നീലഗിരിയിലെ സുഗന്ധവുമായി ജിന്ന്
Mail This Article
ലോകത്തിലെ തന്നെ ഏറ്റവും മികച്ച മദ്യബ്രാന്‍ഡുകളില്‍ ഒന്നാണ് ഇന്ത്യന്‍ കമ്പനിയായ അമൃത് ഡിസ്റ്റിലറീസ്. എഴുപത്തഞ്ചു വര്‍ഷത്തോളമായി, വിദേശവിപണികളിലടക്കം, സൂപ്പര്‍ഹിറ്റായി മാറിയ അമൃത്, ഇതിനിടെ ഒട്ടേറെ അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. അമൃതിന്‍റെ സിംഗിൾ മാൾട്ട് വിസ്‌കി 'വേള്‍ഡ് വിസ്‌കി ഓഫ് ദി ഇയര്‍ അവാര്‍ഡ്' സ്വന്തമാക്കി. ഫ്രാൻസിസ്കോയിൽ നടന്ന 2019 ബാർട്ടെൻഡർ സ്പിരിറ്റ്സ് അവാർഡിൽ "വേഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ" അവാർഡും അമൃത് നേടി.
അമൃത് ഡിസ്റ്റിലറീസ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ 100% ശർക്കര റമ്മായ 'ബെല്ല' വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ദീപാവലി ആഘോഷങ്ങള്‍ക്ക് പൊലിമ പകരാന്‍ അമൃത് നീലഗിരി ജിൻ വീണ്ടും അവതരിപ്പിക്കുകയാണ് കമ്പനി.
ഏഴായിരം അടി ഉയരെ, മേഘങ്ങള്‍ തഴുകുന്ന നീലഗിരി മലനിരകളില്‍ നിന്നുള്ള സസ്യങ്ങള്‍ ശേഖരിച്ച്, ചെമ്പ് പാത്രങ്ങളില്‍ ശ്രദ്ധാപൂര്‍വം നിര്‍മിച്ചെടുത്ത ഈ ജിന്‍, പാരമ്പര്യത്തനിമയുടെയും പ്രാദേശിക ഉല്‍പ്പന്നങ്ങളുടെയും ആഘോഷപൂര്‍വമായ ഒത്തുചേരലാണ് പ്രതിനിധീകരിക്കുന്നത്. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഒമ്പത് സസ്യങ്ങള്‍ ചേര്‍ത്താണ് ഓരോ കുപ്പിയും തയാറാക്കിയിരിക്കുന്നത്. സുഗന്ധമുള്ള ജൂണിപ്പര്‍ ബെറീസ്, പുതിയ മല്ലിയില, ഇന്ത്യന്‍ ചായ, ലെമണ്‍ ഗ്രാസ്, ഏഞ്ചലിക്ക, ഓറിസ് റൂട്ട്, കറുവപ്പട്ട, ജാതിക്ക, ജാതിപത്രി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
നാരങ്ങാമണമുള്ള ജൂണിപ്പറില്‍ തുടങ്ങി, മല്ലിയിലയുടെയും പുതിനയുടെയും യൂക്കാലിപ്റ്റസിന്‍റെയും ചായയുടെയും പാനിന്‍റെയും പുതുമണങ്ങളിലൂടെ നടന്നു കയറി, പച്ചമാങ്ങയുടെ രുചിയില്‍ അവസാനിക്കുന്ന സങ്കീര്‍ണ്ണമായ ഈ രുചിക്കൂട്ട്, നാക്കില്‍ ഉത്സവമേളമൊരുക്കുന്നു.
വ്യത്യസ്തമായ രുചിയ്ക്ക് പുറമേ അതിമനോഹരമായ പാക്കേജിങ്ങും കൂടി ചേരുമ്പോള്‍, ദീപങ്ങളുടെ ഉത്സവവേളയില്‍ ഒത്തുചേരുന്ന കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കും പരസ്പരം സമ്മാനിക്കാന്‍, ഈ ജിന്‍ ഒരു മികച്ച തിരഞ്ഞെടുപ്പായി മാറുന്നു. മികച്ച രുചിയ്ക്കും ഗുണമേന്മയ്ക്കും, ഈ ജിന്‍ 2023 ലെ ഗ്ലോബല്‍ ഡ്രിങ്ക്സ് ഗൈഡ് റേറ്റിംഗ്സില്‍ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
1948 ല്‍ ബെംഗളൂരു നഗരത്തിലാണ് അമൃത് ഡിസ്റ്റിലറീസ് ആദ്യം സ്ഥാപിച്ചത്. ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ പിതാവെന്നാണ് അമൃതിന്‍റെ സ്ഥാപകനായ ജെഎൻ രാധാകൃഷ്ണ റാവു ജഗ്ദലെ അറിയപ്പെടുന്നത്. ബ്ലെൻഡഡ് , സിംഗിൾ മാൾട്ട് വിസ്കികള്‍ക്കാണ് ബ്രാന്‍ഡ് കൂടുതല്‍ പ്രശസ്തം. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ അമൃത് ഡിസ്റ്റിലറീസ് വിസ്‌കി വില്‍ക്കുന്നുണ്ട്. യു.എസ്, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, യു.കെ, സ്‌പെയിന്‍, സ്വീഡന്‍ എന്നിവിടങ്ങളിലെല്ലാം അമൃത് സിംഗിള്‍ മാള്‍ട്ട് വിസ്‌കി പ്രശസ്തമാണ്. ഡിസ്റ്റിലറി പ്രതിവർഷം 4 ദശലക്ഷം കെയ്‌സ് വിസ്കി ഉത്പാദിപ്പിക്കുന്നു, അതിൽ 25% ബ്ലെൻഡഡ് വിസ്‌കിയും 0.25% സിംഗിൾ മാൾട്ടുമാണ്. പഞ്ചാബ് , രാജസ്ഥാൻ പ്രദേശങ്ങളിൽ വളരുന്ന ബാര്‍ലിയാണ് വിസ്കി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
വിസ്കിക്ക് പുറമേ ബ്രാണ്ടി, റം, വോഡ്ക, ജിൻ എന്നിവയും അമൃത് നിർമിക്കുന്നു. ബെംഗളൂരുവിലെ രാജാജിനഗർ പരിസരത്താണ് അമൃത് ഡിസ്റ്റിലറീസിന്‍റെ ആസ്ഥാനം. ഇവിടെ ഏകദേശം 450 പേർ ജോലി ചെയ്യുന്നു.