ADVERTISEMENT

സൂപ്പര്‍മാര്‍ക്കറ്റുകളിലെ ചില്ലുകൂട്ടില്‍, മഞ്ഞയും ചുവപ്പും പച്ചയും നിറങ്ങളില്‍ ഉരുണ്ടു തിളങ്ങുന്ന സുന്ദരക്കുട്ടന്മാരാണ് കാപ്സിക്കം. ഈയിടെയായി നമ്മുടെ നാട്ടിലും ഇതിനു വളരെയധികം പ്രചാരം ലഭിച്ചു വരുന്നുണ്ട്. കറി, മസാല, ഫ്രൈ തുടങ്ങിയ പല വിഭവങ്ങളും തയാറാക്കാന്‍ കാപ്സിക്കം ഉപയോഗിച്ചു വരുന്നു. ഇവ പച്ചയ്ക്കും കഴിക്കാം. ഇവ വളരെ രുചികരമാണെന്ന് മാത്രമല്ല, അങ്ങേയറ്റം പോഷകസമൃദ്ധവുമാണ്. 

വിറ്റാമിനുകളുടെ കലവറ

ഇടത്തരം വലിപ്പമുള്ള ഒരു ചുവന്ന ക്യാപ്സിക്കത്തില്‍, ഒരു ദിവസം വേണ്ട വിറ്റാമിന്‍ സിയുടെ 169% അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധം കൂട്ടാനും മുറിവുണക്കാനും കൊളാജന്‍ നിര്‍മ്മാണം ത്വരിതപ്പെടുത്താനും സഹായിക്കും. കൂടാതെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തിന് സഹായകരമായ വിറ്റാമിൻ ബി 6, വിറ്റാമിന്‍ കെ, വിറ്റാമിൻ ബി 9, വിറ്റാമിൻ ഇ, വിറ്റാമിൻ എ തുടങ്ങിയവയും ഇതിലുണ്ട്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ഇതിലുണ്ട്.

Capsicum
Image Credit: Stock Photo ID: 598760021e/Shutterstock

ആന്‍റി ഓക്സിഡന്‍റുകളാണ് എടുത്തു പറയേണ്ട മറ്റൊരു പ്രധാന ഘടകം. ചുവന്ന ക്യാപ്സിക്കത്തില്‍ കാപ്സാന്തിൻ, മഞ്ഞ ക്യാപ്സിക്കത്തില്‍ വയോലക്സാന്തിൻ, പച്ച ക്യാപ്സിക്കത്തില്‍ ല്യൂട്ടിന്‍ എന്നിവയാണ് അവയുടെ നിറം നല്‍കുന്നത്. ഈ ആന്‍റി ഓക്സിഡന്‍റുകള്‍ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ പല വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.

തടി കുറയ്ക്കാന്‍ കാപ്സിക്കം

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ മികച്ച ഒരു ഭക്ഷണമാണ് ക്യാപ്സിക്കം. നാരുകളും ജലവും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറയുന്നതായി അനുഭവപ്പെടും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. 

കാപ്സിക്കത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്, നിരവധി ഉപാപചയ പ്രക്രിയകൾ ഈ വിറ്റാമിനെ ആശ്രയിച്ചിരിക്കുന്നു. കാർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി വിഘടിപ്പിക്കുന്നതിനുമെല്ലാം സഹായിക്കുന്ന വിറ്റാമിനാണിത്. ദഹനം ശരിയായി നടക്കുമ്പോള്‍ കൊഴുപ്പടിയാതെ ഫലപ്രദമായി ഭാരം കുറയ്ക്കാന്‍ സഹായകമാകും.

ദിനവും കാപ്സിക്കം കഴിച്ചാല്‍

ആൻ്റി ഇൻഫ്ലമേറ്ററി ഫൈറ്റോകെമിക്കലുകൾ അടങ്ങിയ ക്യാപ്‌സിക്കം ദിനവും കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഈ പച്ചക്കറി കഴിക്കുന്നത് ആസ്ത്മ, സൈനസൈറ്റിസ്, വിട്ടുമാറാത്ത പെപ്റ്റിക് അൾസർ എന്നിവയുൾപ്പെടെയുള്ള വീക്കവുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. ആന്‍റി കാൻസർ റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ക്യാപ്‌സിക്കത്തിൽ ക്യാപ്‌സൈസിൻ എന്ന സജീവ ഘടകം അടങ്ങിയിട്ടുണ്ട്, ഇത് ക്യാൻസർ കോശങ്ങളുടെ അതിജീവനം, വളർച്ച എന്നിവ തടയുന്നു. 

ഇൻസുലിൻ പ്രതിരോധം മൂലമോ പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലായ്മ മൂലമോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. കാപ്‌സൈസിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാപ്‌സിക്കത്തിൽ താരതമ്യേന ഉയർന്ന അളവിൽ കാണപ്പെടുന്ന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ കാഴ്ച വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കും.

Capsicum-omlatte

കാപ്‌സിക്കത്തിൽ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥി തരുണാസ്ഥി, അസ്ഥി കൊളാജൻ എന്നിവയുടെ രൂപീകരണത്തിന് സഹായിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കാപ്സിക്കത്തിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നിവ നാഡികളുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ഉത്കണ്ഠ ഒഴിവാക്കാനും പരിഭ്രാന്തി തടയാനും സഹായിക്കുന്നു.

ആവിയിൽ വേവിച്ചെടുക്കാം രുചികരമായ കാപ്സിക്കം ഓംലെറ്റ്!

കാപ്സിക്കം ഓംലെറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം . ഇതിൽ എണ്ണ ഉപയോഗിക്കുന്നില്ലാത്തതിനാൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് . ഇവിടെ കുറച്ച് എരിവ് കൂട്ടിയാണ് തയാറാക്കുന്നത്. എരിവ് വേണ്ടാത്തവർക്ക് അതനുസരിച്ചു പച്ചമുളകും കുരുമുളക് പൊടിയും ഇട്ടാൽ മതി.

ചേരുവകൾ 

കാപ്സിക്കം - 3 എണ്ണ
മുട്ട - 3  എണ്ണം
പച്ചമുളക് - 2 എണ്ണം ( എരിവ് അനുസരിച്ച് എടുക്കുക )
കുരുമുളക് പൊടി
കറിവേപ്പില
ഉള്ളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കാപ്‌സിക്കം നന്നായി കഴുകി മുകൾഭാഗം ഒരു അടപ്പു പോലെ മുറിച്ച് എടുക്കുക . അതിനുശേഷം ഉള്ളിൽ ഉള്ള അരി കളയുക. ഇത് നിവർത്തി വെച്ച് ഇതിലേക്ക് ഒരു മുട്ടയും ഒരു സ്പൂൺ ഉള്ളി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി മുറിച്ചു വച്ച മുകൾഭാഗം തിരിച്ച്  അടച്ചു വെച്ച് ഇത് ഇളകി പോകാതിരിക്കാൻ സൈഡിൽ  ടൂത്ത്പിക്ക് കുത്തി വെച്ച് വെക്കാം. ഇഡ്ഡലി തയാറാക്കുന്ന പാത്രത്തിൽ 8 മിനിറ്റ് മൂടി വച്ച് ആവി കയറ്റി എടുക്കാം. കാപ്‌സിക്കം കളർ മാറുമ്പോൾ അടുപ്പിൽ നിന്ന് എടുത്തു തണുത്തതിന് ശേഷം മുറിച്ചു സെർവ് ചെയ്യാം.

English Summary:

Capsicum Health Benefits Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com