ഈ കുഞ്ഞന്‍ മീനിൽ 30 പേരെ കൊല്ലാനുള്ള വിഷമുണ്ട്; പഫർ ഫിഷ് വിളമ്പാനുള്ള ലൈസന്‍സുമായി 10 വയസ്സുകാരി!
Mail This Article
കണ്ടാല്‍ നല്ല ക്യൂട്ട് ആണ് പഫർ ഫിഷ് എന്ന കുഞ്ഞന്‍ മീന്‍. പക്ഷേ, ആ കുഞ്ഞു ശരീരത്തിനുള്ളില്‍, ഏകദേശം മുപ്പതോളം മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട്! സയനൈഡിനെക്കാള്‍ മാരകമായ, സ്രാവുകൾ ഒഴികെ ഏത് ശത്രുവിനെയും നിഷ്പ്രയാസം കൊല്ലാൻ സാധിക്കുന്ന ടെട്രാഡോടോക്സിൻ എന്ന വിഷമാണ് ഇത്. അതിനാല്‍, നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശത്രുക്കളുടെ മുന്നില്‍ പെട്ടാല്‍, ബലൂണ്‍ പോലെ വീര്‍പ്പിക്കാവുന്ന ശരീരമാണെങ്കിലും വേഗത്തില്‍ സഞ്ചരിക്കാന്‍ പഫര്‍ ഫിഷിന് കഴിവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ കൊടുംവിഷമാണ് പഫര്‍ മത്സ്യങ്ങളെ രക്ഷിക്കുന്നത്. എത്രയൊക്കെ അപകടമാണെന്ന് പറഞ്ഞാലും, ജപ്പാനിലും കൊറിയയിലും ചൈനയിലുമെല്ലാം അതിവിശിഷ്ടമായ വിഭവമാണ് പഫര്‍ മത്സ്യം. ജപ്പാനിലെ വിശിഷ്ട വിഭവമായ 'ഫുഗു' നിർമിക്കുന്നത് പഫർ ഫിഷ് ഉപയോഗിച്ചാണ്.
അതിഭീകര വിഷം ഉള്ളില്‍ ഉള്ളതിനാല്‍, പഫര്‍ മത്സ്യം പാചകം ചെയ്യുമ്പോള്‍ ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും, ജീവന്‍ വരെ അപകടത്തിലാകും. അതിനാല്‍, പ്രത്യേക പരിശീലനം നേടിയ പാചകക്കാര്‍ക്ക് മാത്രമേ പഫര്‍ മത്സ്യം ഉപയോഗിച്ച് പാചകം ചെയ്യാന്‍ അനുവാദം ഉള്ളൂ, ഇവര്‍ക്ക് അതിനുള്ള പ്രത്യേക ലൈസന്‍സും ഉണ്ടായിരിക്കണം. മൂന്നു വർഷത്തെ പരിശീലനവും പ്രാക്റ്റിക്കൽ പരീക്ഷയും എഴുത്ത് പരീക്ഷയും പാസാകുന്നവർക്ക് മാത്രമേ പഫർ മത്സ്യം പാചകം ചെയ്യാനുള്ള ലൈസന്‍സ് കിട്ടുകയുള്ളൂ. ഇപ്പോഴിതാ, വെറും പത്തു വയസ്സില്‍ ഈ ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് ജപ്പാനിലെ തെക്കൻ കുമാമോട്ടോ മേഖലയില്‍ നിന്നുള്ള കരിൻ തബിറ എന്ന അഞ്ചാം ക്ലാസുകാരി.
വേനല്‍ക്കാലത്ത് യമാഗുച്ചി മേഖലയിൽ പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള പരീക്ഷ പാസായ 60 പേരിൽ ഒരാളാണ് ഈ മിടുക്കി. ആകെ 93 പേരായിരുന്നു പരീക്ഷയില്‍ പങ്കെടുത്തത്. യമാഗുച്ചിയില്‍ ഫുഗു ടെസ്റ്റിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല, എന്നാൽ കുമാമോട്ടോയിൽ ലൈസൻസുള്ള ഒരു മുതിർന്ന വ്യക്തിക്കൊപ്പം മാത്രമേ ഫുഗു വിഭവങ്ങൾ തയ്യാറാക്കാൻ കഴിയൂ. ആദ്യമായാണ് ഇത്രയും ചെറുപ്രായത്തില്‍ ഒരാള്‍ ഈ ലൈസന്‍സ് നേടുന്നത്.
പ്രാക്റ്റിക്കൽ പരീക്ഷ വളരെ സാഹസികത നിറഞ്ഞതാണ്. ജീവന്മരണ പോരാട്ടം എന്നുതന്നെ പറയാം. പഫര്‍ മത്സ്യത്തിന്‍റെ ശരീരത്തിലെ വിഷമുള്ള ഭാഗം പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയതിന് ശേഷം മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ. വൃത്തിയാക്കിയാലും വിഷത്തിന്‍റെ ഒരു ചെറിയ അംശം മാംസത്തിൽ ബാക്കി ഇരിക്കണം, എന്നാൽ അത് ശരീരത്തിന് ഹാനികരമായ അളവില്‍ ആവുകയുമരുത്. ശേഷം, ഇതുകൊണ്ട് ഭക്ഷണമുണ്ടാക്കി അത് സ്വയം കഴിച്ച് കാണിക്കണം. അതിനു ശേഷവും ആള്‍ ജീവനോടെ ഉണ്ടെങ്കിൽ ലൈസൻസ് ലഭിക്കും!
കൃത്യമായ രീതിയിൽ പഫര്‍ മത്സ്യത്തെ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യം ലഭിച്ച വളരെ കുറച്ചാളുകൾ മാത്രമാണ് ഈ ലോകത്തുള്ളത്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് രൂപയാണ് പഫര്‍ മത്സ്യവിഭവങ്ങളുടെ വില.