തണുത്ത വെള്ളവും ജൂസുകളും അധികം കുടിക്കാറുണ്ടോ?
Mail This Article
കനത്ത ചൂടിൽ നിന്ന് വന്ന ഉടനെ ഫ്രിജിൽ നിന്നും തണുത്ത വെള്ളം എടുത്ത് കുടിക്കുന്നവർ സൂക്ഷിക്കണം. ഹാനികരമെന്നു മാത്രമല്ല, തൊണ്ട, ഉദര രോഗങ്ങൾ കൂടെ വരും. ദാഹത്തിനു എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്. നന്നാറി വെള്ളവും സംഭാരവുമാണെങ്കിൽ ഏറെ നല്ലത്. ഇവ വീടുകളിൽ ഉണ്ടാക്കാൻ എളുപ്പമാണ്. ബ്രഹ്‌മി, മുത്തിൾ (അധികമാകരുത് കയ്‌പുണ്ടാകും) മുക്കുറ്റി, ഇളം പേരയില, മല്ലി, ജീരകം, തുളസി, പുതിന തുടങ്ങിയവ ചേർക്കാം. കരിക്കിൻ വെള്ളം ചൂടുകാലത്തിന്റെ പ്രധാന രക്ഷകനാണ്. ഇത്രയും മിനറലുകൾ പ്രകൃതിയിൽ വേറൊരിടത്തും കലക്കിവച്ചിട്ടില്ല. വെള്ളം തിളപ്പിക്കുമ്പോൾ ജീരകം ചേർത്താലു നല്ലതാണ്.
ജൂസുകൾ അധികം കഴിക്കരുത്
പഞ്ചസാര ചേർത്ത് കലക്കിവച്ചിരിക്കുന്ന പഴ ജൂസുകൾ കഴിക്കരുത്. ദാഹം ഇരട്ടിയാകും. പഞ്ചസാരയും ഐസും വേണ്ടെന്ന് പറയുന്നത് ശീലമാക്കുക. വേനൽ കനക്കുമ്പോൾ ഭക്ഷണരീതിയിലൂം ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. മിതമായ ആഹാരമായിരിക്കും ഉഷ്‌ണകാലത്ത് നന്നായിരിക്കുക. കഴിയുന്നത്ര എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഇപ്പോൾ നല്ലത്. ജലാംശം കൂടുതലുള്ള പച്ചക്കറികളും പുളിയില്ലാത്ത പഴവർഗങ്ങളുമാണ് ഉഷ്‌ണകാലത്ത് ഉപയോഗിക്കുവാൻ ഏറ്റവും അനുയോജ്യം. വെള്ളരി, കുമ്പളങ്ങ, പടവലം, കക്കിരി പഴ വർഗങ്ങളിൽ ചക്ക, മാങ്ങ, തണ്ണിമത്തൻ, ഞാലിപ്പൂവൻ എന്നിവ ചുടുകാലത്തേക്ക് അനുയോജ്യമായവയാണ്. ആപ്പിൾ, ഓറഞ്ച്, പേരയ്‌ക്ക, പപ്പായ എന്നിവ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങളാണ്. ഇവ മധുരം ചേർക്കാതെ ജൂസ് ആക്കി കഴിക്കാം.