ഈ രണ്ടുതരം വെളിച്ചെണ്ണയ്ക്കും വ്യത്യാസമുണ്ട്; ഏറ്റവും നല്ലത് ഏതെന്ന് അറിയാം
Mail This Article
കറികളിലെ പ്രധാന ചേരുവയാണ് വെളിച്ചെണ്ണ. ഒട്ടുമിക്ക വിഭവങ്ങളും വെളിച്ചെണ്ണ ചേർത്താണ് നാം പാകം ചെയ്യാറ്. മറ്റുള്ള എണ്ണകളെ അപേക്ഷിച്ചു കൊഴുപ്പിന്റെ അളവ് കുറവെന്നതും ഇതിൽ അടങ്ങിയിരിക്കുന്ന ലാറിക് ആസിഡ് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ വെളിച്ചെണ്ണയുടെ ഗുണങ്ങൾ. ഇന്ന് വിപണിയിൽ ലഭ്യമാകുന്നത് രണ്ടു തരത്തിലുള്ള വെളിച്ചെണ്ണകളാണ്. സാധാരണയായി ലഭിക്കുന്ന കൊപ്ര ആട്ടിയെടുത്ത വെളിച്ചെണ്ണയും വെർജിൻ വെളിച്ചെണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണയും. ഇതിൽ ഏതാണ് കൂടുതൽ ഗുണകരമെന്ന കാര്യത്തിൽ ചിലർക്കെങ്കിലും ആശയക്കുഴപ്പമുണ്ടാകും. രണ്ടു വെളിച്ചെണ്ണയും തയാറാക്കുന്നത് തേങ്ങ ഉപയോഗിച്ചാണെങ്കിലും തയാറാക്കുന്ന രീതിയിൽ ഏറെ വ്യത്യാസമുണ്ട്.
തേങ്ങയുടെ അകത്തുള്ള വെള്ള നിറത്തിലുള്ള കാമ്പാണ് വെളിച്ചെണ്ണ തയാറാക്കുന്നതിനായി ഉപയോഗിക്കുന്നതെന്ന് എല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണല്ലോ. തേങ്ങ മാത്രമല്ല, അതിനുള്ളിലെ വെള്ളവും പോഷകങ്ങൾ നിറഞ്ഞതാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. സാധാരണയായി തേങ്ങ ചിരട്ടയിൽ നിന്നും അടർത്തി മാറ്റി ഉണക്കി വെളിച്ചെണ്ണ തയാറാക്കിയെടുക്കുമ്പോൾ വെർജിൻ വെളിച്ചെണ്ണയ്ക്ക് പച്ച തേങ്ങയാണ് ഉപയോഗിക്കുക. നല്ലതുപോലെ മൂപ്പെത്തിയ തേങ്ങ കോൾഡ് പ്രസ് ചെയ്തോ സെൻട്രിഫ്യൂജ് രീതിയിലോ ആണ് വെർജിൻ വെളിച്ചെണ്ണയാക്കി വേർതിരിച്ചെടുക്കുന്നത്.
കൊപ്ര ഉണക്കി ആട്ടി വെളിച്ചെണ്ണ തയാറാക്കിയെടുക്കുന്നത് കുറച്ചധികം ദിവസങ്ങൾ നീളുന്ന പ്രക്രിയ ആണെങ്കിൽ വെർജിൻ വെളിച്ചെണ്ണ ഒരു ദിവസം കൊണ്ട് തന്നെ തയാറാക്കാവുന്നതാണ്. പോഷകഗുണങ്ങളും ആകർഷകമായ ഗന്ധവുമാണ് വെർജിൻ വെളിച്ചെണ്ണയുടെ പ്രധാന സവിശേഷത. പലതരത്തിലുള്ള സംവിധാനങ്ങളിലൂടെയാണ് വെളിച്ചെണ്ണ കൊപ്രയിൽ നിന്നും വേർതിരിച്ചെടുക്കുന്നത്. കോൾഡ് പ്രെസ്സിങ്, എക്സ്പെല്ലെർ പ്രെസ്സിങ്, സോൾവെന്റ് എക്സ്ട്രാക്ഷൻ തുടങ്ങിയ രീതികളാണ് പൊതുവെ ഉപയോഗിച്ച് വരുന്നത്. അതിനു മുൻപായി തേങ്ങ നന്നായി ഉണക്കിയെടുക്കുന്നു. ഇതിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്താണ് റിഫൈൻഡ് വെളിച്ചെണ്ണ ലഭിക്കുന്നത്. വെർജിൻ വെളിച്ചെണ്ണയുടേതിന് സമാനമായ ഗന്ധം ലഭിക്കുകയുമില്ല എന്ന പോരായ്മയുമുണ്ട്.
കൊപ്ര ഉണക്കിയല്ല വെർജിൻ വെളിച്ചെണ്ണ തയാറാക്കുന്നത്. മൂപ്പെത്തിയ തേങ്ങയിൽ നിന്നും പച്ചയ്ക്കു തന്നെ വെളിച്ചെണ്ണ വേർതിരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. സ്വാഭാവികമായ ഗന്ധം ലഭിക്കുമെന്ന് മാത്രമല്ല, പോഷകഗുണങ്ങൾ ഒന്നും തന്നെ നഷ്ടപ്പെടുകയുമില്ല. അതുകൊണ്ടുതന്നെ സാധാരണ വെളിച്ചെണ്ണയിൽ നിന്നും വ്യത്യസ്തമായി അല്പം കൂടെ ആരോഗ്യദായകമാണ് വെർജിൻ വെളിച്ചെണ്ണ.
ശരീരത്തിന് ഗുണകരമാകുന്ന ധാരാളം ഘടകങ്ങൾ വെർജിൻ വെളിച്ചെണ്ണയിലും സാധാ വെളിച്ചെണ്ണയിലുമുണ്ട്. വിറ്റാമിൻ ഇയും കെയും പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ഊർജം പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ ദഹനത്തെ സഹായിക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും വെളിച്ചെണ്ണ സഹായിക്കും. വെർജിൻ വെളിച്ചെണ്ണയിൽ ആന്റി ഓക്സിഡന്റുകളും പോളിഫെനോൾസും ടോക്കോഫെറോൾസ് എന്നിവയുമുണ്ട്. ലാറിക് ആസിഡിനാൽ സമ്പന്നമാണ് ഈ വെളിച്ചെണ്ണ. ശരീരത്തിനു ആവശ്യമായ കൊഴുപ്പുകളും ഇതിലടങ്ങിയിരിക്കുന്നു. ദഹനം സുഗമമാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും വെർജിൻ വെളിച്ചെണ്ണയ്ക്ക് സാധിക്കും.
പൊതുവെ എല്ലാ ഭക്ഷ്യവിഭവങ്ങളും തയാറാക്കാൻ വെളിച്ചെണ്ണയാണ് നാം ഉപയോഗിക്കാറ്. വിഭവങ്ങൾക്കു രുചി പകരാൻ വെളിച്ചെണ്ണയോളം കഴിവുള്ള മറ്റൊരു എണ്ണയുമില്ല എന്ന് പറയാം. വെർജിൻ വെളിച്ചെണ്ണയ്ക്ക് ഗുണങ്ങൾ അല്പം കൂടുതലുള്ളത് കൊണ്ടുതന്നെ സൗന്ദര്യ വർധക വസ്തുക്കളിലും മികച്ചൊരു മോയിസ്ചറൈസർ ആയും ഈ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്.