ചൂട് കാലത്ത് പപ്പായ കഴിക്കാമോ? ഫ്രഷായി സൂക്ഷിക്കാം; അറിയാം ഇക്കാര്യങ്ങൾ
Mail This Article
ചൂട് കാലത്ത് എന്ത് കഴിച്ചാൽ ആശ്വാസം കിട്ടും എന്ന ചിന്തയിലാണ് മിക്കവരും. തണ്ണിമത്തനാണ് ഈ ചൂടുകാലത്ത് ഏറ്റവുമധികം വിൽപന നടക്കുന്നത്.
ഒാരോ ദിവസവും ചൂടിന്റെ കാഠിന്യം കൂടിവരുകയാണ്. തണ്ണിമത്തൻ മാത്രമല്ല, ഉള്ളം തണുപ്പിക്കാൻ പഴങ്ങളൊക്കെയും ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പപ്പായയും നല്ലൊരു ഒാപ്ഷനാണ്. മിക്കവീടുകളിലും പപ്പായ സുലഭമായി ഉണ്ട്. കൂടാതെ കടകളിലും വാങ്ങാന്‍ കിട്ടും. ഈ ചൂട് കാലത്ത് പപ്പായ കഴിച്ചാല്‍ ശരീരത്തിന് ഏറെ ഗുണകരമാണ്. പപ്പായ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതുമാണ്. കൂടാതെ പപ്പായയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ, വേനൽക്കാലത്ത് കണ്ണുകൾക്കുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും.
വൈറ്റമിൻ എ, സി, പൊട്ടാസ്യം, നാരുകൾ തുടങ്ങിയവയാൽ സമ്പന്നം. ഭക്ഷണത്തിൽ ധാരാളം പപ്പായ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ഉള്ള lycopene, വിറ്റാമിൻ സി, നാരുകൾ എന്നിവ LDL കുറച്ചു ഹൃദയത്തെ സംരക്ഷിക്കുന്നു. ഊർജ്ജം കുറഞ്ഞ പപ്പായ പൊണ്ണത്തടി കുറയ്ക്കാനും ഉപയോഗിക്കാം. പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ.
വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ പപ്പായ കഴിക്കുന്നത് വലിയ ഗുണം ചെയ്യും. ഇവ ചൂടിനെ തടയാനും ശരീരം തണുപ്പിക്കാനുമൊക്കെ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിന്റെ ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് നല്ലതാണ്.
പപ്പായ ദിവസങ്ങളോളം ഫ്രഷായി വയ്ക്കാൻ ശ്രദ്ധിക്കാം
ഫ്രിജിൽ വയ്ക്കാം
പഴുത്ത പപ്പായ ദിവസങ്ങളോളം ഫ്രഷ് ആയിരിക്കാൻ ഫ്രിജിൽ സൂക്ഷിച്ചാൽ മതിയാകും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു, പോളിത്തീൻ ബാഗിലാക്കി വേണം ഫ്രിജിൽ വയ്ക്കാൻ. ഇങ്ങനെ വച്ചാൽ കുറച്ചധികം ദിവസം പപ്പായ പഴുത്തു പോകാതെയും, ചീത്തയാകാതെയുമിരിക്കും.
പേപ്പറിൽ പൊതിയാം
പപ്പായയുടെ മുറിച്ചെടുത്ത ഭാഗം പേപ്പറിൽ പൊതിഞ്ഞു ഫ്രിജിൽ വച്ചാൽ രണ്ടു മുതൽ മൂന്നു ദിവസം വരെ പപ്പായ കേടുകൂടാതെയിരിക്കും. പഴുക്കാത്ത പപ്പായ ഇതുപോലെ പേപ്പറിൽ പൊതിഞ്ഞു അടുക്കളയിൽ വച്ചാൽ പഴുത്തു പാകമായി കിട്ടാനും ഈ വിദ്യ പ്രയോഗിച്ചാൽ മതിയാകും.
മുറിച്ചു വയ്ക്കുമ്പോൾ
പപ്പായ മുറിച്ചു വയ്ക്കുമ്പോൾ മുകളിൽ പ്ലാസ്റ്റിക് പേപ്പർ കൊണ്ട് നല്ലതു പോലെ പൊതിഞ്ഞു ഫ്രിജിൽ വയ്ക്കണം. ഇങ്ങനെ ചെയ്യുന്നത്, പപ്പായ കേടാകാതെയിരിക്കാൻ സഹായിക്കും.
വായുകടക്കാത്ത പാത്രങ്ങൾ
തൊലി ചെത്തിയതിനു ശേഷം കുരുവും ഭക്ഷ്യ യോഗ്യമല്ലാത്തവയും കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ച പപ്പായ, വായു കടക്കാത്ത പാത്രങ്ങളിലാക്കി ഫ്രിജിൽ വയ്ക്കാം. ഇങ്ങനെ ചെയ്താൽ ദിവസങ്ങളോളം പപ്പായ കേടുകൂടാതെയിരിക്കും.
സിപ് ലോക് പ്ലാസ്റ്റിക് ബാഗ്
പപ്പായ കേടുകൂടാതെയിരിക്കാൻ ഉടനടി ഒരു മാർഗമെന്തെന്നു തേടുന്നവർക്ക് മുറിച്ചു കഷ്ണങ്ങളാക്കി സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രിജിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി പിന്നീട് എടുക്കുമ്പോൾ പപ്പായ ഫ്രഷ് ആയിരിക്കും.