ADVERTISEMENT

കാലം കഴിയുന്തോറും പാചകത്തിലും ഭക്ഷണരീതികളിലുമെല്ലാം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണം നമ്മുടെ തീന്‍മേശകളിലേക്ക് എത്തുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചേരുവകള്‍ ഓണ്‍ലൈനിലൂടെയും മറ്റും വീട്ടുവാതില്‍ക്കല്‍ വരുന്നു. ലോകത്തെവിടെയും കിട്ടുന്ന ഭക്ഷണം സ്വന്തം അടുക്കളയില്‍ പാചകം ചെയ്യാവുന്ന രീതിയിലേക്ക് സാങ്കേതിക വിദ്യ നമ്മളെ കൊണ്ടെത്തിച്ചു കഴിഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ വളരെ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഭക്ഷണ ട്രെന്‍ഡുകളില്‍ ഒന്നാണ് റിയലിസ്റ്റിക് കേക്കുകള്‍. ഭക്ഷണം എന്നാല്‍ വിശപ്പകറ്റാന്‍ മാത്രമല്ല, അങ്ങേയറ്റം സൂക്ഷ്മമായ ഒരു കല കൂടിയാണെന്ന് ഇവ തെളിയിക്കുന്നു. കണ്ടാല്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള റിയലിസ്റ്റിക് കേക്കുകള്‍ ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും മറ്റു പ്ലാറ്റ്ഫോമുകളിലും സ്ഥിരം കാഴ്ചയാണ്.

ഇത്തരമൊരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രസകരമായ ഈ വിഡിയോയില്‍ ഒരു യുവതി തന്‍റെ ട്രോളി ബാഗുമായി എയര്‍പോര്‍ട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണാം. ആളുകള്‍ നടന്നുപോകുന്ന വഴിയില്‍ ഇരുന്ന് പെട്ടെന്ന് ബാഗ് കൈകൊണ്ട് വലിച്ചുപറിച്ച് അടര്‍ത്തിയെടുത്ത് കഴിക്കുന്ന യുവതിയെയാണ് പിന്നീട് കാണുന്നത്. ആളുകള്‍ മുഴുവന്‍ ശ്രദ്ധിക്കുന്നതും അടക്കം പറയുന്നതും കാണാം. പിന്നീട് ഈ കേക്ക് ആളുകള്‍ എല്ലാവരും ചേര്‍ന്നു ഷെയര്‍ ചെയ്ത് കഴിക്കുന്നതും കാണാനാവും.

ഇതു വരെ ലക്ഷക്കണക്കിന്‌ ആളുകളാണ് ഈ വിഡിയോ കണ്ടത്. മയാര കാര്‍വാല്‍ഹോ എന്ന യുവതിയാണ് ഈ വിഡിയോ പങ്കുവച്ചത്. ഇത് മാത്രമല്ല, രസകരമായ ഒട്ടേറെ കേക്കുകള്‍ മയാര മുന്നേയും തയാറാക്കിയിട്ടുണ്ട്. ഡ്രസ്സ്‌, ബാഗ്, കമ്മല്‍, വാഴപ്പഴം, മുട്ട, ഫോണ്‍, റിംഗ്ലൈറ്റ്, ടയര്‍, കുട, മേശ, വാഷിങ് മെഷീന്‍, ചുവര് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ കേക്ക് ഉണ്ടാക്കി, മയാര തന്‍റെ അത്ഭുതപ്പെടുത്തുന്ന കരവിരുത് മുന്‍പെയും തെളിയിച്ചിട്ടുണ്ട്.

English Summary:

Edible Luggage Cake Takes Internet by Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com