ഒരു രാത്രി കൊതി കഥ, 'ആഗ്രഹം തോന്നിയതു കൊണ്ട് ഉണ്ടാക്കി'; കാഴ്ചക്കാരെ കൊതിപ്പിച്ചു അഭിരാമി
Mail This Article
ആവി പറക്കുന്ന ചൂട് ചോറും കൂടെ കുഞ്ഞൻ ചാള വറുത്തതും പച്ചമുളകും ഉള്ളിയും വാളൻപുളിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ചതച്ചെടുത്ത ചമ്മന്തിയും. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ടല്ലേ? ഏതൊരു ഭക്ഷണപ്രേമിയേയും കൊതിപ്പിക്കുന്ന ഈ രുചിയുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. രാത്രിയിൽ ചോറും ചാള വറുത്തതും കഴിക്കണമെന്നു ആഗ്രഹം തോന്നിയപ്പോൾ അതുണ്ടാക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് അഭിരാമി പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുന്നത്. മീൻ വൃത്തിയാക്കി എടുക്കുന്നത് മുതൽ അത് വറുത്തെടുക്കുന്നതും ചമ്മന്തി തയാറാക്കുന്നതുമെല്ലാം അഭിരാമിയുടെ വിഡിയോയിൽ കാണാം.
രാത്രിയിൽ അധികം ചോറ് കഴിക്കുന്നത് നല്ലതല്ലെങ്കിലും ആഗ്രഹം തോന്നിയതു കൊണ്ട് ഉണ്ടാക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരം വിഡിയോ ആരംഭിക്കുന്നത്. ചാള ഉപ്പും വിനാഗിരിയുമൊക്കെ ഒഴിച്ച് വൃത്തിയാക്കുന്നതും തുടർന്ന് അതിൽ നിന്നും തനിക്ക് ആവശ്യമുള്ളത്രയും എടുത്ത് വറുക്കുന്നതും കാണാവുന്നതാണ്. അതിനായി തയാറാക്കുന്ന മസാലയ്ക്ക് ആവശ്യമായവ എന്തെന്ന് അഭിരാമി വിശദീകരിക്കുന്നുണ്ട്. എരിവുള്ള മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, ഇഞ്ചി വെളുത്തുള്ളി അരച്ചത്, കൂടെ അര മുറി ചെറുനാരങ്ങയുടെ നീരും. കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം കുറച്ച് വെള്ളം കൂടി ഒഴിച്ച് അരപ്പ് തയാറാക്കുന്നു. ഇരുപത് മുതൽ മുപ്പത് മിനിറ്റ് വരെ മീനിൽ മസാല പിടിക്കുന്നതിനായി മാറ്റി വയ്ക്കുന്നു. മുകളിലായി കുറച്ച് കറിവേപ്പില കൂടിയിടുന്നുണ്ട്.
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന എന്നാൽ അതീവ രുചികരമായ ഒരു മുളക് ചതച്ച ചമ്മന്തിയും അഭിരാമി ഊണ് കഴിക്കുന്നതിനായി ഉണ്ടാക്കുന്നുണ്ട്. അതിനായി പച്ചമുളകും കുറച്ചധികം ചെറിയുള്ളിയും ചതച്ചെടുക്കുന്നു. അതിലേയ്ക്ക് വാളൻ പുളിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്യുന്നതോടെ ചമ്മന്തി തയാറായി കഴിഞ്ഞു.
ആവി പറക്കുന്ന ചോറിലേക്കു നല്ലതു പോലെ മസാല പുരട്ടി വറുത്ത ചാളയും അതിന്റെ പൊടിയും കൂടെ ചോറിനു നടുവിൽ കുഴിച്ച കുഴിയിലേക്ക് ചമ്മന്തി കൂടി വയ്ക്കുന്നതോടെ തന്നെ കൊതിപ്പിക്കുന്ന രുചിക്കൂട്ട് തയാറായതായി അഭിരാമി പറയുന്നുണ്ട്. മീൻ വറുത്തതും ചമ്മന്തിയുമൊക്കെ മലയാളികളുടെ രുചിമുകുളങ്ങളെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളായതു കൊണ്ടുതന്നെ അഭിരാമി പങ്കുവെച്ച വിഡിയോ കാഴ്ചക്കാരെയും കൊതിപ്പിക്കുമെന്നത് തീർച്ചയാണ്. വിഡിയോയുടെ താഴെയുള്ള കമെന്റുകളിലേറെയും കൊതിപ്പിച്ചു കളഞ്ഞു എന്ന് തന്നെയാണ്. ഈ കോമ്പിനേഷൻ ഏറെ ഇഷ്ടപ്പെട്ടുവെന്നും ഉടനെ തന്നെ പരീക്ഷിക്കുമെന്നു പറഞ്ഞിട്ടുള്ളവരും നിരവധിയാണ്.