്ക് മസാല പൊടി ചേർക്കുന്നതിഷ്ടമാണെങ്കിൽ കുറച്ച് മസാല പൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പൊടിയുടെ പച്ചമണം മാറിയതിനു ശേഷം ഇടിയപ്പം ആ തയാറാക്കിയ കൂട്ടിലേക്കിട്ടു നന്നായി ഇളക്കി പൊടിക്കണം. കുറച്ച് സമയം കഴിയുമ്പോൾ ഇടിയപ്പം നന്നായി പൊടിഞ്ഞതായി കാണാം. ഇടിയപ്പം ബിരിയാണി തയാറായി കഴിഞ്ഞു. ഒന്നോ രണ്ടോ പപ്പടം കാച്ചിയത് കൂടി പൊടിച്ച് വിതറിയാൽ ഇടയ്ക്കിടെ കടിക്കുകയും ചെയ്യാം. എന്നാൽ സ്കൂളിലേയ്ക്ക് കൊടുത്തു വിടുമ്പോൾ പപ്പടം ഒഴിവാക്കണം. പപ്പടം തണുത്തു പോകാനിടയുണ്ട്.

ഇടിയപ്പം കഴിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾ പോലും ഇങ്ങനെ തയാറാക്കി കൊടുത്താൽ കഴിക്കുമെന്നത് ഉറപ്പാണ്. ഇനി പച്ചക്കറികൾ ഒട്ടും തന്നെയും കഴിക്കാത്ത കുട്ടികളാണെങ്കിൽ ക്യാരറ്റും ബീൻസും പോലുള്ള പച്ചക്കറികൾ കൂടി ചെറുതായി അരിഞ്ഞു എണ്ണയിൽ വഴറ്റി ഇങ്ങനെ തയാറാക്കി കൊടുക്കാവുന്നതാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com