ADVERTISEMENT

പയറുവർഗങ്ങൾ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ചെറുപയർ ഡയറ്റ് നോക്കുന്നവർക്കും ബെസ്റ്റാണ്. മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ ഏറെ ഗുണം ചെയ്യും. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചെറുപയർ, ഇത് സസ്യാഹാരികൾക്കും മികച്ച ഓപ്ഷനാണ്.  ഇടനേരങ്ങളിൽ സ്നാക്കായോ സാൻഡ്വിച്ചസിൽ ചേർത്തോ സാലഡുകളിൽ ഉൾപ്പെടുത്തിയോ മുളപ്പിച്ച പയറുകൾ കഴിക്കാവുന്നതാണ്. മുളപ്പിച്ച പയറുകൾ ഫ്രഷ് ആയും ക്രിസ്പിയായും സൂക്ഷിക്കാൻ ചില വഴികളുണ്ട്. കൂടുതൽ ദിവസം ഇവ കേടുകൂടാതെ സൂക്ഷിക്കാനും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. 

∙മുളപ്പിച്ച പയറുകൾ കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കുന്നതിന്റെ ആദ്യപടി ഇതിലെ കേടുപാടുകൾ ഉള്ള പയറുകൾ നീക്കം ചെയ്യുക എന്നത് തന്നെയാണ്. അല്ലാത്തപക്ഷം ചിലപ്പോൾ കേടുള്ളവ മറ്റു പയറുകളുടെയും രുചിയെ സ്വാധീനിക്കാനിടയുണ്ട്. ഗന്ധത്തിലും ഘടനയിലും എന്തെങ്കിലും വ്യത്യാസം തോന്നുന്ന പക്ഷം ആ പയറുകളെ കൂട്ടത്തിൽ നിന്നും മാറ്റാവുന്നതാണ്. മാത്രമല്ല, ഇവ പ്രത്യേകം സൂക്ഷിക്കുകയും വേണം.

mung-beans-salad
Image Credit:happytim/Shutterstock

∙ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് പയറുകളുടെ തൊലിയില്ലെങ്കിലും തൊലി നീക്കം ചെയ്യാതെയിരിക്കുന്ന പക്ഷം അധികദിവസങ്ങൾ മുളപ്പിച്ചവ സൂക്ഷിക്കാൻ കഴിയുകയില്ല. പയറിന്റെ തൊലികൾ നീക്കം ചെയ്യുന്നതിനായി ഒരു പാത്രത്തിലേക്ക് ഇവ മാറ്റിയതിനു ശേഷം വെള്ളം ഒഴിച്ച് കൊടുക്കാം. തുടർന്ന് കൈകൾ ഉപയോഗിച്ച് സാവധാനത്തിൽ ഇളക്കാം. വളരെ പെട്ടെന്ന് തന്നെ തൊലികൾ അടർന്നു മാറിയതായി കാണുവാൻ കഴിയും. ഇനി വെള്ളം മാറ്റാവുന്നതാണ്.

∙മുളപ്പിച്ച പയറുകൾ വെള്ളത്തിൽ കഴുകിയെടുക്കുന്നത് അഴുക്കുകൾ, പൊടി പോലുള്ളവ നീക്കം ചെയ്യാൻ സഹായിക്കും. കഴുകുമ്പോൾ ടാപ്പ് തുറന്നിട്ട് അതിൽ വളരെ സാവധാനത്തിൽ കഴുകിയെടുക്കാൻ ശ്രദ്ധിക്കണം. കഴുകുമ്പോൾ പയറിന്റെ തൊലി അടർന്നു പോകാനിടയുണ്ട്. അവ നീക്കം ചെയ്തതിനു ശേഷം സൂക്ഷിച്ചാൽ അധിക ദിവസം കേടുകൂടാതെയിരിക്കും.

∙മുളപ്പിച്ച പയറുകൾ ഒരിക്കലും ഫ്രീസറിൽ വയ്ക്കരുത്. രുചിയിലും ഘടനയിലും വ്യത്യാസം വരുമെന്നതിനാൽ ഫ്രീസറിൽ വയ്ക്കുന്നത് ഒഴിവാക്കാം. മാത്രമല്ല, ഒരിക്കലും ഫ്രിജിൽ കൂടുതൽ തണുപ്പ് ലഭിക്കുന്ന ഭാഗത്തും മുളപ്പിച്ച പയറുകൾ സൂക്ഷിക്കരുത്. 

∙കഴുകിയെടുത്ത പയറിലെ വെള്ളം പൂർണമായും നീക്കം ചെയ്യണം. കിച്ചൻ ടവൽ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുത്തതിന് ശേഷം രണ്ടോ മൂന്നോ ട്രേയിൽ നിരത്തി വെച്ച് ഉണക്കിയെടുക്കാം. സാധാരണ താപനിലയിൽ വെള്ളം മുഴുവൻ ഉണങ്ങിയതിനു ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റാം.

∙പയറുകൾ മുളപ്പിച്ചത് കൂടുതൽ ദിവസം ഇരിക്കണമെന്നുണ്ടെങ്കിൽ ശരിയായ രീതിയിൽ സൂക്ഷിക്കുക കൂടി വേണം. ഒരു വായു കടക്കാത്ത പാത്രത്തിലോ, സിപ് ലോക്ക് ബാഗിലോ ഇവ നിറയ്ക്കാം. സിപ് ലോക്ക് ബാഗിൽ നിറയ്ക്കുന്നതിനു മുൻപ് ഒരു പേപ്പർ ടവൽ കൂടി വെയ്ക്കാൻ മറക്കരുത്. ഈർപ്പമുണ്ടെങ്കിൽ അത് പേപ്പർ ടവൽ വലിച്ചെടുത്തു കൊള്ളും. ഇങ്ങനെ വെച്ചാൽ അധിക ദിവസം കേടുകൂടാതെയിരിക്കും. അതിനു ശേഷം ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. 

English Summary:

Sprouted Mung Beans Storage Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com