നൂറു രൂപയ്ക്ക് മൂന്നുനേരം കുശാലായി ഭക്ഷണം കഴിക്കാം; ആ ഇടങ്ങളെക്കുറിച്ച് സ്വാസിക
Mail This Article
ലോകം മുഴുവന്‍ ആരാധകരുള്ള, വളരെ വിലയേറിയ ജാപ്പനീസ് വിഭവമാണ് സുഷി. പക്ഷേ മലയാളികളിൽ ചിലർക്കെങ്കിലും അതിന്റെ രുചി പിടിച്ചെന്നുവരില്ല. നടിയും നര്‍ത്തകിയുമായ സ്വാസികയുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് സുഷി. ജാപ്പനീസ് സ്റ്റൈലിലല്ലാതെ ഇന്ത്യന്‍ രീതിയിൽ പാകംചെയ്തു കഴിച്ചാല്‍ ആ രുചി പിന്നെ മറക്കില്ലെന്നാണ് സ്വാസികയുടെ ഉറപ്പ്. ഭക്ഷണം ആസ്വദിച്ചു കഴിക്കാന്‍ മാത്രമല്ല അത് രുചിയോടെ വച്ചു വിളമ്പാനും പ്രിയമുള്ള സ്വാസിക സംസാരിക്കുന്നു:
ഭക്ഷണം പ്രിയമെങ്കിലും...
ഏതു ഭക്ഷണവും ആസ്വദിച്ച് കഴിക്കും. എന്നാല്‍ വലിച്ചുവാരി കഴിക്കാറുമില്ല. നടിയും നര്‍ത്തകിയും ആയതുകൊണ്ടുതന്നെ ശരീരം ഫിറ്റായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും അമിതമായി കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാലും ചിലപ്പോഴൊക്കെ ചീറ്റ് മീലുകളുമുണ്ടാവാറുണ്ട്. ഫ്രൈഡ് റൈസും ബട്ടര്‍ ചിക്കനുമാണ് ഒരുപാട് ഇഷ്ടമുളള ഭക്ഷണം. പിന്നെ നൂഡില്‍സും. പുറത്തു പോയാല്‍ മിക്കപ്പോഴും ഇതാണ് കഴിക്കാറ്. പാസ്തകളും ഇഷ്ടമാണ്.
ഒരുപാട് യാത്രകള്‍ ചെയ്യുന്നതുകൊണ്ടുതന്നെ വ്യത്യസ്തമായ പേരുകളുളള ഭക്ഷണങ്ങള്‍ പലതും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ചിലത് ഇഷ്ടപ്പെടും. ചിലതിന്റെ രുചി സഹിക്കാന്‍ പറ്റാത്തതായിരിക്കും. എന്നാലും പലപ്പോഴും ഭക്ഷണം പാഴാക്കാതിരിക്കാന്‍ ബുദ്ധിമുട്ടി കഴിച്ചു തീര്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കയില്‍ പോയപ്പോള്‍ ഒരു മെക്‌സിക്കന്‍ വിഭവം കഴിച്ചു. ഒരുപാട് ചീസെല്ലാം ഇട്ടൊരു ഭക്ഷണമായിരുന്നു അത്. ഒട്ടും ഇഷ്ടമായില്ലെങ്കിലും കഴിച്ചു തീര്‍ത്തു. അതുപോലെ കോഴിയുടെ വിരലുകള്‍ ഫ്രൈ ചെയ്തിട്ടുളള വിഭവം ഒരു തവണ ട്രൈ ചെയ്തിരുന്നു.
കൊഴുവ വറുത്തതു പോലെയായിരുന്നു അതിന്റെ ടേസ്റ്റ്. ഇതുപോലെ ഒറിജിനല്‍ സുഷിയും ഒരിക്കല്‍ കഴിച്ചു നോക്കിയിരുന്നു. അത് ആദ്യം കഴിച്ചപ്പോള്‍ ഒട്ടും ഇഷ്ടമായിരുന്നില്ല. പിന്നീട് നമ്മുടെ നാട്ടില്‍ ഇത് എത്തിയപ്പോഴാണ് രുചി ഇഷ്ടപ്പെട്ടു തുടങ്ങിയത്. വളരെ പോഷകങ്ങളുളളതായതിനാല്‍ ഇപ്പോള്‍ ഇഷ്ടഭക്ഷണങ്ങളുടെ കൂട്ടത്തില്‍ സുഷിയുമുണ്ട്. പിന്നെ ലബനീസ് വിഭവങ്ങളും ഒരുപാട് ഇഷ്ടമാണ്.
അമ്മരുചി
അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തോളം വരില്ല മറ്റൊന്നും. ചെറുപ്പത്തിലേ നമ്മുടെ നാവില്‍ കിടക്കുന്ന രുചി അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടേതാണ്. പുറത്തുനിന്ന് എന്തു കഴിച്ചാലും ആ രുചിക്കൊപ്പം വരില്ല. ചോറും മാമ്പഴപുളിശ്ശേരിയുമാണ് വീട്ടിലുണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം. പിന്നെ ഇഞ്ചിക്കറിയും.
അത് ആലോചിക്കുമ്പോഴേ വായില്‍ വെളളമൂറും. ചെറുപ്പത്തിലൊക്കെ വീട്ടിലുളള നാടന്‍ പച്ചക്കറികളെല്ലാം വച്ചാണ് കൂട്ടാനും ഉപ്പേരിയുമൊക്കെ ഉണ്ടാക്കാറ്. പറമ്പിലുളള മുരിങ്ങയിലയും മുരിങ്ങപ്പൂവുമൊക്കെ പറിച്ച് അമ്മ വയ്ക്കുന്ന തോരനുണ്ട്. അത്രത്തോളം സ്വാദ് മറ്റൊന്നിനുമില്ല.
