ചുമ മാറ്റാം, ഇനി ഇത് ഉണ്ടാക്കി കഴിച്ചു നോക്കൂ
Mail This Article
108 കറികൾക്ക് സമമാണ് ഒരു ഇഞ്ചി കറി. സദ്യയിലെ ഒഴിച്ച് കൂടാനാകാതെ ഒരു വിഭവം എന്ന ഖ്യാതി മാത്രമല്ല, പല കറികളിലും ഇഞ്ചി ഒരു പ്രധാന കൂട്ട് തന്നെയാണ്. ഇഞ്ചി ഉപയോഗിച്ച് കറി മാത്രമല്ല തയാറാക്കുക, മധുരവും എരിവുമൊക്കെ ചേരുന്ന, ജലദോഷത്തിനും ചുമയ്ക്കുമൊക്കെ പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഇഞ്ചി മിഠായിയും ഉണ്ടാക്കാം. മധുരമുണ്ടെങ്കിലും ഇഞ്ചിയുടെ എരിവ് ചേരുന്നത് കൊണ്ടുതന്നെ കുട്ടികൾ ഈ മിഠായികഴിക്കാൻ സാധ്യത കുറവാണ്. എന്നാൽ മുതിർന്നവർക്ക് തീർച്ചയായും ഇത് കഴിക്കാം. പ്രതിരോധ ശേഷി വർധിപ്പിക്കാനും ചുമയെ പ്രതിരോധിക്കാനുമൊക്കെ ഈ മിഠായി സഹായിക്കും. എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.
ചൂടായ ഒരു പാത്രത്തിലേക്ക് ഒരു കപ്പോളം ഉപ്പിട്ടതിനു ശേഷം 150 ഗ്രാം ഇഞ്ചി കൂടി അതിലേയ്ക്ക് ഇട്ടുകൊടുക്കാം. ഏഴ് മുതൽ എട്ട് മിനിറ്റ് വരെ ഇളക്കിയതിനു ശേഷം ഇഞ്ചി നല്ലതു പോലെ സോഫ്റ്റ് ആയതായി കാണുവാൻ സാധിക്കും. ഉപ്പിൽ നിന്നും ഇഞ്ചി വെള്ളത്തിലേക്ക് മാറ്റാം. ഇനി തൊലി കളയാം. മേൽപറഞ്ഞ രീതിയിൽ ഇഞ്ചി റോസ്റ്റ് ചെയ്തത് കൊണ്ടുതന്നെ വളരെ എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാൻ സാധിക്കും. തൊലി കളഞ്ഞു ചെറുകഷ്ണങ്ങളാക്കിയ ഇഞ്ചി ഒരു മിക്സിയുടെ ജാറിലേയ്ക്ക് മാറ്റി, കൂടെ പുതിനയിലയും രാമതുളസിയുടെ ഇലയും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കാം.
അരച്ചെടുത്ത ഇഞ്ചിയുടെ കൂട്ട് ഒരു പാനിലേക്ക് മാറ്റിയതിനു ശേഷം ശർക്കര, അയമോദകം, മഞ്ഞൾ പൊടി, എന്നിവ കൂടെ ചേർത്ത് നന്നായി പാകം ചെയ്യുക. അവസാനം കുറച്ച് നെയ്യ് കൂടി ചേർത്ത് കൊടുക്കണം. ഈ കൂട്ട് പാനിൽ നിന്നും വിട്ടുവരുമ്പോൾ തീ അണയ്ക്കാവുന്നതാണ്. തണുത്തതിനു ശേഷം കൈകളിൽ നെയ്യ് തടവി കുറേശ്ശേ എടുത്ത് ചെറിയ ബോൾ രൂപത്തിൽ ഉരുട്ടിയെടുക്കാം. കൽക്കണ്ടത്തിന്റെ പൊടിയിൽ പൊതിഞ്ഞെടുക്കുന്നതോടെ ഇഞ്ചി മിഠായി തയാറായി കഴിഞ്ഞു. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാമെന്നു മാത്രമല്ല, രുചികരവുമാണിത്. മാത്രമല്ല, ജലദോഷം, ചുമ പോലുള്ളവയിൽ നിന്നും പെട്ടെന്ന് മുക്തി ലഭിക്കാൻ ഈ മിഠായി കഴിച്ചാൽ മതിയാകും
Ginger Candy Recipe