ഇന്റര്‍നാഷനല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് ഏഴാം എഡിഷന് സമാപിച്ചു
Mail This Article
ന്യൂഡൽഹി ∙ ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഏഴാമത് ഇന്റര്‍നാഷനല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് സമാപിച്ചു. 'ഷേപ്പിങ് ദ് ഫ്യൂച്ചര്‍ : ട്രെന്‍ഡ്‌സ് ആന്‍ഡ് ഇൻസൈറ്റ്‌സ്' എന്ന തീമില്‍ മാര്‍ച്ച് 3 മുതല്‍ 6 വരെ ഗുഡ്ഗാവിലെ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സ് എഐഎസ്ഇഎഫ് ചെയര്‍മാനും ഐടിസി വൈസ് പ്രസിഡന്റുമായ സഞ്ജീവ് ബിഷ്ത്, ബിസിജി ഇന്ത്യ മാനേജിങ് ഡയറക്ടറും സീനിയര്‍ പാര്‍ട്ണറുമായ അഭിഷേക് സിംഘി, മക്കോര്‍മിക്കിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ബ്രണ്ടന്‍ ഫോളി, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ആനന്ദ് വെങ്കിട്ടരാമന്‍, എഐഎസ്ഇഎഫ് വൈസ് ചെയര്‍മാന്‍ ഇമ്മാനുവല്‍ നമ്പുശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കടഇ 2024 എക്‌സിബിഷന്‍ നെസ്‌ലെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് നെഡ്‌സ്‌പൈസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അല്‍ഫോണ്‍സ് വാന്‍ ഗുലിക്കും സുഗന്ധവ്യഞ്ജനങ്ങളിലെ മികവിനുള്ള എഐഎസ്ഇഎഫ് അവാര്‍ഡിന് മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മടിക്കേരി റീജനല്‍ സ്റ്റേഷന്‍ തലവനുമായ ഡോ. എം.എന്‍.ആര്‍.വേണുഗോപാലും അര്‍ഹനായി.
കോണ്‍ഫറന്‍സിന്റെ ബിസിനസ് ഭാഗം സുസ്ഥിരത, വിതരണ ശൃംഖല, നിയന്ത്രണങ്ങള്‍, ഭക്ഷ്യ സുരക്ഷ എന്നിവയിലെ മാറ്റങ്ങളിലും വെല്ലുവിളികളിലും എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, കൂടാതെ ''സുഗന്ധവ്യഞ്ജനങ്ങളിലേയും സീസണിങ്ങുകളിലേയും മൂല്യവര്‍ദ്ധന'' എന്ന വിഷയത്തിലും പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. മുളക്, ജീരകം, മഞ്ഞള്‍, കുരുമുളക് എന്നീ വിളകളുടെ ഉല്‍പ്പാദനവും കയറ്റുമതിയും സംബന്ധിച്ച് ഓഡിയോ വിഷ്വല്‍ പ്രസന്റേഷനുകളും നടത്തി.