ADVERTISEMENT

ലോകത്ത് എല്ലായിടത്തും ഒരുപോലെ സുലഭമായ പഴങ്ങളില്‍ ഒന്നാണ് വാഴപ്പഴം. പഴം കഴിക്കുമെങ്കിലും അവയുടെ തൊലി സാധാരണയായി കളയാറാണ് പതിവ്. അല്ലെങ്കില്‍, ആടിനോ പശുവിനോ തീറ്റയായി കൊടുക്കും. എന്നാല്‍, എണ്ണിയാല്‍ ഒടുങ്ങാത്തത്ര പോഷകഗുണങ്ങളുടെ കലവറയാണ് ഈ തൊലി എന്ന കാര്യം അറിയാമോ?

കായ വറുത്തത് ഉണ്ടാക്കാന്‍ പച്ച വാഴയ്ക്കയാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഇവ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ ചെന്നാല്‍ വാഴയ്ക്കയുടെ തോട് വാങ്ങിക്കാന്‍ കിട്ടും. ഇവ ചെറുതായി അരിഞ്ഞു തോരന്‍ വെച്ച് കഴിക്കാന്‍ പറ്റും. ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഉത്തമമാണ് ഇത്.

വാഴപ്പഴത്തിന്‍റെ തൊലിയില്‍ ഉയർന്ന അളവില്‍ ട്രിപ്റ്റോഫാൻ, വൈറ്റമിന്‍ ബി 6 എന്നിവയുണ്ട്. വിഷാദരോഗത്തിന്റെയും മറ്റ് മാനസിക വൈകല്യങ്ങളുടെയും ചില ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ ഇത് സഹായിക്കും. 

നാരുകളാൽ സമ്പുഷ്ടമായതിനാല്‍ ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും മലബന്ധവും വയറിളക്കവും ലഘൂകരിക്കാനും ഇതിനു കഴിവുണ്ട്. . ക്രോൺസ് രോഗം അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ള ആളുകൾക്ക് ഇത് വളരെയധികം ഗുണംചെയ്യുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഏത്തപ്പഴത്തിലും വാഴത്തോലിലും വിറ്റാമിന്‍ എ ധാരാളമുണ്ട്. ഇത് കണ്ണുകള്‍ക്ക് ആരോഗ്യം നല്‍കാനും കാഴ്ചശക്തി വര്‍ധിപ്പിക്കാനും സഹായിക്കും. 

കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന പോളിഫിനോൾ, കരോട്ടിനോയിഡുകൾ, മറ്റ് ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ വാഴക്കത്തൊലിയില്‍ ധാരാളമുണ്ട്. പ്രത്യേകിച്ച്, പച്ചവാഴയ്ക്കയുടെ തൊലിയില്‍ ആൻ്റിഓക്‌സിഡന്റിന്‍റെ അളവ് കൂടുതലാണ്. ഇവ കൂടാതെ, പൊട്ടാസ്യം, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ ബി 12 തുടങ്ങിയവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

വാഴപ്പഴത്തിന്‍റെ തൊലി ഉപയോഗിച്ച് ചായ ഉണ്ടാക്കാം

ഈ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ രാത്രി ഉറക്കം ലഭിക്കാൻ സഹായിക്കും. ഇതിലുള്ള ട്രിപ്റ്റോഫാന്‍ വിഘടിച്ച്, ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഹോർമോണായ മെലറ്റോണിൻ, സെറോടോണിൻ എന്നിവയായി മാറുന്നതിനാലാണ് ഇത്. 

ഈ ചായ ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ആദ്യം തന്നെ തൊലി എടുത്ത് നന്നായി കഴുകിയ ശേഷം ചെറുതായി അരിയുക. ചായക്ക് ആവശ്യമായത്ര വെള്ളം എടുത്ത് തിളപ്പിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ച വാഴപ്പഴത്തൊലി ചേർത്ത് വീണ്ടും നന്നായി തിളപ്പിക്കുക. ഏകദേശം പത്തു മിനിറ്റ് നേരം ഇങ്ങനെ തിളപ്പിക്കണം. കൂടുതൽ രുചിക്ക് ആവശ്യമെങ്കിൽ കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കാം. ശേഷം ഇവ അരിച്ചു മാറ്റിയ ശേഷം കുടിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com