ഇനി എളുപ്പത്തിൽ തേങ്ങ വറുത്തെടുക്കാം, ഇളക്കിക്കൊടുക്കേണ്ട!
Mail This Article
വറുത്തരച്ച ചിക്കനും ചെമ്മീൻ തീയലുമൊക്കെ ഉണ്ടെങ്കിൽ ഊണ് കുശാലായി. തേങ്ങ വറുത്തരച്ച കറിയെങ്കിൽ പെട്ടെന്ന് ചീത്തയാകുകയുമില്ല. വിഭവങ്ങൾ രുചിയേറുമെങ്കിലും ഒരേ നിൽപ്പിൽ അടുക്കളയിൽ നിന്ന് തേങ്ങ വറുത്തെടുക്കാൻ മിക്കവർക്കും മടിയാണ്. കരിഞ്ഞ് പോകാതെ ഒരേ രീതിയിൽ തേങ്ങ ഇളക്കിക്കൊണ്ടിരിക്കണം. വിപണിയിൽ ഈസിയായി തയാറാക്കാവുന്ന വറുത്തരച്ച തേങ്ങാക്കൂട്ട് ലഭ്യമാണെങ്കിലും നമ്മൾ വീടുകളിൽ തയാറാക്കുന്നതിനാണ് സ്വാദേറെയും. ഇനി തേങ്ങ ചീനച്ചട്ടിയിൽ വറുത്തെടുക്കേണ്ട, എളുപ്പവഴിയിൽ തയാറാക്കാം. നിമിഷങ്ങളിക്കുള്ളിൽ തേങ്ങ വറുത്തെടുക്കാം. റെസ്‌മീസ് കറി വേൾഡ് എന്ന യുട്യൂബ് ചാനലിലാണ് എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ചിരവിയെടുക്കുന്ന തേങ്ങ മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്നു ഒതുക്കിയെടുക്കണം. ഇങ്ങനെ ചെയ്യുന്നത് തേങ്ങ മുഴുവനും ഒരേപോലെ ചെറുതായി കിട്ടാനാണ്. ഒരുമിച്ചു നന്നായി വറുത്തുകിട്ടാനും ഇങ്ങനെ ചെയ്താൽ മതി. ചീനച്ചട്ടിയിൽ അല്ല സാധാരണയിൽ നിന്നും വ്യത്യസ്തമായി കുക്കറിലാണ് തേങ്ങ വറുക്കുന്നത്. അതിനായി ആദ്യമേ, കുക്കർ നന്നായി ചൂടാക്കാം. രണ്ടു മുതൽ മൂന്നു ടേബിൾ സ്പൂൺ വരെ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം. എണ്ണ നന്നായി ചൂടായതിനുശേഷം ഒതുക്കിവച്ചിരിക്കുന്ന തേങ്ങ കുക്കറിലേക്ക് ഇട്ടു നന്നായി ഇളക്കി മിക്സ് ചെയ്യാം.
അതിനുശേഷം കുക്കർ അടച്ചു വയ്ക്കാം. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. കുക്കർ അടക്കുമ്പോൾ വിസിൽ ഉപയോഗിക്കരുത്. രണ്ടുമിനിറ്റ് കഴിയുമ്പോൾ അടപ്പ് തുറക്കാതെ തന്നെ നല്ലതുപോലെ കുലുക്കാം. അടിയിലെ തേങ്ങ മുകൾഭാഗത്തേയ്ക്കു വരുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. രണ്ടോ മൂന്നോ സെക്കൻഡുകൾ കൂടി കഴിയുമ്പോൾ വിസിലിന്റെ ഭാഗത്തു നിന്നും പ്രഷർ പുറത്തേയ്ക്ക് വരുന്നത് കാണാം. ഇനി കുക്കർ തുറക്കാം. തേങ്ങ ഒരു തവണ കൂടി ഇളക്കി കൊടുക്കണം. തേങ്ങ ഒരു അമ്പത് ശതമാനം വറുത്തതായി ഇപ്പോൾ തന്നെ കാണുവാൻ സാധിക്കും. നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തതിനുശേഷം കുക്കർ വിസിൽ ഇല്ലാതെ അടച്ചു വയ്ക്കാം. ഇടയ്ക്കൊന്നു കുലുക്കി കൊടുക്കുന്നത് നല്ലതാണ്. രണ്ടോ മൂന്നോ സെക്കൻഡുകൾ കൂടി കഴിഞ്ഞതിനു ശേഷം കുക്കർ തുറന്നു നോക്കാം. തേങ്ങ ഒരു എൺപത് ശതമാനത്തോളം വറുത്തു വന്നിട്ടുള്ളതായി കാണാൻ സാധിക്കും.തേങ്ങ കരിഞ്ഞുപോകാതെ നോക്കണം.
മേൽപറഞ്ഞ രീതിയിൽ തയാറാക്കുന്ന തേങ്ങയിൽ മസാലകളൊന്നും തന്നെയും ചേർത്തിട്ടില്ല. ചൂടാറിയതിനുശേഷം എത്ര ദിവസങ്ങൾ വേണമെങ്കിലും ഈ വറുത്ത തേങ്ങ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ കറി വയ്ക്കുന്ന സമയത്ത് ഈ തേങ്ങ പുറത്തെടുത്തു മസാല പൊടികളെല്ലാം ചേർത്ത് നന്നായി ചൂടാക്കിയെടുക്കാം. തിരക്കുള്ള ദിവസങ്ങളിൽ തേങ്ങ വറുത്തു കറിവയ്ക്കണമെന്നുള്ളവർക്കു ഇനി വഴി പരീക്ഷിക്കാവുന്നതാണ്.