പാചകം ഇഷ്ടം
പാചകം ചെയ്യാനുളള അവസരം വളരെ കുറവേ ഉണ്ടാവാറുളളു. എങ്കിലും ഇഷ്ടമാണ്. കൊറോണ സമയത്താണ് പാചകത്തിലേക്ക് കാര്യമായി കടക്കുന്നത്. ഇപ്പോള്‍ യൂട്യൂബിലും മറ്റും ഇഷ്ടംപോലെ കുക്കിങ് വിഡിയോകൾ ലഭിക്കുന്നതുകൊണ്ടുതന്നെ എളുപ്പം ഏതു വിഭവം വേണമെങ്കിലും ആര്‍ക്കും ഉണ്ടാക്കാം. അങ്ങനെ ഞാനുണ്ടാക്കിയതില്‍ ഇഷ്ടപ്പെട്ട വിഭവങ്ങളാണ് ഗ്രില്‍ഡ് ചിക്കന്‍ വിത്ത് ബട്ടറും ചിക്പീസ് പനീര്‍ പുലാവും. വീട്ടിലെല്ലാവര്‍ക്കും അത് ഇഷ്ടപ്പെട്ടിരുന്നു.
ഗ്രില്‍ഡ് ചിക്കന്‍ വിത്ത് ബട്ടര്‍ - ചിക്പീസ് പനീര്‍ പുലാവ്
ഉപ്പും കുരുമുളകുമെല്ലാം ബട്ടറിലിട്ട് അത് മീഡിയം വലുപ്പത്തില്‍ അരിഞ്ഞ ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടിവയ്ക്കുക. പിന്നീട് അതെടുത്ത് സ്ലോ ഫയറില്‍ ഗ്രില്‍ ചെയ്ത് എടുക്കുക. നന്നായി വെന്തു പാകമാകുമ്പോള്‍ ചിക്കന് മുകളില്‍ മല്ലിയിലയോ പുതിനയിലയോ വിതറാം. ഇത് ചിക്കന് നല്ല രുചി നല്‍കും. ചപ്പാത്തിയുടേയും ബ്രഡിന്റേയും കൂടെ കഴിക്കാന്‍ ഇത് സൂപ്പറാണ്. ഇതുപോലെ തന്നെ പോര്‍ക്കും ഉണ്ടാക്കാം.
കൊറോണ സമയത്ത് പരീക്ഷിച്ച് വിജയിച്ച മറ്റൊരു റെസിപ്പിയാണ് ചിക്പീസ് പനീര്‍ പുലാവ്. വെളിച്ചെണ്ണയില്‍ ഇഞ്ചി, പച്ചമുളക്, ചുവന്നുളളി, വെളുത്തുളളി എന്നിവയിട്ട് വഴറ്റി എടുക്കണം. ശേഷം അതിലേക്ക് വേവിച്ച ചിക്പീസ് ഇടണം. അത് വഴറ്റി പാകമാവുമ്പോള്‍ മല്ലിപ്പൊടി, മുളക്‌പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല എന്നിവ ആവശ്യത്തിനിട്ട് വഴറ്റണം. അതിലേക്ക് പനീറും ബ്രൊക്കോളി, ടൊമാറ്റോ, കാപ്‌സിക്കം തുടങ്ങിയവയും ഇട്ട് വേവിക്കുക. ഇതിലേക്ക് പാകത്തിന് വെളളവും ബസ്മതി റൈസും ഇട്ട് വേവിച്ചെടുത്താല്‍ ചിക്പീസ് പനീര്‍ പുലാവ് റെഡി. വളരെ ഹെല്‍ത്തിയും ടേസ്റ്റിയുമായിട്ടുളള ഒരു വിഭവമാണിത്.
സ്വാസിക വിജയ് എന്ന യൂട്യൂബര്‍
സ്വാസികയുടെ യൂട്യൂബ് ചാനലില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വിഡിയോകളാണ് കൂടുതല്‍. പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാനുളള താൽപര്യം തന്നെയാണ് കാരണം. നൂറു രൂപയ്ക്ക് ഒരു ദിവസം മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പറ്റുമോ? അതും തിരുവനന്തപുരവും കൊച്ചിയും പോലുളള നഗരങ്ങളില്‍.
തീര്‍ച്ചയായും സാധിക്കുമെന്ന് പറയുക മാത്രമല്ല സ്വന്തം യൂട്യൂബ് ചാനലായ 'സ്വാസിക വിജയ്' യിലൂടെ കാണിച്ചുതരുന്നുമുണ്ട് സ്വാസിക. ഫോര്‍ട് കൊച്ചിയിലെ കാന്‍വാസ് റസ്‌റ്ററന്റ് പിസേരിയ, പനമ്പളളി നഗറിലുളള ഷിഫു മോമോസും കിളിപോയി ഷോപ്പും, ഫോര്‍ട്ട് കൊച്ചിയിലെ പ്ലാന്‍ ബി, വിവിധതരം കഞ്ഞിക്ക് പ്രശസ്തമായ കാക്കനാടുളള നെല്ലിക്ക റസ്റ്ററന്റ് എന്നിവയാണ് സ്വാസികയുടെ കൊച്ചിയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് സ്‌പോട്ടുകൾ.