ചർമരോഗങ്ങള്ക്കും ഉറക്കക്കുറവിനും പരിഹാരമാണ് ഈ സൂപ്പർ ഐറ്റം; ആരോഗ്യത്തിന് അത്യുത്തമം
Mail This Article
ആദ്യകാലങ്ങളിൽ നമ്മുടെ പല വിഭവങ്ങളിലും ഒരു ചേരുവയായിരുന്നു എള്ള്. എന്നാലിന്ന് പഴംപൊരി, ഉണ്ണിയപ്പം, പായസം പോലെ ചിലതിൽ മാത്രമാണ് എള്ള് ഉപയോഗിക്കുന്നത്. ഗുണങ്ങൾ ധാരാളമുള്ള ഈ ചെറുവിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. പല ജീവിതശൈലീ രോഗങ്ങളെയും പ്രതിരോധിക്കാനും എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനുമൊക്കെ ഈ വിത്തുകൾ സഹായിക്കും.
∙ ഒലീക് ആസിഡ്, ലൈനോലിക് ആസിഡ് എന്നീ രണ്ട് ആസിഡുകൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള ശേഷി എള്ളിനുണ്ട്. സ്വാഭാവികമായും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.
∙ ദഹനം മെച്ചപ്പെടുത്താനുള്ള ശേഷി ഈ ചെറുവിത്തുകൾക്കുണ്ട്. എള്ളിലുള്ള ഫൈബർ ആണിതിനു സഹായിക്കുന്നത്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും ചെയ്യുന്നു.
∙ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ എള്ള് ഉപയോഗിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനു ഗുണകരമാണ്. കാൽസ്യത്തിനു പുറമെ ഫോസ്‌ഫറസ്, മഗ്നീഷ്യം എന്നിവ കൂടി ഇതിലുണ്ട്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസ്ഥിക്ഷയം പോലുള്ളവയെ തടയാൻ സഹായിക്കും.
∙എള്ളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
∙ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചർമരോഗങ്ങളെ പ്രതിരോധിക്കാനും എള്ള് കഴിച്ചാൽ മതിയാകും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, ആന്റിഓക്സിഡന്റുകൾ എന്നിവയാണ് ചർമാരോഗ്യത്തെ സംരക്ഷിക്കുന്നത്.
∙ ഉറക്കക്കുറവിനു പരിഹാരമാണ് എള്ള്. ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് സെറാടോണിൻ, മെലാടോണിൻ എന്നീ ഹോർമോണുകളെ ബാലൻസ് ചെയ്താണ് നല്ല ഉറക്കം സമ്മാനിക്കുന്നത്.
എള്ള് ഉപയോഗിച്ച് തയാറാക്കാം ബർഫി
1. വെളുത്ത എള്ള് - കാൽ കപ്പ്
2. നിലക്കടല (തൊലികളഞ്ഞു വറുത്തത് ) - രണ്ടു ടേബിൾ സ്പൂൺ
3. ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂൺ
4. നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
5. ശർക്കര - മുക്കാൽ കപ്പ്
6. പാൽ - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചൂടായ പാനിൽ എള്ള് രണ്ടോ മൂന്നോ മിനിറ്റ് വറുക്കുക. ശേഷം ഒരു മിക്സിയിലിട്ട് തരുതരുപ്പിൽ പൊടിച്ചെടുക്കുക. വറുത്ത നിലക്കടലയും ചെറിയ തരികളോടെ പൊടിച്ചെടുത്തതിന് ശേഷം ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് ഇവ മൂന്നും നല്ലതു പോലെ മിക്സ് ചെയ്യണം. പാനിലേക്ക് നെയ്യ് ചേർത്ത് ചൂടായി വരുമ്പോൾ ശർക്കരപ്പൊടി ചേർക്കണം. ശർക്കര അലിഞ്ഞു കഴിയുമ്പോൾ നേരത്തേ മിക്സ് ചെയ്തു വച്ച കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് പാൽ കൂടി ചേർത്ത് രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ ചെറിയ തീയിൽ അടുപ്പിൽ വയ്ക്കാം. ഇനി ഒരു പാത്രത്തിലേക്കു മാറ്റി ഈ കൂട്ട് നന്നായി പരത്തണം. ചൂടാറിയതിനു ശേഷം മുറിച്ചെടുത്തു കഴിക്കാവുന്നതാണ്.