ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കണോ? ചിയാ സീഡ് ഇങ്ങനെ കഴിക്കാം
Mail This Article
പലതരം വിത്തുകൾ ഇപ്പോൾ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. അവയിൽ പ്രധാനിയാണ് ചിയ. സിൽവിയ ഹിസ്പാനിക്ക എന്ന പേരുള്ള ഈ വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന ചെടി കൂടുതലും കണ്ടുവരുന്നത് തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ്. പ്രാതലിനു സ്മൂത്തികൾ തയാറാക്കുന്നവരുണ്ടെങ്കിൽ ചിയ വിത്തുകൾ അതിനൊപ്പം ചേർക്കാവുന്നതാണ്. ആരോഗ്യത്തിനു ഏറെ ഗുണകരമാണ് ഈ കുഞ്ഞൻ വിത്തുകൾ. ദിവസവും കഴിച്ചാൽ ദഹനം മെച്ചപ്പെടുമെന്ന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും അത്യുത്തമമാണ്.
ചിയ വിത്തുകൾ കാൽസ്യം, നാരുകൾ, സിങ്ക്, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ്. കൂടാതെ വലിയ അളവിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുമ്പോൾ മറ്റുള്ള പോഷകങ്ങൾ ആരോഗ്യത്തിനു ഏറെ ഗുണകരമാകുമെന്നു പറയേണ്ടതില്ലല്ലോ. ഒരു ദിവസത്തിലെ ആദ്യത്തെ ഭക്ഷണത്തിൽ ചിയ സീഡുകൾ ഉൾപ്പെടുത്തുകവഴി അധിക ഊർജം ശരീരത്തിലെത്തുന്നു. ആ ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ ഇത് സഹായിക്കുന്നു. ദിവസവും രണ്ടു സ്പൂൺ വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ദിവസവും ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിനു മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചിയ വിത്തുകൾക്ക് കഴിയും. കാൽസ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്ന എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണകരമാണ്. ശരീരഭാരം നിയന്ത്രിക്കണമെന്നുള്ളവർ രാവിലെ ചിയ വിത്തുകളിട്ട വെള്ളം കുടിക്കാവുന്നതാണ്. വിശപ്പ് കുറയ്ക്കാൻ കഴിയും. രാവിലെ വെറും വയറ്റിലാണ് വെള്ളം കുടിക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ വിത്തുകൾ ചേർക്കണം. ഒരല്പം നാരങ്ങാനീര് കൂടി ചേർക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് ഉത്തമമാണ്.
ചിയാ സീഡ് – 3 സ്പൂൺ
പാൽ– 1 ഗ്ലാസ്
തേന്‍– ഒരു സ്പൂൺ മാമ്പഴം–1
ബദാം – ഒരു പിടി പൊടിച്ചത്
ഒരു ഗ്ലാസ് ജാറിൽ 3 സ്പൂൺ ചിയാ സീഡും 1 ഗ്ലാസ് നേർപ്പിച്ച് പാട നീക്കിയ പാലും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് ഫ്രിജിൽ വയ്ക്കാം. രാവിലെ ആകുമ്പോൾ നല്ല കട്ടിയുള്ള പരുവത്തിൽ കിട്ടും. അതിലേക്ക് സീസണിൽ ലഭിക്കുന്ന പഴങ്ങൾ ചേർക്കാം. ഇപ്പോൾ മാമ്പഴം സുലഭമായി കിട്ടുന്നതിനാൽ ഒരു മാങ്ങ ചെറുതായി അരിഞ്ഞ് പാലും ചിയാ സീഡും. ചേർന്ന മിശ്രിതത്തിലേക്ക് ചേർക്കാം. അതിനുമുകളിലായി ബാക്കിയുള്ള ചീയാ സീഡും മാങ്ങാപഴവും ചേർത്ത് കൊടുക്കാം. ഏറ്റവും മുകളിലായി ചെറുതായി പൊടിച്ച ബദാം അല്ലെങ്കിൽ പിസ്തയോ ചേർക്കാം. വളരെ പെട്ടെന്ന് തയാറാക്കാവുന്ന രുചിയൂറും വിഭവമാണിത്. മാങ്ങാ പഴത്തിന് പകരം റോബസ്റ്റ പഴമോ ആപ്പിളോ ചേർത്ത് പുഡ്ഡിങ് ഇങ്ങനെ തയാറാക്കാവുന്നതാണ്.
ഓട്സും ഡ്രൈഫ്രൂട്ട്സും
ചേരുവകൾ
ഓട്സ്– 3 ടേബിള്‍ സ്പൂൺ
പാൽ– 1 ഗ്ലാസ്
ചിയാസീഡ്
തേന്‍– ഒരു സ്പൂൺ
റോബസ്റ്റ പഴം – 1
ഉണക്കമുന്തിരി,കശുവണ്ടി–ആവശ്യത്തിന്
പാട നീക്കിയ ഒരു ഗ്ലാസ് പാല്‍ നന്നായി തിളപ്പിക്കാം. തീ ഒാഫ് ചെയ്തതിനു ശേഷം പാലിലേക്ക് 3 ടീസ്പൂൺ ഒാട്സ് ചേർത്തിട്ട് അടച്ചുവയ്ക്കാം. 3 മിനിറ്റിന് ശേഷം കുതിർന്ന ഒാട്സിലേക്ക് ഒരു സ്പൂൺ തേനും റോബസ്റ്റ പഴം ചെറുതായി അരിഞ്ഞതും ഉണക്കമുന്തിരിയും വേണമെങ്കിൽ കശുവണ്ടിയും കുതിർത്ത ചിയാ സീഡും ചേർത്ത് കൊടുക്കാം. വളരെ സിംപിളായി ഹെൽത്തി ബ്രേക്ക്ഫസ്റ്റ് തയാറാക്കാം. വയർ നിറഞ്ഞതായി തോന്നും. ശരീരഭാരം കുറയ്ക്കാനും ഇൗ വിഭവം സൂപ്പറാണ്.