ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? തൈരും മീനും ഒരുമിച്ചു കഴിക്കാമോ! ഇതാണ് കാര്യം
Mail This Article
ചോറിനൊപ്പം തൈര് കൂട്ടി കഴിച്ചു ശീലിച്ചവരാണ് നമ്മള്‍ മലയാളികള്‍. അതേ പോലെ തന്നെ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു വിഭവമാണ് മീന്‍. ഇവ രണ്ടും വിരുദ്ധാഹാരങ്ങളായതിനാല്‍ ഒരുമിച്ച് കഴിച്ചുകൂടാ എന്ന് പണ്ടേ മുതല്‍ക്ക് മുത്തശ്ശിമാര്‍ പറയും. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?
ഇതേക്കുറിച്ച് ഡോക്ടറായ സന്തോഷ് ജേക്കബിന്‍റെ വിശദീകരണം കേള്‍ക്കാം
ആയുര്‍വേദത്തില്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടില്ല എന്ന് പറയുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങള്‍ ആണ് ഉള്ളത്. മീന്‍ എന്നത് വളരെ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെതന്നെ തൈരിലും പ്രോട്ടീന്‍ ഉണ്ട്. അതുകൊണ്ട് ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധാഹാരമായി കണക്കാക്കുന്നു. അതിനാല്‍ ചില ആളുകള്‍ക്ക് ഇത് കഴിക്കുമ്പോള്‍ ഗ്യാസ്, ദഹനപ്രശ്നങ്ങള്‍, വയറ്റില്‍ മറ്റു പ്രശ്നങ്ങള്‍ മുതലായവ ഉണ്ടാകും. ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ പ്രശ്നമാകും.
മീന്‍ കടലില്‍ നിന്നുള്ള പ്രോട്ടീന്‍ ആണ്. പാല്‍ ഫെര്‍മെന്‍റ് ചെയ്താണ് തൈര് ഉണ്ടാകുന്നത്. ഇവ മിക്സ് ചെയ്യുമ്പോള്‍ ഫിഷ് അലര്‍ജി ഉള്ളവര്‍ക്ക് ശരീര താപനിലയില്‍ വ്യത്യാസം വരുന്നു. ചിലരില്‍ ഇത് തൊലിപ്പുറമേ റാഷസ്, നേത്രപ്രശ്നങ്ങള്‍, വന്ധ്യത എന്നിവ ഉണ്ടാകാന്‍ കാരണമാകും.
തൈരും മത്സ്യമാംസങ്ങളും ഒരുമിച്ചു ചേര്‍ത്ത് പാചകം ചെയ്യുമ്പോള്‍ തൈരിന്‍റെ ഗുണം കിട്ടില്ല. കാരണം തൈരിലെ നല്ല ബാക്ടീരിയ 45 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചത്തുപോകും. എന്നാല്‍, ഇങ്ങനെ ചേര്‍ക്കുമ്പോള്‍ മാംസം കൂടുതല്‍ മൃദുലമാകും എന്നൊരു ഗുണമുണ്ട്.
എന്നാല്‍ ലാക്ടോസ് ഇന്‍ടോളറന്‍സും ഫിഷ് അലര്‍ജിയും ഒന്നും ഇല്ലാത്തവര്‍ക്ക് ഇത് അത്ര വലിയ പ്രശ്നമാകില്ല.
മീനും പാലും വ്യത്യസ്ത ദഹനനിരക്കുകള്‍ ആയതിനാല്‍ രണ്ടും ഒരുമിച്ചു ദഹിപ്പിക്കാന്‍ ചില ആളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. സാൽമൺ അല്ലെങ്കിൽ അയല പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഉയർന്ന അളവിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നിരുന്നാലും, അമിതമായി കഴിക്കുകയാണെങ്കിൽ, തൈര് പോലുള്ള പാലുൽപ്പന്നങ്ങളുമായി ചേർന്ന് മത്സ്യ വിഭവങ്ങളിലെ ഉയർന്ന കൊഴുപ്പ് ചില വ്യക്തികളിൽ എണ്ണമയമുള്ള ചർമത്തിനും മുഖക്കുരുവിനും കാരണമാകും.