ADVERTISEMENT

പഞ്ഞിമിഠായി, പൂട മിഠായി എന്നിങ്ങനെ പല ദേശങ്ങളിൽ രസകരമായ പല പേരുകളിൽ അറിയപ്പെടുന്ന കോട്ടൺ കാൻഡിയുടെ വിൽപന പുതുച്ചേരി സർക്കാർ ഔദ്യോഗികമായി നിർത്തലാക്കി. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജനാണ് കോട്ടൺ കാൻഡി വിൽപന നിരോധിക്കുന്നുവെന്നു പറഞ്ഞുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. റോഡാമൈൻ-ബി എന്ന, ആരോഗ്യത്തിനു ദോഷം ചെയ്യുന്ന വസ്തു മിഠായിയിൽ കണ്ടെത്തിയെന്നും കുട്ടികളും മുതിർന്നവരും കഴിക്കരുതെന്നും ഗവർണർ വ്യക്തമാക്കി. 

കോട്ടൺ കാൻഡി വിൽക്കുന്ന കടകളിൽ പരിശോധന നടത്തണമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഈ മിഠായികളിൽ വിഷപദാർഥങ്ങൾ കണ്ടെത്തിയാൽ കടകൾ അടപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. ഉദ്യോഗസ്ഥർ നേരിട്ട് കടകളിൽ എത്തിയാണ് പരിശോധനകൾ നടത്തേണ്ടത്, എന്തെങ്കിലും തരത്തിലുള്ള വിഷപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഉടനടി നടപടിയും വേണം. നിറങ്ങൾ ചേർക്കുന്ന ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നതിൽ മുതിർന്നവർ കൂടുതൽ കരുതൽ എടുക്കേണ്ടിയിരിക്കുന്നുവെന്നും ഗവർണർ ഓർമിപ്പിച്ചു. 

ജനങ്ങൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്നും രാസവസ്തുക്കൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഗവർണർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വിഡിയോയിൽ പറയുന്നുണ്ട്. കോട്ടൺ കാൻഡി, പഞ്ചു മിഠായി, പുതുച്ചേരി എന്നിങ്ങനെയുള്ള ഹാഷ്‌ടാഗും വിഡിയോയ്ക്കു ഒപ്പമുണ്ട്. ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ ഗുണമേന്മ തെളിയിക്കുന്ന സാക്ഷ്യപത്രം ലഭിച്ചാൽ മാത്രമേ ഇനി പുതുച്ചേരിയിൽ കോട്ടൺ കാൻഡി വിൽക്കാൻ സാധിക്കൂ. 

ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, റോഡാമൈൻ ബിയെ RhB എന്ന് ചുരുക്കി വിളിക്കുന്നു, ഇത് നിറങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ഒരു രാസ സംയുക്തമാണ്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാൽ കോശങ്ങളിലും ടിഷ്യുകളിലും ഓക്സിഡേറ്റീവ്  സ്ട്രെസ്സിനു കാരണമാകുന്നു. ദീർ‌ഘകാലം ഉപയോഗിച്ചാൽകരളിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കുന്നു. മാത്രമല്ല, കാൻസറിന് വരെ കാരണമാകുന്നു. കൂടിയ അളവിൽ മനുഷ്യശരീരത്തിലെത്തിയാൽ വിഷത്തിനു തുല്യമാണ്.

English Summary:

Cotton candy banned in Puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com