ADVERTISEMENT

നമ്മുടെ ദൈനംദിന പാചകത്തിന് പ്രധാനം ചേർക്കുന്ന ഒന്നാണ് എണ്ണ. കറികൾക്ക് കടുക് പൊട്ടിക്കുന്നത് മുതൽ ഭൂരിഭാഗം വരുന്ന എല്ലാ പാചകത്തിനും എണ്ണ ഉപയോഗിക്കും.  പപ്പടം കാച്ചി കഴിഞ്ഞാൽ അല്ലെങ്കിൽ മീൻ വറുത്തു കഴിഞ്ഞാൽ ബാക്കിവരുന്ന എണ്ണ എന്ത് ചെയ്യും എന്ന് വീട്ടമ്മമാർ പലപ്പോഴും ചിന്തിക്കാറുണ്ട്. ചിലപ്പോഴൊക്കെ നമ്മൾ ആ ബാക്കിവരുന്ന എണ്ണ വീണ്ടും കുക്കിങ്ങിന് ഉപയോഗിക്കുകയും ചെയ്യും. പക്ഷേ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് നിങ്ങൾക്ക് അറിയാമോ? ശരിക്ക് പറഞ്ഞാൽ ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാൻ പാടില്ല എന്നാണ്. കാരണം അത് അങ്ങേയറ്റം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മാത്രമല്ല കാൻസർ പോലെയുള്ള ഭയാനകമായ അസുഖങ്ങൾ വരാനും ഇടയാക്കും. 

ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്നാണ്  FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) യുടെ മാർഗനിർദ്ദേശത്തിൽ പറയുന്നത്. എന്നാൽ ട്രാൻസ് ഫാറ്റ് ഒഴിവാക്കി മൂന്ന് തവണ വരെ പരമാവധി എണ്ണ ഉപയോഗിക്കാം എന്ന് മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്.

പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

ഉപയോഗിച്ച എണ്ണ വീണ്ടും എത്ര തവണ  ഉപയോഗിക്കാനാകുമെന്നത് അതിൽ വറുത്ത ഭക്ഷണത്തിന്റെ തരം, എണ്ണയുടെ തരം, എത്ര സമയം എത്ര താപനിലയിൽ ചൂടാക്കി എന്നതിനെ ആശ്രയിച്ചായിരിക്കും.

ഉയർന്ന സ്മോക്ക് പോയിൻ്റുകളുള്ള ഉദാഹരണത്തിന് സൺഫ്ലവർ ഓയിൽ പോലെയുള്ള എണ്ണകൾ മറ്റ് ഓയിലുകളെ അപേക്ഷിച്ച് ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ പറ്റുന്നതാണ്. എന്നാൽ ഒലിവ് ഓയിൽ പോലെയുള്ള എണ്ണകൾ ഒരു പ്രാവശ്യത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. 

ഒരിക്കൽ ഉപയോഗിച്ച എണ്ണ എങ്ങനെ സൂക്ഷിച്ചുവയ്ക്കാം

മീൻ,ചിക്കൻ മുതലായവ വറുത്തു കഴിഞ്ഞു വരുന്ന ബാക്കി എണ്ണ കളയാൻ നമുക്ക് ഒരിക്കലും മനസ്സ് വരാറില്ല അല്ലേ. പിന്നീടുള്ള പാചകത്തിന് നമ്മൾ ഇവ ഉപയോഗിക്കുകയും ചെയ്യും. പക്ഷേ അതിനുമുമ്പ് ഈ ഉപയോഗിച്ച എണ്ണ എങ്ങനെ രണ്ടാമത് ഉപയോഗത്തിന് സൂക്ഷിച്ചു വയ്ക്കാം എന്നതുകൂടി അറിഞ്ഞിരിക്കണം. വെറുതെ പാത്രത്തിൽ ഒഴിച്ച് വയ്ക്കരുത്. 

   

പാചക എണ്ണ ശുദ്ധീകരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗം, സൂക്ഷിക്കുന്നതിന് മുമ്പ് അത് അരിച്ചെടുക്കുക എന്നതാണ്. എണ്ണ തണുത്തുകഴിഞ്ഞാൽ, അതിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ ബാക്കിയൊക്കെ ഉണ്ടാകുമല്ലോ. അത് നല്ലതുപോലെ അരിച്ചെടുത്തതിനുശേഷം മാത്രമേ സൂക്ഷിച്ചു വയ്ക്കാൻ പാടുള്ളൂ. ചെറിയ അരിപ്പ കൊണ്ട് അല്ലെങ്കിൽ നേർത്ത തുണിയിലോ ഒഴിച്ച് എണ്ണയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നല്ലതുപോലെ അരിച്ചതിനുശേഷം എടുത്തു വയ്ക്കാം. 

മുട്ട പ്രയോഗം

പാചക എണ്ണ വൃത്തിയാക്കുന്നതിനുള്ള മറ്റൊരു വിദ്യ മുട്ട കൊണ്ടുള്ളതാണ്. ഒരു ചെറിയ പാത്രത്തിൽ ഒരു മുട്ടയുടെ വെള്ള അടിച്ചെടുക്കാം എന്നിട്ട് ഇത് ചൂടായ എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. കുറച്ചുനേരം അത് അവിടെ കിടന്നു തിളക്കട്ടെ. അപ്പോൾ എണ്ണയിലുള്ള അവശിഷ്ടങ്ങളും മറ്റും ഈ മുട്ടയുടെ വെള്ളയിൽ പറ്റി പിടിക്കും. ഇനി ഈ എണ്ണ തണുക്കാൻ വയ്ക്കണം. ശേഷം മുട്ടയുടെ വെള്ള നീക്കം ചെയ്ത് നോക്കൂ, എണ്ണ നല്ല ക്ലിയർ ആയിരിക്കുന്നത് കാണാം.  ഇനിയത് നല്ലതുപോലെ അരച്ചു എടുത്തു സൂക്ഷിച്ചുവയ്ക്കാം. 

കോഫി ഫിൽറ്റർ

നിങ്ങൾ ഉപയോഗിച്ച പാചക എണ്ണയിൽ നിന്ന് ഏതെങ്കിലും മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യണമെങ്കിൽ, കോഫി ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഒരു കോഫി ഫിൽട്ടർ എടുത്ത് ഉപയോഗിച്ച എണ്ണ സാവധാനം ഫിൽട്ടറിലൂടെ ഒഴിക്കുക. കുറച്ച് സമയം എടുക്കുന്ന പരിപാടിയാണ് ഇതെങ്കിലും എണ്ണയിലുള്ള എല്ലാത്തരം അവശിഷ്ടങ്ങളും മറ്റും ഈ ഫിൽട്ടർ നല്ലതുപോലെ ക്ലീനാക്കി തരും.

പാചക എണ്ണയുടെ പുനരുപയോഗം ശരിയായി ചെയ്താൽ സുരക്ഷിതവും ലാഭകരവുമാണ്. എങ്കിലും രണ്ടുതവണകൾ കൂടുതൽ എണ്ണ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com