ADVERTISEMENT

വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന അടുക്കള പാത്രങ്ങളില്‍ ഒന്നാണ് പ്രെഷര്‍ കുക്കര്‍. കുറെ നാള്‍ ഉപയോഗിച്ചാല്‍ കുക്കറിനുള്ളില്‍ കരിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ച് കറുത്ത പാടുകള്‍ ഉണ്ടായി വരുന്നത് കാണാം. സ്ക്രബ്ബര്‍ ഉപയോഗിച്ച് മല്‍പ്പിടിത്തം നടത്തിയല്ലാതെ ഇതെങ്ങനെ എളുപ്പത്തില്‍ കളയാം എന്ന് നോക്കാം.

ചൂടുവെള്ളം

പ്രെഷര്‍ കുക്കറിനുള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കരിഞ്ഞ ഭക്ഷണ കണികകള്‍ അയഞ്ഞു വരാന്‍ ചൂടുവെള്ളം സഹായിക്കും. അതിനായി, തിളപ്പിച്ച വെള്ളം കുക്കറിലേക്ക് ഒഴിക്കുക. ഏകദേശം  10-15 മിനിറ്റ് ഇങ്ങനെ ഇരിക്കട്ടെ. അത് പിന്നീട് ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് എളുപ്പത്തിൽ സ്‌ക്രബ് ചെയ്യാം. 

ബേക്കിങ് സോഡ

കുക്കറില്‍ രണ്ടോ മൂന്നോ ടീസ്പൂൺ ബേക്കിങ് സോഡ ചേർക്കുക. കുറഞ്ഞ ചൂടിൽ അര മണിക്കൂർ വേവിക്കുക. ലിക്വിഡ് സോപ്പിൻ്റെ ഏതാനും തുള്ളി കൂടി ചേര്‍ക്കുക. ഇത് അടുപ്പില്‍ നിന്നും ഇറക്കിയ ശേഷം തണുപ്പിക്കുക. തണുത്തു കഴിഞ്ഞാല്‍ സ്ക്രബ്ബര്‍ ഉപയോഗിച്ച് ഉരച്ചു കഴുകുക.

സവാള

കുറച്ചു കാലമായി ഉപയോഗിക്കുന്ന പ്രെഷര്‍ കുക്കറില്‍ കറുത്ത നിറമുള്ള പാടുകള്‍ കാണാം. ഇത് മാറ്റാന്‍ സവാളയുടെ തൊലി കൊണ്ടൊരു വിദ്യയുണ്ട്. ആദ്യം തന്നെ കുക്കറില്‍ വെള്ളം ഒഴിക്കുക. അഞ്ചോ ആറോ സവാളയുടെ തൊലികൾ ഇതില്‍ ഇടുക. ഈ തൊലിയും വെള്ളവും 20 മുതൽ 30 മിനിറ്റ് വരെ തിളപ്പിക്കുക. ശേഷം, ഇറക്കി വെച്ച് തണുത്ത ശേഷം ഉരച്ചു കഴുകാം.

പുളി, നാരങ്ങാനീര്

കുക്കറില്‍ പകുതിയോളം വെള്ളം നിറയ്ക്കുക. ഒരു ടീസ്പൂണ്‍ വാളന്‍പുളിയും അര മുറി നാരങ്ങാനീരും ചേർത്ത ശേഷം കുക്കർ സ്റ്റൗവിൽ വയ്ക്കുക. ഇത് തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കുക. അല്‍പ്പം കഴിഞ്ഞ് സ്ക്രബ്ബര്‍ ഉപയോഗിച്ച് ഉരച്ചു കഴുകാം. 

കോണ്‍ഫ്ലോര്‍

ഒരു മിക്സിങ് പാത്രത്തിൽ, 2 ടേബിൾസ്പൂൺ കോൺ ഫ്ലോറും 1 കപ്പ് വെള്ളവും യോജിപ്പിക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് കുക്കറില്‍ കറയുള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടുക. ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ ഇത് നന്നായി കഴുകുക, കറുത്ത കറകള്‍ പോകും.

English Summary:

Burned Pressure Cooker Cleaning Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com