ഇനി എങ്ങനെ ഈ മധുരപലഹാരം കഴിക്കും; വിഭവം ഉണ്ടാക്കുന്നത് കണ്ട് കണ്ണ് തള്ളി ഭക്ഷണപ്രേമികൾ
Mail This Article
മധുരപ്രിയര്‍ക്ക് പേട ഇഷ്ടമാണ്. നല്ല നറുനെയ്യുടെ മണവും മധുരവും പാലിന്റെ രുചിയുമെല്ലാം ഒരുമിച്ച പേട വളരെ ഇഷ്ടത്തോടെ പലരും കഴിക്കും. ഉത്തരേന്ത്യയിലെ പേട കുറച്ച് വ്യത്യസ്തമാണ്. ഡൽഹിയിലും മറ്റും യാത്ര ചെയ്തിട്ടുള്ളവർക്ക് ചിലപ്പോൾ ഈ പേട സുപരിചിതമായിരിക്കും. കുമ്പളങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഒരു മധുരപലഹാരമാണ് പേടയെന്നും പെട്ടയെന്നുമെല്ലാം അറിയപ്പെടുന്നത്. ഇപ്പോഴിതാ ഈ പേട തയാറാക്കുന്നതിന്റെ അമ്പരപ്പിക്കുന്ന വിഡിയോ അക്ഷരാർത്ഥത്തിൽ സമൂഹമാധ്യമലോകത്തെ ചൂട് പിടിപ്പിച്ചുവെന്ന് തന്നെ പറയാം.
പലപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട വിഡിയോകൾ പ്രചരിക്കുന്നത് അതിന്റെ മേക്കിംഗ് ഉള്ളടക്കത്തോടെയാകും. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതുതന്നെ. ഒരു ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോയിൽ ഫെയ്മസായ ആഗ്ര പേട എങ്ങനെയാണ് തയാറാക്കുന്നതെന്ന് കാണിക്കുന്നു. അങ്ങേയറ്റം വൃത്തിഹീനമായിട്ടാണ് ഇത് ഉണ്ടാക്കുന്നത്. ആദ്യം തൊഴിലാളികൾ കുമ്പളങ്ങ നടുക്ക് മുറിച്ച് നടുഭാഗം നീക്കം ചെയ്യുന്നതാണ് കാണിക്കുന്നത്. പിന്നീട് ഒരു ദ്രാവകത്തിൽ ചെറിയ കഷണങ്ങളായി അത് മുറിച്ചിടുന്നു. വെള്ളമെന്നു തോന്നിക്കുന്നതുൾപ്പെടെ തിരിച്ചറിയാനാകാത്ത ഏതാനും ചേരുവകൾ ഈ കഷണങ്ങളുമായി ചേർക്കുന്നത് തുടർന്ന് കാണാം. ഈ മിശ്രിതത്തിലെ വെള്ളം കൊണ്ട് രണ്ട് തൊഴിലാളികൾ മുഖം കഴുകുന്നതും വിഡിയോയിലുണ്ട്. പഞ്ചസാര സിറപ്പ് എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു മിശ്രിതം ചേർത്ത്, പേടയുടെ ബാക്കി നിർമാണ ഘട്ടങ്ങളിലൂടെ വീഡിയോ നമ്മെ കൊണ്ടുപോകുന്നു. "ആഗ്ര ഫേമസ് പേട്ട മേക്കിംഗ് എന്നാണ് ഈ വിഡിയോയുടെ ക്യാപ്ഷൻ. അത്യന്തം വൃത്തികെട്ട ഒരു സ്ഥലത്താണ് ഇത് ഉണ്ടാക്കുന്നത്. നിർമാണ പ്രക്രിയ കാണുന്നയാരും പിന്നെ ആ മധുരപലഹാരം വാങ്ങി കഴിയ്ക്കുമെന്ന് തോന്നുന്നില്ല എന്നാണ് വിഡിയോയ്ക്ക് ലഭിച്ച ഏറ്റവും കൂടുതൽ കമന്റ്.
ഇതുവരെ 8.6 മില്യൺ വ്യൂവുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. തൊഴിലാളികൾ പിന്തുടരുന്ന ശുചിത്വ രീതികളുടെ അഭാവത്തെക്കുറിച്ചുള്ള ആശങ്കകളാൽ കമന്റ് സെക്ഷൻ പൊട്ടിത്തെറിച്ചുവെന്ന് പറയേണ്ടിവരും. ചില ആളുകൾ ഓൺലൈനിൽ പ്രതികരിച്ചത് ഇങ്ങനെയാണ്: രഹസ്യചേരുവ വെളിപ്പെട്ടു, ഇത് കണ്ടിട്ട് വീണ്ടും ആഗ്ര പേട്ട കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും, ദൈവത്തിന് നന്ദി, ഇനി ഒരിക്കലും ഇത് കഴിയ്ക്കാൻ മുതിരില്ല, അവർ ആ പാത്രത്തിൽ മുഖവും കഴുകിയിരിക്കുന്നു. അതാവും ആഗ്രപെട്ടയുടെ രുചി രഹസ്യം, ഇങ്ങനെ പോകുന്നു കമന്റുകൾ. പല ഭക്ഷണപദാർത്ഥങ്ങളും എങ്ങനെയാണ് തയാറാക്കപ്പെടുന്നതെന്ന് ഇതുപോലെ ചില വിഡിയോകളിലൂടെ വെളിവാകുന്നുണ്ടെങ്കിലും പുതിയ രുചികളും കൂട്ടുകളും സ്ഥിരം കഴിക്കുന്ന പ്രിയപ്പെട്ട പലഹാരങ്ങളുമെല്ലാം എന്നും ഇതുപോലെ എവിടെയെങ്കിലും തയ്യാറാക്കി നമ്മളിലേയ്ക്ക് എത്തിക്കുന്നതാകും എന്നാണ് ഭൂരിഭാഗം പേരുടേയും ആശങ്ക.