ചപ്പാത്തി നല്ല സോഫ്റ്റായി ഉണ്ടാക്കണോ? എങ്കിൽ ഇങ്ങനെ ചെയ്യാം
Mail This Article
നല്ല സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തി , ആഹാ കേൾക്കുമ്പോൾ തന്നെ രണ്ടെണ്ണം കഴിക്കാൻ തോന്നും പക്ഷേ എന്തുചെയ്യാം പലപ്പോഴും നമ്മൾ വീട്ടിൽ തയാറാക്കി എടുക്കുന്ന ചപ്പാത്തി അത്ര സോഫ്റ്റ് ആയി കിട്ടാറില്ല. ഇനി ഉണ്ടാക്കി വച്ച് കുറച്ചുസമയം കഴിഞ്ഞിട്ടാണ് അത് എടുക്കുന്നതെങ്കിൽ ചപ്പാത്തി കട്ടിയായി പോകും. അങ്ങനെ സംഭവിക്കാതിരിക്കാൻ നമ്മളിൽ പലരും ചപ്പാത്തി ഉണ്ടാക്കി കാസറോളിൽ സൂക്ഷിക്കുന്നവരാണ്. പക്ഷേ അപ്പോഴും ഒരു പ്രശ്നമുണ്ടല്ലോ ഈ കാസറോളിൽ വയ്ക്കുന്ന ചപ്പാത്തി ഈർപ്പം പിടിച്ച് ആകെ നനഞ്ഞ അവസ്ഥയിൽ ആവാറുണ്ട് പലപ്പോഴും. അങ്ങനെ സംഭവിക്കാതിരിക്കാനും ചപ്പാത്തി നല്ല സോഫ്റ്റായി തന്നെ നിലനിർത്താനും ചില പൊടിക്കൈകൾ ചെയ്യാം.
ചൂടുള്ള ചപ്പാത്തി നേരിട്ട് കാസറോളിലേക്ക് ഇടരുത്. ചപ്പാത്തിയിലെ ആവി കാസറോളിൽ നിറയുകയും അത് പിന്നീട് ചപ്പാത്തിക്ക് തന്നെ പണി ആവുകയും ചെയ്യും. അതുകൊണ്ട് ചപ്പാത്തി ഉണ്ടാക്കി കാസറോളിലേക്ക് ഇടുന്നതിനു മുമ്പ് കുറച്ച് സമയം പുറത്തു വയ്ക്കുക. അതിനുശേഷം എടുത്ത് കാസറോളിൽ സൂക്ഷിക്കാം. ആവി ഇല്ലാതെ ചപ്പാത്തി എടുത്തു വയ്ക്കുകയാണെങ്കിൽ കൂടുതൽ സമയം മൃദുവായി ഇരിക്കാൻ സഹായിക്കും.
2. വലിയ കാസറോൾ മികച്ച ഓപ്ഷനാണ്
ചപ്പാത്തിയേക്കാൾ വലിയ ഒരു കാസറോൾ ഉപയോഗിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. അധിക സ്ഥലം ചപ്പാത്തിയെ നനയ്ക്കുന്നതിനുപകരം നീരാവി പടർന്ന് പിടിക്കാൻ അനുവദിക്കുന്നു. അങ്ങനെയുള്ളപ്പോൾ ഈർപ്പം പിടിക്കാതെ ചപ്പാത്തി സോഫ്റ്റ് ആയി തന്നെ നിൽക്കും.
3. കാസറോളും തുണിയും
ചപ്പാത്തി ഉണ്ടാക്കി വയ്ക്കുന്നതിനു മുമ്പ് കാസറോളിന്റെ അടിയിൽ ഒരു തുണി വയ്ക്കുക. ശേഷം, ചപ്പാത്തി വച്ച് അതിൻറെ മുകളിൽ വീണ്ടും ഒരു ചെറിയ തുണി കൂടി ഇടുക. ഇത് നീരാവി പിടിക്കാനും ചപ്പാത്തിയിൽ നിന്ന് അകറ്റി നിർത്താനും സഹായിക്കുന്നു .
4.പ്ലേറ്റ് അല്ലെങ്കിൽ സ്റ്റാൻഡ് ഉപയോഗിക്കുക
കാസറോളിനുള്ളിൽ ഒരു ചെറിയ സ്റ്റെയിൻലെസ് സ്റ്റീൽ പ്ലേറ്റ് അല്ലെങ്കിൽ റാക്ക് ഉണ്ടെങ്കിൽ അതെടുത്തു വയ്ക്കണം ഇനി ചപ്പാത്തികൾ ഒരു തുണിയിൽ പൊതിഞ്ഞ് ഇതിന്റെ മുകളിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ആവിയും ഈർപ്പവും ചപ്പാത്തിയിൽ പിടിക്കാതെ ഇരുന്നോളും.
5. ബട്ടർ പേപ്പർ / അലുമിനിയം ഫോയിൽ
ബട്ടർ പേപ്പർ അല്ലെങ്കിൽ അലുമിനിയം ഫോയിൽ എന്നിവയും ചപ്പാത്തിയുടെ സോഫ്റ്റ്നസ് നിലനിർത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ്. ഇവയിൽ ഏതെങ്കിലും ഒന്നെടുത്ത് രണ്ടോ മൂന്നോ പാളികളായി മടക്കി കാസറോളിൻ്റെ അടിയിൽ വയ്ക്കുക. അതിനുശേഷം, ചപ്പാത്തികൾ എല്ലാം കട്ടി കുറഞ്ഞ തുണിയിൽ പൊതിഞ്ഞ് ഇതിന്റെ മുകളിലായി വയ്ക്കുക.
അടുത്ത തവണ നിങ്ങൾ ചപ്പാത്തി ഉണ്ടാക്കി കാസറോളിൽ വയ്ക്കുന്നതിന് മുമ്പ് ഈ പറഞ്ഞ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. കുറച്ചുസമയം വൈകിയാലും ചപ്പാത്തിയുടെ സോഫ്റ്റ്നസ് നഷ്ടപ്പെടാതെ തന്നെ നമുക്കത് ആസ്വദിച്ചു കഴിക്കാം.