പാർട്ടികൾ സന്തോഷമാണ് അത് കഴിഞ്ഞാലോ? അടുക്കള അലങ്കോലമായെങ്കിൽ ഇത് ശ്രദ്ധിക്കൂ
Mail This Article
വിഭവ സമൃദ്ധമായ ഭക്ഷണവും തമാശകളുമൊക്കെയായി കൂട്ടുകാർക്കൊപ്പമോ കുടുംബാംഗങ്ങൾക്കൊപ്പമോ കുറച്ചു സമയം ചെലവിടുന്നത് വളരെ രസകരമായ കാര്യം തന്നെയാണ്. അത്തരത്തിലുള്ള ഹൗസ് പാർട്ടികൾ ഇപ്പോൾ സാധാരണവുമാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ ആഴ്ചയിലൊരിക്കൽ കുടുംബത്തിനൊപ്പമോ കൂട്ടുകാർക്കൊപ്പമോ കൂടുന്നത് സന്തോഷം സമ്മാനിക്കുക തന്നെ ചെയ്യും. പാർട്ടിയിലെ പ്രധാനാകർഷണം ഭക്ഷണമാണ്. കുറെയേറെ പേർക്ക് ഭക്ഷണം തയാറാക്കി കഴിയുമ്പോൾ തന്നെ അടുക്കളയാകെ അലങ്കോലമാകും. ഉപയോഗിച്ച പാത്രങ്ങളും കപ്പുകളും കണ്ടെയ്നറുകളുമെല്ലാം കഴുകി യഥാസ്ഥാനങ്ങളിൽ വയ്ക്കുക അതിനൊപ്പം വീടും അടുക്കളയും വൃത്തിയാക്കുക എന്നതാണ് ആദ്യത്തെ കടമ്പ. പാർട്ടി കഴിയുന്നതോടെ കഴിച്ച പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണാവശിഷ്ടങ്ങളും കൊണ്ട് വീടാകെ അലങ്കോലമാകും. പാർട്ടികൾ സന്തോഷം നൽകുമെങ്കിലും വീട് വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ ഇനി പറയുന്ന കാര്യങ്ങൾ പിന്തുടരുന്നത് പണികൾ എളുപ്പമാക്കും.
∙ ഏതൊരു കാര്യം ചെയ്യുന്നതിന് മുൻപും അത്യാവശ്യം വേണ്ടുന്ന ഒന്നാണ് പ്ലാനിംഗ്. പാർട്ടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞതിനു ശേഷം അല്പസമയമിരുന്നു എവിടെ നിന്നും തുടങ്ങണം, എന്താണ് ആദ്യം ചെയ്യേണ്ടത് എന്നെല്ലാം ആലോചിച്ചതിനു ശേഷം മാത്രം പണികൾ ആരംഭിക്കുക. ഇങ്ങനെ കൃത്യമായ ആസൂത്രണത്തിലൂടെ മുന്നോട്ടു പോകുകയാണെങ്കിൽ പണികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ സാധിക്കും.
∙ അടുക്കള മാത്രമല്ല, വീടിന്റെ എല്ലാ ഭാഗങ്ങളും ചിലപ്പോൾ വൃത്തിയാക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ ഓരോന്നും പ്രത്യേക വിഭാഗമായി തിരിച്ചു ചെയ്തു തുടങ്ങാം. ഡിസ്പോസിബിൾ പാത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അതും അല്ലാത്തതുമായ പാത്രങ്ങൾ വേർതിരിക്കുക, എല്ലാ പാത്രങ്ങളും കഴുകി വെച്ചതിനു ശേഷം തറ തുടയ്ക്കുക അങ്ങനെ ഒരു പണിക്കു ശേഷം മറ്റൊന്ന് എന്ന രീതിയിൽ ചെയ്യാവുന്നതാണ്.
∙ എല്ലാ പാർട്ടികൾക്ക് ശേഷവും ധാരാളം സാധനങ്ങൾ ബാക്കിയാകാറുണ്ട്. ഗാർബേജ് കണ്ടെയ്നറുകൾ കരുതാൻ മറക്കരുത്. ആവശ്യമില്ലാത്തതും ഭക്ഷണാവശിഷ്ടങ്ങളും എത്രയും പെട്ടെന്ന് മാറ്റണം.
∙ ഓരോ കൂടിച്ചേരലുകൾക്കു ശേഷം ഭക്ഷണം ബാക്കിയാകുക എന്നത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്. ഇങ്ങനെ ബാക്കിയാകുന്ന ആഹാര സാധനങ്ങൾ ഒന്നില്ലെങ്കിൽ പങ്കുവെച്ച് നൽകാം. അതല്ലെങ്കിൽ ഫ്രിജിൽ സൂക്ഷിക്കാം. ഭക്ഷണം ആർക്കും കൊടുക്കുന്നില്ലെങ്കിൽ ഫ്രിജിൽ മതിയായ സ്ഥലം കണ്ടെത്തി സൂക്ഷിക്കാവുന്നതാണ്. വായു കടക്കാത്ത ചെറിയ കണ്ടെയ്നറുകളിലാക്കി കേടുവരാത്ത രീതിയിൽ ഭക്ഷണം ഫ്രിജിലേക്കു മാറ്റാം.
∙ കറികളോ മറ്റെന്തെങ്കിലും ഭക്ഷണാവശിഷ്ടങ്ങളോ തറയിലോ ഇരിപ്പിടങ്ങളിലോ വീണാൽ പിന്നീട് തുടയ്ക്കാമെന്നു കരുതി മാറ്റി വെയ്ക്കരുത്. അത് ഉടനടി തന്നെ തുടച്ചു മാറ്റുന്നത് പണികൾ എളുപ്പമാക്കും. മാത്രമല്ല, ഇങ്ങനെ ചെയ്യുന്നത് വഴി സോഫകളിലോ ബെഡ് ഷീറ്റിലോ കറകൾ ആകാതെ സംരക്ഷിക്കുകയും ചെയ്യാം.