ADVERTISEMENT

യാത്രയ്ക്കിടയിൽ നമ്മൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത് മികച്ച ഭക്ഷണം കഴിക്കാനാണ്. എന്നാൽ, പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പലപ്പോഴും മോശം ഭക്ഷണം ലഭിക്കാറുണ്ട്. ചത്ത പാറ്റ, ഈച്ച എന്നിങ്ങനെ പല തരത്തിലുള്ളവ ഭക്ഷണത്തിൽ നിന്ന് ലഭിച്ചവരുണ്ട്. എന്നാൽ, ഇവിടെ ഒരാൾക്ക് ഓർഡർ ചെയ്ത ഭക്ഷണത്തിന് ഒപ്പം ലഭിച്ചത് ജീവനുള്ള പഴുതാരയെ ആയിരുന്നു. ഐ ആർ സി ടി സിയുടെ വി ഐ പി ലോഞ്ചിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്നാണ് പഴുതാരയെ ലഭിച്ചത്.

ഡൽഹി സ്വദേശിയായ ആരയൻഷ്  ആണ് എക്സ് പ്ലാറ്റ്ഫോമിൽ തന്റെ ദുരനുഭവം പങ്കുവച്ചത്. പഴുതാരയുള്ള ഭക്ഷണത്തിന്റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് ആരയൻഷ് തന്റെ സങ്കടം ട്രോളായി കുറിച്ചത്. ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി അവകാശപ്പെട്ട് ഇന്ത്യൻ ടെക് ആൻഡ് ഇൻഫ്രാ എന്ന എക്സ് അക്കൗണ്ടിൽ കുറിച്ച ട്വീറ്റിന് മറുപടിയായാണ് ആരയൻഷ് തന്റെ അനുഭവം പങ്കുവച്ചത്.

'അതെ, ഉറപ്പായിട്ടും. ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. ഇപ്പോൾ അവർ റയിത കൂടുതൽ പ്രോട്ടീനോടു കൂടിയാണ് വിതരണം ചെയ്യുന്നത്' - തനിക്ക് ലഭിച്ച റയിതയിൽ ജീവനുള്ള പഴുതാര കിടക്കുന്ന ചിത്രത്തോടു കൂടിയാണ് ആരയൻഷ് ഇക്കാര്യം കുറിച്ചത്. ആരയൻഷിന്റെ പരാതിയോട് പ്രതികരിച്ച റെയിൽവേ ഉചിതമായ നടപടി എടുക്കുമെന്നും വിഷയം പരിശോധിച്ച് ശുചിത്വമില്ലായ്മ പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ഐ ആർ സി ടി സിയുടെ വി ഐ പി എക്സിക്യുട്ടിവ് ലോഞ്ചിൽ വെച്ചാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും, വി ഐ പി ലോഞ്ചിൽ ഇങ്ങനെയാണെങ്കിൽ സാധാരണ ട്രയിനിൽ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമെന്നും ആരയൻഷ് കുറിക്കുന്നു. റയിത പകുതി കഴിച്ച് കഴിഞ്ഞതിനു ശേഷമാണ് ഇത് താൻ കണ്ടതെന്നും ആ അവസ്ഥ ഒന്ന് സങ്കൽപിച്ചു നോക്കൂവെന്നും ആരയൻഷ് നെറ്റിസൺസിനോട് പറയുന്നു. നിരവധി പേരാണ് ആരയൻഷിന് പിന്തുണയുമായി മറുപടി നൽകിയിരിക്കുന്നത്.

English Summary:

Indian Railways Promises Action After Passenger Finds centipedein VIP Lounge Meal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com