ഫുഡ് വ്ളോഗ് ചെയ്യാന്‍ നോക്കി; ചിരി നിര്‍ത്താന്‍ പറ്റാതെ മൃണാള്‍ താക്കൂര്‍
Mail This Article
പല പ്രമുഖ നടന്മാരും നടിമാരും സോഷ്യല്‍ മീഡിയയില്‍ ഫുഡ് വ്ളോഗിങ് ചെയ്യുന്നവരാണ്. ഇക്കൂട്ടത്തിലേക്ക് കടന്നു വരാനൊരു ശ്രമം നടത്തിയിരിക്കുകയാണ് 'സീതാരാമം' നായിക മൃണാള്‍ താക്കൂര്‍. നടിയും കൂട്ടുകാരും ചേര്‍ന്ന് വ്ളോഗ് ചെയ്യാന്‍ ശ്രമിക്കുന്നതും, ചിരി നിര്‍ത്താന്‍ പറ്റാതെ പാടു പെടുന്നതും വിഡിയോയില്‍ കാണാം.
മഹാരാഷ്ട്രിയന്‍ വിഭവമായ 'തേച്ച'യാണ് ഇവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. പച്ചമുളക് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരുതരം ചട്ണിയാണിത്. ചേരുവകള്‍ കാണിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ആദ്യം തന്നെ ഒരു പാനില്‍ ജീരകം, വെളുത്തുള്ളി, പച്ചമുളക് എന്നിവ റോസ്റ്റ് ചെയ്യുന്നത് കാണാം. എന്നാല്‍ പൂര്‍ണമായും കാണിക്കുന്നില്ല. അപൂര്‍ണമായി എഡിറ്റ് ചെയ്തതാവാന്‍ കാരണം, തന്നെ ഇടയ്ക്ക് ഒരു ഷോട്ടിനായി വിളിച്ചതാണെന്ന് മൃണാള്‍ പറയുന്നു. അതിനാല്‍ ബാക്കി ഭാഗം റെക്കോഡ് ചെയ്യാന്‍ പറ്റിയില്ല.
പിന്നീട് തേച്ചയുടെ ഫൈനല്‍ ലുക്ക് കാണിക്കുന്നു. ഈ വിഭവം ഉണ്ടാക്കാന്‍ ആവശ്യമായ നിലക്കടല ഉണ്ടായിരുന്നില്ല എന്നത് പിന്നീടാണ് മനസ്സിലായതെന്ന് മൃണാള്‍ പറയുന്നത് കേള്‍ക്കാം. പിന്നീട് 'ചിവ്ഡ' എന്ന് വിളിക്കുന്ന പലഹാരത്തില്‍ നിന്നും നുള്ളിയെടുത്താണ് ഇവ ചേര്‍ക്കുന്നത്.
എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സൈഡ് ഡിഷാണ് തേച്ച. ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
വേണ്ട സാധനങ്ങള്‍
20 പച്ചമുളക്
15-20 വെളുത്തുള്ളി അല്ലി
1 കപ്പ് തൊലി കളഞ്ഞ നിലക്കടല
കൈ നിറയെ മല്ലിയില
1 ടീസ്പൂൺ ജീരകം
ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്ന വിധം
- ഒരു പാൻ ചൂടാക്കി നിലക്കടല നിറം മാറുന്നത് വരെ വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കുക.
- ഒരു തവ/പാനിൽ അരിഞ്ഞ പച്ചമുളക് ചേർത്ത് ചെറിയ തീയിൽ, മൃദുവാകുന്നത് വരെ അടച്ച് വേവിക്കുക.
- അതിനുശേഷം വെളുത്തുള്ളി ചേർക്കുക, മുളകിനൊപ്പം ഏകദേശം 2 മിനിറ്റ് വഴറ്റുക.
- ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക, അതിലേക്ക് മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർക്കുക. നന്നായി ഇളക്കുക.
- ഇത് മിക്സിയിലോ ഉരലിലോ ഇട്ടു ചതച്ചെടുക്കുക. വല്ലാതെ അരയരുത്. ഇത് വൃത്തിയുള്ള ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റി ഒരാഴ്ച വരെ ഫ്രിജിൽ സൂക്ഷിക്കാം.