അറിഞ്ഞില്ല! പൈനാപ്പിൾ മുറിക്കാന്‍ ഇത്ര എളുപ്പമോ? കഴിക്കുമ്പോൾ ഇനി മുള്ളു കൊള്ളില്ല
Mail This Article
പൈനാപ്പിൾ മിക്കവർക്കും ഇഷ്ടമുള്ള ഫ്രൂട്ടാണ്. ജ്യൂസായും അരിഞ്ഞ് മുളക്പൊടി ചേർത്തുമൊക്കെ കഴിക്കാറുണ്ട്. പൈനാപ്പിൾ എന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്നതുമാണ്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. പൈനാപ്പിൾ ഇഷ്ടമാണെങ്കിലും അത് മുറിച്ച് കഴിഞ്ഞാല്‍ കാണുന്ന മുള്ള് മിക്കവർക്കും അത്ര പ്രിയമല്ല. ചിലർക്ക് അലർജിയുമാണ് ആ മുള്ള്. ഇനി ആ ടെൻഷന്‍ വേണ്ട, വ്യത്യസ്ത രീതിയിൽ പൈനാപ്പിൾ മുറിച്ചെടുത്താൽ ഈ മുള്ള് ഇല്ലാതെ തന്നെ പൈനാപ്പിൾ കഴിക്കാം.
നല്ല മൂർച്ചയുള്ള കത്തികൊണ്ട് പൈനാപ്പിളിന്റെ മുകൾ ഭാഗവും താഴത്തെ വശവും മുറിച്ച് മാറ്റാം. ശേഷം തൊലി ചെത്തിയെടുക്കാം. ഇനി അവശേഷിക്കുന്നത് മുള്ളാണ്. കത്തി കൊണ്ട് മുള്ള് ഉള്ള ഭാഗം അതേ രീതിയിൽ മുറിച്ച് മാറ്റാം. നീളത്തിലും മുള്ളിന്റെ ഭാഗം കട്ട് ചെയ്യാം. ഇങ്ങനെ ഈസിയായി മുറിച്ചെടുക്കുന്ന വിഡിയോ കാണാം. മുള്ള് ഇല്ലാതെ ഇനി പൈനാപ്പിൾ കഴിക്കാം.
പകുതി മൂപ്പെത്തി മഞ്ഞനിറം വന്നു തുടങ്ങിയ പൈനാപ്പിളാണ് സംസ്കരിച്ചു സൂക്ഷിക്കാൻ ഉത്തമം. പൈനാപ്പിൾ ജാം, ഹൽവ, കേക്ക്, ഫ്രൂട്ട് ഫ്രഷ് സോസ്, ഡ്രൈ ഫ്രൂട്ട് കാനിങ് തുടങ്ങിയവയാക്കാം.
പൂർണമായി പഴുത്ത പൈനാപ്പിൾ ഫ്രഷ് ജ്യൂസ് ആക്കുന്നതിനൊപ്പം സ്ക്വാഷ്, കോൺസൺട്രേറ്റ് പൾപ് എന്നീ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കാം. തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുത്ത പൈനാപ്പിൾ വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുത്ത് പിഴിഞ്ഞ് നാരുകളഞ്ഞാൽ പൈനാപ്പിൾ പൾപ് ആയി. ചെറിയ ഡപ്പികളിൽ അടച്ച് ഫ്രീസറിൽ സൂക്ഷിക്കണം.