പഞ്ചസാര വേണ്ട, ഉപ്പിട്ട കാപ്പിയാണ് ഇവർക്ക് പ്രിയം; ഇതിന് പിന്നിൽ!
Mail This Article
സോഷ്യല്‍ മീഡിയയില്‍ ഈയിടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ് വിയറ്റ്നാമിലെ ഉപ്പ് കാപ്പി. ഉപ്പിട്ട ക്രീമിനൊപ്പം, ചൂടോടെയോ തണുപ്പിച്ചോ വിളമ്പുന്ന സ്പെഷ്യല്‍ കോഫിയാണിത്.
വിയറ്റ്നാമിലെ ചരിത്ര നഗരമായ ഹ്യൂവിലെ, ങ്ങുയന്‍ ലുവോങ്ങ് ബാംഗ് സ്ട്രീറ്റില്‍ ഒരു ചെറിയ കഫേയിലാണ് ഇത് ആദ്യമായി ഉണ്ടാക്കിയത്. ഹോ തി ഹുവോങ്ങ്, ട്രാന്‍ ങ്ങുയന്‍ ഹു ഫോംഗ് എന്നിങ്ങനെ പേരുകളുള്ള രണ്ടുപേരാണ് ഇതിന്‍റെ ഉപജ്ഞാതാക്കള്‍.
കാ ഫെ മുവോയ് എന്നാണ് ഈ സ്പെഷല്‍ കാപ്പിയുടെ പേര്. വിയറ്റ്നാമീസ് ഭാഷയിൽ " കാ ഫെ" എന്നാൽ കാപ്പി എന്നും "മുവോയ്" എന്നാൽ ഉപ്പ് എന്നും അർത്ഥമാക്കുന്നു. ആളുകളുടെ ആകാംക്ഷ ഉണര്‍ത്തുക എന്നതു ലക്ഷ്യംവെച്ചാണ് ഉടമകള്‍ ഇങ്ങനൊരു പേര് നല്‍കിയത്. ആ വിദ്യ ഫലിച്ചു. ഒട്ടേറെ ആളുകള്‍ ഈ വിചിത്രമായ പാനീയം പരീക്ഷിക്കാനെത്തി. അധികം വൈകാതെ കാപ്പി ഹിറ്റായി. ചരിത്രപരമായ ഹ്യൂവിനെ പ്രതിനിധീകരിക്കുന്ന ഒരു പ്രത്യേക പാനീയമായി ഉപ്പുകാപ്പി അറിയപ്പെട്ടു, വിയറ്റ്നാമിന് ചുറ്റുമുള്ള കഫേകളും ഇത് വിളമ്പാൻ തുടങ്ങി. എന്തിനേറെ പറയുന്നു, വിയറ്റ്‌നാമിലെ സ്റ്റാർബക്‌സിന്റെ ശാഖകൾ പോലും ഈ വർഷം മേയിൽ കാ ഫെ മുവോയിയുടെ സ്വന്തം പതിപ്പ് പുറത്തിറക്കി ഉപ്പ്കാപ്പി തരംഗത്തിൽ ചേർന്നു .
വിയറ്റ്നാമീസ് കോഫിക്കൊപ്പം സ്വീറ്റെന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. മുകളില്‍ സോള്‍ട്ടഡ് ക്രീം കൂടി ചേര്‍ക്കുന്നു. കാപ്പിയുടെ കയ്പ്പ് രുചിക്കൊപ്പം, കണ്ടന്‍സ്ഡ് മില്‍ക്കിന്‍റെ മധുരവും ഉപ്പു രുചിയും ചേരുമ്പോള്‍ സന്തുലിതമായ രുചി കിട്ടുന്നു.
കാപ്പിയിൽ ഉപ്പ് ചേർക്കുന്ന പാരമ്പര്യം മറ്റുപല രാജ്യങ്ങള്‍ക്കുമുണ്ട്. തുർക്കി, ഹംഗറി, സൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ നൂറുകണക്കിന് വർഷങ്ങൾക്ക് മുന്‍പേ ഇത്തരം കാപ്പി നിലവിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കാപ്പിക്കൃഷിയ്ക്ക് പേരുകേട്ട നാടാണ് വിയറ്റ്നാം. 1850 കളിൽ ഫ്രഞ്ച് കോളനിക്കാരാണ് കാപ്പി വിയറ്റ്‌നാമിന് പരിചയപ്പെടുത്തിയത്. ബ്രസീലിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ കാപ്പി കയറ്റുമതി വിയറ്റ്‌നാമിലാണ് ഉള്ളത്. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന കാ ഫെ ട്രംഗ് എന്ന മുട്ടക്കാപ്പി ഹനോയിയുടെ മുഖമുദ്രയാണ്. തേങ്ങാപ്പാലും ഐസും ചേര്‍ത്ത കോക്കനട്ട് കോഫി, വാഴപ്പഴമോ അവോക്കാഡോയോ ചേര്‍ത്ത് സ്മൂത്തി പോലെ ഉണ്ടാക്കുന്ന ഫ്രൂട്ട് ഷേക്ക് കോഫി, തൈര് ചേര്‍ത്ത് ഉണ്ടാക്കുന്ന സുവാ ചുവ കാ ഫെ എന്നിവയും വിയറ്റ്‌നാമിലെ ജനപ്രിയ കാപ്പികളാണ്.
2023ൽ പുറത്തിറക്കിയ ഗ്ലോബൽ മാർക്കറ്റ് റിസർച്ച് ഏജൻസിയായ മിൻ്റലിന്റെ റിപ്പോർട്ട് അനുസരിച്ച് , ഏഷ്യയ്ക്ക് പുറത്തുള്ള ആളുകള്‍ക്കിടയില്‍ ഇത്തരം വ്യത്യസ്ത കോഫികള്‍ വളരെയേറെ ജനപ്രിയമാണ്.