ADVERTISEMENT

കടുപ്പത്തിലൊരു കാപ്പിയും കൂടെയൊരു ചെറു കടിയും കൂടിയുണ്ടെങ്കിൽ വൈകുന്നേരങ്ങൾക്കു പതിവില്ലാത്ത സൗന്ദര്യമാണ്. കൂടെ മഴയും ഇഷ്ടപ്പെട്ട സംഗീതവും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. കാപ്പി ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണെങ്കിലും അതിന്റെ ഉത്ഭവം ഇവിടെയല്ല. ഇത്യോപ്യയിലാണ്. ലോകമെമ്പാടും ആരാധകരുള്ള കാപ്പിയുടെ ചില വിലയേറിയ വകഭേദങ്ങളെപ്പറ്റി അറിയാം. 

കോപ്പി ലുവാക്ക്
ലോകത്തിത്തെ ഏറ്റവും വിലയേറിയ കാപ്പിക്കുരുവാണ് കോപ്പി ലുവാക്ക്. ഇന്തൊനീഷ്യയാണ് ഇതിന്റെ ഉത്ഭവ സ്ഥലം. വെരുക് വ‍ര്‍ഗത്തിൽപ്പെട്ട സിവെറ്റ് എന്ന ജീവിയുടെ ഇഷ്ട ഭക്ഷണമാണ് കാപ്പിക്കുരുക്കൾ. സിവെറ്റ് കാപ്പിക്കുരു കഴിക്കുമ്പോൾ മാംസളമായ കാപ്പിക്കുരുവിന്റെ പുറമെയുള്ള ഭാഗം മാത്രം ദഹിക്കുകയും കാപ്പിക്കുരു വിസ‍ര്‍ജ്യത്തിലൂടെ പുറംന്തള്ളുകയും ചെയ്യും. സിവെറ്റിന്റെ ദഹനവ്യവസ്ഥയിലൂടെ കടന്നുവരുന്ന ഈ കാപ്പിക്കുരുവിനെ ചില പ്രത്യേക മാർഗങ്ങളിലൂടെ സംസ്കരിച്ചാണ് കോപ്പി ലൂവാക്ക് ഉണ്ടാക്കുന്നത്.

വില: ഒരു കിലോഗ്രാമിന് 1,300 മുതൽ 1500 വരെ ഡോളർ

ബ്ലാക്ക് ഐവറി കോഫി
തായ്‌ലൻഡിലെ ഗ്രാമീണ പ്രവിശ്യയായ സുറിനിലെ കാപ്പിത്തോട്ടങ്ങളിൽ ആനകൾ കാപ്പിക്കുരു തിന്ന് വിസർജിക്കുമ്പോൾ അതിലെ കാപ്പിക്കുരു ശേഖരിച്ചു സംസ്കരിച്ചാണ് ബ്ലാക്ക് ഐവറി ഉണ്ടാക്കുന്നത്. ആനയുടെ ദഹന എൻസൈമുകളാണ് ഈ കോഫിക്ക് സവിശേഷമായ രുചി നൽകുന്നത്. ഒരു കിലോ ബ്ലാക്ക് ഐവറി കോഫി ഉണ്ടാക്കാൻ ഏകദേശം 33 കിലോ കാപ്പിക്കുരു ആവശ്യമാണ്. അതിനാൽ ഈ കാപ്പിക്കും വൻ വിലയാണ്.

എൽ ഇൻജെർട്ടോ
ഗ്വാട്ടിമാലയിലെ ഹ്യൂഹൂതെനാങ്കോ എന്ന ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എൽ ഇൻജെർട്ടോ കാപ്പിക്കുരു ലോകത്തിലെ ഏറ്റവും അപൂർവമായവയാണ്. 1900 ൽ ഇവിടെ കാപ്പിയുടെ നടീലും ഉൽപാദനവും ആരംഭിച്ചു. 1956 മുതൽ അവിടെ ജോലി ചെയ്യുന്ന അഗ്വിയർ കുടുംബത്തിലെ മൂന്നാമത്തെയും നാലാമത്തെയും തലമുറകളാണ് ഇന്ന് ഇത് കൈകാര്യം ചെയ്യുന്നത്. കാപ്പിക്കുരു കഴുകി രണ്ടുതവണ പൊടിച്ച് ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്ന രീതിയാണ് ഈ പ്രക്രിയയുടെ പ്രത്യേകത. രാജ്യാന്തര മാർക്കറ്റുകളിൽ വൻ വിലയ്ക്കാണ് ഈ കാപ്പി ലേലത്തിന് വിറ്റഴിക്കാറുള്ളത്. 

ഹസീൻഡ ലാ എസ്മെറാൾഡ
1967-ൽ റുഡോൾഫ് എ പീറ്റേഴ്‌സൺ എന്ന അമേരിക്കൻ ബാങ്കർ വാങ്ങി കാപ്പിത്തോട്ടമാക്കിയ, പനാമയിലെ വോൾക്കൻ ബാരുവിന്റെ ചരിവുകളിൽ നിന്നാണ് ഹസീൻഡ ലാ എസ്മെറാൾഡ വരുന്നത്. 1890 മുതൽ കാപ്പി മരങ്ങൾ ഇവിടെ  ഉണ്ടായിരുന്നതായും പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗെയ്‌ഷ കാപ്പി ഉൽപാദിപ്പിക്കുന്നതിൽ  മികവ് തെളിയിച്ച ഹസീൻഡ ലാ എസ്മെറാൾഡ ഫാമുകൾ കാപ്പിയുടെ സമ്പന്നമായ രുചിക്ക് പേരുകേട്ടതാണ്. 

kopiluwak

ജമൈക്കൻ ബ്ലൂ മൗണ്ടൻ
ഈ പ്രത്യേകം ഇനം കാപ്പിക്കുരു ജമൈക്കയിലെ ഏറ്റവും നീളമേറിയ പർവതനിരയായ ബ്ലൂ മൗണ്ടൻസിൽനിന്നാണ് വരുന്നത്. ഈ പർവതങ്ങളുടെ ചരിവുകൾ ഏകദേശം 1524 മീറ്റർ ഉയരത്തിലാണ്, ധാരാളം മഴ ലഭിക്കുന്നയിടമായതിനാൽ അത് കാപ്പിക്കുരു വളർച്ചയെ സഹായിക്കുന്നു. ശക്തമായ കയ്പേറിയ രുചിയിൽ നിന്ന് വ്യത്യസ്തമായി, ഈ ബീൻസിൽ നിന്നുള്ള കാപ്പിക്ക് നേരിയ മധുര രുചിയാണുളളത്. 

ഓസ്പിന
അഞ്ച് തലമുറകളായി കൃഷിചെയ്യുന്ന ഓസ്പിന കാപ്പി അറബിക്ക ടൈപ്പിക്ക ബീൻസിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. ഇത് ആൻഡീസിലെ ഉഷ്ണമേഖലാ വനങ്ങളിൽ തണലുള്ള സാഹചര്യങ്ങളിൽ വളരുന്നു. ഈ പർവത ചരിവുകളിൽ അഗ്നിപർവത ചാരം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ഇത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുകയും ഈ കൊളംബിയൻ കാപ്പിയുടെ ഊഷ്മള രുചി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബീൻസ് മുഴുവൻ പൊടിച്ച് ശരിയായ ഊഷ്മാവിൽ (91 നും 96 ഡിഗ്രി സെൽഷ്യസിനും ഇടയിൽ) ശുദ്ധജലത്തിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ല മാർഗം.

English Summary:

Most Expensive Coffees in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com