ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ ചിയ സീഡ്സ് എങ്ങനെ, എപ്പോള്‍ കഴിക്കണം?
Mail This Article
ഓട്സ് മീലിലിട്ടും സ്മൂത്തിയിലും സാലഡിലുമെല്ലാം ചേര്‍ത്തും അതല്ലെങ്കില്‍ ചുമ്മാ വെള്ളത്തില്‍ കലക്കിയുമെല്ലാം കഴിക്കുന്ന ഒന്നാണ് ചിയ സീഡ്സ്. കണ്ടാല്‍ കടുകുമണിയേക്കാള്‍ ചെറുത്, വെള്ളത്തിലിട്ടാലോ, കുഞ്ഞൊരു ബലൂണ്‍ പോലെ വീര്‍ത്തു വരും. ഇങ്ങനെ കുതിര്‍ത്തു കഴിക്കുമ്പോള്‍ അവ പെട്ടെന്ന് ശരീരത്തിന് ദഹിപ്പിക്കാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും കഴിയും.
ശരീരഭാരം കുറയ്ക്കാന്‍ ചിയ സീഡ്സ് എങ്ങനെ, എപ്പോള്‍ കഴിക്കണം?
തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ രാവിലെ വെറുംവയറ്റില്‍ ചിയ സീഡ്സ് കഴിക്കാന്‍ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഇതിലെ സമ്പന്നമായ നാരുകളും വെള്ളവും ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കും. വ്യായാമത്തിന് മുന്‍പ് ഇത് കഴിക്കുന്നത്, കൂടുതല്‍ കാര്യക്ഷമമായി വ്യായാമം ചെയ്യാനും വ്യായാമ വേളയിൽ വിശപ്പും മടിയും അനുഭവപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നാരുകളുടെ സമൃദ്ധമായ സ്രോതസ്സായതിനാല്‍, ചിയ വിത്തുകൾ ഉച്ചകഴിഞ്ഞോ രാത്രിയിലോ കഴിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. ഇത് ഉറക്കത്തെയും ബാധിക്കും.
ഒരു ദിവസം 1-2 ടേബിൾസ്പൂൺ ചിയ സീഡ്സ് കഴിക്കാം. കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും കുതിര്‍ത്തു വയ്ക്കണം. സ്മൂത്തികള്‍, യോഗര്‍ട്ട്, ഓട്സ് എന്നിവയില്‍ ടോപ്പിംഗ് ആയി ചേര്‍ത്ത് കഴിക്കാം.
ശരിയായ രീതിയിലും ശരിയായ സമയത്തും കഴിച്ചില്ലെങ്കിൽ, ചിയ വിത്തുകൾക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഉയർന്ന നാരുകൾ ഉള്ളതിനാൽ, ഇത് കഴിക്കുമ്പോള്‍ നന്നായി വെള്ളം കുടിക്കണം. അല്ലെങ്കില്‍, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
ചിയ വിത്തുകളുടെ മറ്റ് ഗുണങ്ങൾ
നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആൻറി ഓക്സിഡൻറുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ ചിയ വിത്തുകൾ സമ്പന്നമാണ്. സ്വന്തം ഭാരത്തിന്‍റെ 12 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാന്‍ ഇതിനു കഴിയും. നാരുകളും ഒമേഗ 3 യും കൂടുതല്‍ ഉള്ളതിനാല്‍ ഹൃദയാരോഗ്യത്തിനും ദഹനത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.