വന്ദേഭാരതിന് എതിരെ പരാതി; വിളമ്പിയത് അഴുകിയ, ദുര്‍ഗന്ധമുള്ള ഭക്ഷണം
Mail This Article
വന്ദേ ഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നിവയുൾപ്പെടെ ഇന്ത്യയിലെ മുന്‍നിര ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് പരാതികള്‍ പങ്കുവച്ച് യാത്രക്കാര്‍. ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിന്‍റെയും വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകളുടെയും മോശം മാനേജ്മെന്‍റിന്‍റെയും പേരില്‍ കുറച്ചുകാലമായി ഈ ട്രെയിനുകള്‍ വിമര്‍ശനം നേരിടുന്നുണ്ട്. നിരവധി യാത്രക്കാർ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പരാതി പങ്കുവച്ചതിനാല്‍ ഇപ്പോള്‍ കർശന നിരീക്ഷണത്തിലാണ് ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി).
ന്യൂഡൽഹിയിൽനിന്നു വാരാണസിയിലേക്ക് വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ആകാശ് കേസരി എന്ന യാത്രക്കാരൻ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടു.
ഡല്‍ഹിയില്‍നിന്നു വാരണാസിയിലേക്ക് പോയ 22416 നമ്പര്‍ ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി. ദുര്‍ഗന്ധം വമിക്കുന്നതും വൃത്തിഹീനവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണു വിളമ്പിയതെന്ന് ആകാശ് പറയുന്നു. തനിക്ക് മുഴുവന്‍ പണവും തിരികെ വേണമെന്നും ഭക്ഷണം തയാറാക്കിയ കരാറുകാരൻ വന്ദേഭാരത് എക്സ്പ്രസിന്‍റെ പേര് കളഞ്ഞു എന്നും ആകാശ് എഴുതുന്നു.
നിരവധി ആളുകള്‍ ഈ വിഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങള്‍ കമന്റ് ചെയ്തു. ഐആര്‍സിടിസിയുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നുള്ള ക്ഷമാപണ സന്ദേശവും കമന്റിൽ കാണാം. കേസരിയുടെ പരാതിയോട് പ്രതികരിച്ച്, റെയില്‍വേ ഗുണനിലവാരത്തിലെ വീഴ്ച അംഗീകരിക്കുകയും കേറ്ററിങ് ലൈസൻസിക്ക് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കൂടാതെ, തൃപ്തികരമല്ലാത്ത ഭക്ഷണം നൽകിയതിന് ഉത്തരവാദികളായ ലൈസൻസിയുടെ ജീവനക്കാരെ ചുമതലകളിൽനിന്ന് ഒഴിവാക്കുകയും, കാലതാമസത്തിനിടയിലും സേവന മാനദണ്ഡങ്ങൾ പാലിക്കാൻ ഓൺ ബോർഡ് മാനേജർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ മുടിയും അഴുക്കും കണ്ടെന്ന് യാത്രക്കാരി രുചിക ചതുര്‍വേദി മുൻപു പരാതിപ്പെട്ടിരുന്നു. നിലവാരമില്ലാത്ത പാക്കേജിങ്, മയമില്ലാത്ത റൊട്ടികൾ, സ്റ്റാഫിന്‍റെ ഉത്തരവാദിത്തമില്ലായ്മ എന്നിവയെ അവർ വിമർശിച്ചു.
പ്രീമിയം സർവീസുകൾക്ക് പേരുകേട്ട രാജധാനി എക്‌സ്‌പ്രസും ഭക്ഷണ ക്രമീകരണങ്ങളിൽ കാലതാമസം വരുത്തിയെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. യാത്രക്കാർക്കിടയിൽ അതൃപ്തി വർധിക്കുന്ന സാഹചര്യത്തിൽ, ഈ ട്രെയിനുകളിലെ സേവനങ്ങളുടെ നിലവാരത്തകർച്ച പരിഹരിക്കാൻ കൃത്യമായ നടപടികൾ വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. വന്ദേ ഭാരത്, രാജധാനി പോലുള്ള ട്രെയിനുകള്‍ക്ക് നിരക്ക് കൂടുതലാണ്, അത്രയും പണം നൽകിയാൽ, നല്ല നിലവാരമുള്ള ഭക്ഷണവും പ്രതീക്ഷിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.