ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം; ചിയാ സീഡ്, ഫ്ലാക്സ് സീഡ് ഏതാണ് ഏറ്റവും നല്ലത്?
Mail This Article
വളരെ പെട്ടെന്നാണ് നമ്മുടെ ഭക്ഷണരീതികളിൽ വലിയ മാറ്റം വന്നുതുടങ്ങിയത്. ജീവിത ശൈലീരോഗങ്ങൾ ഒരംഗത്തെയെങ്കിലും ബാധിക്കാത്ത വീടുകൾ നാട്ടിൽ കുറഞ്ഞു എന്നുതന്നെ പറയാം. ആരോഗ്യത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും കൂടുതൽ ശ്രദ്ധ നൽകാനിതു കാരണമായി. ഫലമോ ചെറുധാന്യങ്ങളും ഗുണങ്ങൾ ഏറെയുള്ള വിത്തുകളുമൊക്കെ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി. അങ്ങനെ പെട്ടെന്ന് പ്രശസ്തരായവരാണ് ചിയ സീഡുകളും ഫ്‌ളാക്‌സ് സീഡുകൾ എന്ന ചണവിത്തുകളും. ഗുണങ്ങളിൽ ഇതിലാരാണ് മുമ്പൻ എന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും. കാരണം രണ്ടും ഒരുപോലെ മികച്ചവ തന്നെയാണ്. സ്മൂത്തികൾ തയാറാക്കുമ്പോഴും മറ്റു വിഭവങ്ങൾക്കൊപ്പവുമൊക്കെ ഈ വിത്തുകൾ ശീലമാക്കാവുന്നതാണ്.
ചിയ സീഡുകളിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനം സുഗമമാക്കാനിതു സഹായിക്കുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുള്ളതിനാൽ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിച്ചാൽ ഒരു ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാം. ഹൃദയാരോഗ്യത്തിനു ഉത്തമമായ ഒമേഗ 3 ഫാറ്റി ആസിഡുകൾ ചിയ സീഡുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുമൊക്കെ ഇതേറെ സഹായകരമാണ്. കാൽസ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ എല്ലുകളുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ഈ വിത്തുകൾക്ക് കഴിയും. വിശപ്പ് നിയന്ത്രിക്കുന്നത് കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതേറെ ഉപകാരപ്രദമാണ്.
ചിയ വിത്തുകളിൽ എന്ന പോലെ തന്നെ ഫ്‌ളാക്‌സ് സീഡുകളിലും വലിയ അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പത്തിലാക്കുന്നു. രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിയുന്നത് കൊണ്ടുതന്നെ ഫ്‌ളാക്‌സ് സീഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനുപകരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ വിത്തുകളിൽ. കൊളസ്ട്രോളിനെ എന്നപോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഫ്‌ളാക്‌സ് സീഡുകൾ സഹായകരമാണ്. ധാരാളം പ്രോട്ടീനും ഇതിലുണ്ട്. ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനെ തടയുന്നതു പോലെ തന്നെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും കഴിയും.